തിരുവനന്തപുരം: മൊബൈൽ ആപ്ലിക്കേഷൻ വഴി ഓട്ടോറിക്ഷകളുടെ സേവനം ലഭ്യമാക്കുന്ന പദ്ധതിക്ക് സ്റ്റാർട്ടപ്പ് കമ്പനിയായ വെഹിക്കിൾഎസ്ടി.കോം തുടക്കമിട്ടു. വെഹിക്കിൾഎസ്ടി സ്മാർട്ട് ഓട്ടോ എന്നു പേരിട്ടിരിക്കുന്ന സേവനം പേട്ട ജനമൈത്രി ഓട്ടോസ്റ്റാൻഡിൽ ജില്ലാ കളക്ടർ ബിജു പ്രഭാകർ ഫ്ളാഗ്ഓഫ് ചെയ്തു. അക്ഷയകേന്ദ്രങ്ങൾ വഴി രജിസ്റ്റർ ചെയ്യുന്ന ഓട്ടോറിക്ഷകളാണ് ഈ ആപ്ലിക്കേഷനിലൂടെ സവാരിക്ക് ലഭ്യമാകുന്നത്.

സ്മാർട്ട്‌ഫോണുകൾ കൈവശമില്ലാത്തവർക്കും പൊലീസ് കൺട്രോൾ റൂമിലേക്ക് എസ്എംഎസ് അലർട്ട് നൽകി ഓട്ടോറിക്ഷകളെ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വികസിപ്പിച്ചെടുക്കാൻ സ്റ്റാർട്ടപ്പ് സംരംഭകർക്ക് കഴിഞ്ഞാൽ രാത്രിയിലും മറ്റും യാത്ര ചെയ്യേണ്ടിവരുന്ന വനിതായാത്രക്കാർ ഉൾപ്പെടെയുള്ളവർക്ക് അത് ഏറെ സൗകര്യപ്രദമായിരിക്കുമെന്ന് കളക്ടർ ബിജു പ്രഭാകർ പറഞ്ഞു. തിരുവനന്തപുരം നഗരത്തിൽ ഓടുന്ന ഒരു ലക്ഷത്തിൽപരം ഓട്ടോറിക്ഷകളെ ഈ സോഫ്റ്റ്‌വെയർ വഴി മോണിട്ടർ ചെയ്യാനായാൽ അതൊരു വൻ നേട്ടമായിരിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പോർട്ടലിന്റെ ലോഞ്ചിങ് ഐടി മിഷൻ ഡയറക്ടർ കെ.മുഹമ്മദ് വൈ.സഫറുള്ള നിർവ്വഹിച്ചു. നൂതനമായ ഈ പദ്ധതിയിലൂടെ ഓട്ടോറിക്ഷകളിൽ സുരക്ഷിതയാത്ര ഉറപ്പാക്കാനാകുന്നതിനൊപ്പം അക്ഷയ സംരംഭകർക്ക് അധികവരുമാനം കണ്ടെത്താനും കഴിയുമെന്ന് ഐടി മിഷൻ ഡയറക്ടർ കെ. മുഹമ്മദ് വൈ. സഫറുള്ള പറഞ്ഞു. സ്മാർട്ട് ഓട്ടോ സംരംഭത്തിൽ പങ്കാളികളാകാൻ താൽപര്യപ്പെടുന്ന ഓട്ടോഡ്രൈവർമാർക്കുള്ള രജിസ്‌ട്രേഷൻ ഫെബ്രുവരി 15ന് തുടങ്ങുമെന്നും അദ്ദേഹം അറിയിച്ചു.

ജനമൈത്രി ഓട്ടോറിക്ഷകളുടെ സാമൂഹ്യസേവനത്തെ ആദരിക്കുന്നതിന് വെഹിക്കിൾഎസ്ടി നൽകുന്ന പുരസ്‌കാരം അസിസ്റ്റന്റ് ട്രാൻസ്‌പോർട്ട് കമ്മീഷണർ പി.എം.ഷാജി വിതരണം ചെയ്തു. അസിസ്റ്റന്റ് ട്രാൻസ്‌പോർട്ട് കമ്മീഷണർ പി.എം.ഷാജി, ജനമൈത്രി സിആർഒയും പേട്ട എസ്‌ഐയുമായ എഫ്. അജിത് കുമാർ, അക്ഷയ നെറ്റ്‌വർക്കിങ് മാനേജർ പി.പി.ജയകുമാർ, പേട്ട കൗൺസിലർ ഡി.അനിൽകുമാർ, സെന്റ് ആന്റണീസ് പള്ളിവികാരി ഫാ. ആന്റണി ഡിക്‌സൺ, അക്ഷയ ജില്ലാ കോഓർഡിനേറ്റർ റജു ലാൽ ടോം, വെഹിക്കിൾഎസ്ടി സിഇഒ ആൽവിൻ ജോർജ് എന്നിവർ പങ്കെടുത്തു.

