തിരുവനന്തപുരം: പൊലീസ് സ്റ്റേഷൻ വളപ്പിലെ വാഹനകൂമ്പാരം ഒഴിവാക്കാൻ നടപടിയുമായി സംസ്ഥാന പൊലീസ് മേധാവി. കേസിന് ആവശ്യം വരാത്ത തൊണ്ടി വാഹനങ്ങൾ മൂന്ന് മാസത്തിനുള്ളിൽ ഒഴിവാക്കാനാണ് പൊലീസ് മേധാവിയുടെ നിർദ്ദേശം.തുടരന്വേഷണത്തിന് ആവശ്യമില്ലെങ്കിൽ നിയമനടപടി സ്വീകരിച്ച് വാഹനങ്ങൾ വിട്ടുനൽകണം.

പൊലീസ് സ്റ്റേഷൻ പരിസരത്ത് സൂക്ഷിച്ചിരിക്കുന്ന പല വാഹനങ്ങളും ആവശ്യത്തിനു രേഖകളില്ലാത്തതോ കേസുകൾക്ക് ആവശ്യമില്ലാത്തതോ ആകാം. അത്തരം വാഹനങ്ങളെ പൊലീസ് നിയമമനുസരിച്ച് ഒഴിവാക്കണം. വാഹന ഉടമയ്ക്ക് നോട്ടീസ് നൽകിയാകണം തുടർനടപടി.

ഉപേക്ഷിക്കപ്പെട്ട വാഹനങ്ങൾ കണ്ടെടുക്കുമ്പോൾ ഒരുമാസത്തിനകം അവകാശികൾ എത്തിയില്ലെങ്കിൽ എസ്.എച്ച്.ഒ. ലേലനടപടികൾ സ്വീകരിക്കണം. അപകടങ്ങളിൽപ്പെടുന്ന വാഹനങ്ങൾ വെഹിക്കിൾ ഇൻസ്പെക്ടർ പരിശോധിച്ചാലുടൻ നടപടി സ്വീകരിച്ച് വിട്ടുനൽകണം. അപകടത്തിൽ ഉപയോഗിക്കാനാകാത്തതരത്തിൽ തകർന്ന വാഹനമാണെങ്കിൽ അവയെ ആക്രിയായി കണക്കാക്കി നടപടി സ്വീകരിക്കണം.

കള്ളക്കടത്ത്, മണൽക്കടത്ത് വാഹനങ്ങൾ ഒഴിവാക്കാനുള്ള നിയമപരമായ നിർദേശങ്ങളും നൽകിയിട്ടുണ്ട്. മറ്റു വകുപ്പുകൾ പിടിച്ചെടുത്ത് പൊലീസ് സ്റ്റേഷനിൽ ഹാജരാക്കുന്ന വാഹനങ്ങൾ വേണ്ട നടപടികൾ സ്വീകരിച്ചശേഷം അഞ്ചു ദിവസത്തിനുള്ളിൽ അതത് വകുപ്പുകൾക്കുതന്നെ കൈമാറണം.

ഇതിനായി എല്ലാ പൊലീസ് ജില്ലകളിലും അഡീഷണൽ എസ്‌പി.മാരെയോ ഡി.സി.പി.മാരെയോ നോഡൽ ഓഫീസർമാരായി നിയോഗിച്ചു. ഇവരെ സഹായിക്കാൻ അതത് പൊലീസ് സ്റ്റേഷനുകളിൽനിന്ന് ഓരോ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തും. ക്രൈംബ്രാഞ്ച് പിടിച്ചെടുത്ത വാഹനങ്ങളുടെ കാര്യത്തിൽ ക്രൈംബ്രാഞ്ച് ഡയറക്ടർ തീരുമാനമെടുക്കും.