വെഹിക്കിൾഎസ്ടി.കോം എന്ന വെബ്‌സൈറ്റും ഇവരുടെ മൊബൈൽ ആപ്ലിക്കേഷനും വഴിയാണ് ഓട്ടോറിക്ഷകളുടെ സേവനം ലഭ്യമാകുക. ഈ ആപ്ലിക്കേഷൻ ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്ന് ഡൗൺലോഡ് ചെയ്യാം. യാത്രക്കാർക്ക് മികച്ച സേവനം ലഭ്യമാക്കുന്നതിനായി പ്രത്യേകം സജ്ജീകരിച്ച ടാബ്‌ലെറ്റുകൾ ഈ ഓട്ടോറിക്ഷകളിലുണ്ടാകും. യാത്രക്കാർക്ക് ഓട്ടോറിക്ഷ പോകുന്ന വഴി മനസ്സിലാക്കാൻ ഇതിലെ നാവിഗേഷൻ സംവിധാനം ഉപയോഗിക്കാം. ഒപ്പം യാത്രക്കിടയിൽ ഇന്റർനെറ്റ് ഉപയോഗിക്കാനുള്ള സൗകര്യവുമുണ്ടാകുമെന്ന് വെഹിക്കിൾഎസ്ടി സിഇഒ ആൽവിൻ ജോർജ് പറഞ്ഞു. ബംഗളുരുവിൽ പരീക്ഷിച്ച് വിജയിച്ച സമ്പ്രദായമാണ് ഇവർ തിരുവനന്തപുരത്തും തുടങ്ങുന്നത്. അക്ഷയകേന്ദ്രങ്ങൾ വഴി രജിസ്റ്റർ ചെയ്യുന്ന തെരഞ്ഞെടുക്കപ്പെട്ട ഓട്ടോറിക്ഷകൾ മാത്രമാണ് ഈ സേവനത്തിലൂടെ യാത്രക്കായി ലഭ്യമാക്കുക.

ഓട്ടോറിക്ഷയ്‌ക്കൊപ്പം ടാക്‌സി കാർ, ടൂറിസ്റ്റ് ബസുകൾ തുടങ്ങിയ വാഹനങ്ങളും വിമാന ടിക്കറ്റ് ബുക്കിങ്, ക്രെയ്ൻ, ബുൾഡോസർ, റിക്കവറി വാഹനങ്ങൾ, ആംബുലൻസ് പോലുള്ള അത്യാവശ്യ സേവനങ്ങളും ഈ ആപ്ലിക്കേഷൻ വഴി ഉപയോക്താക്കൾക്ക് പെട്ടെന്ന് കണ്ടെത്താനാകും. അതോടൊപ്പം വാഹനത്തിന്റെ ടയർ പഞ്ചറാകുകയോ, വാഹനം കേടാകുകയോ ചെയ്താലും ഈ ആപ്ലിക്കേഷൻ ഉപയോഗിച്ച് തൊട്ടടുത്തുള്ള സേവനദാതാവിനെ കണ്ടെത്താൻ സാധിക്കും. ഈ സൗകര്യത്തിൽ സേവനം നൽകാൻ താൽപര്യമുള്ള ഓട്ടോ ഡ്രൈവർമാർക്ക് അക്ഷയകേന്ദ്രങ്ങൾ വഴി വാഹനത്തിന്റെ രജിസ്‌ട്രേഷൻ വിവരങ്ങളും ഡ്രൈവറുടെ മൊബൈൽ നമ്പറും നല്കി രജിസ്റ്റർ ചെയ്യാവുന്നതുമാണ്.

അടുത്ത ആറുമാസത്തിനുള്ളിൽ ആയിരം ഓട്ടോറിക്ഷകളെ ഈ ഇടത്തിൽ കൊണ്ടുവരികയാണ് വെഹിക്കിൾഎസ്ടിയുടെ ലക്ഷ്യം. തുടക്കമെന്ന നിലയിൽ റീജ്യണൽ കാൻസർ സെന്ററിലേക്കു വരുന്ന രോഗികൾക്കായി സൗജന്യ സവാരി ലഭ്യമാക്കുമെന്ന് ആൽവിൻ ജോർജ് പറഞ്ഞു.