- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആരുടേയും മുമ്പിൽ കൈനീട്ടുകയില്ല; രണ്ടു കണ്ണിനും കാഴ്ചയില്ലെങ്കിലും തെങ്ങുകയറും; എന്തു ജോലിയും ചെയ്യും; പ്രായം എഴുപത്തിരണ്ടായിട്ടും അദ്ധ്വാനത്തിന് കുറവില്ല; ആരോടും പരിഭവമില്ലാത്ത വേലായുധനെ അറിയാം
പാലക്കാട്: പൂർണമായി കാഴ്ചയില്ലാത്ത ഒരാളെക്കൊണ്ട് എന്തൊക്കെ ചെയ്യാനാവും.. അതു 72 വയസുള്ള വയോധികനാണെങ്കിലോ...ഏതു തെങ്ങിലും പനയിലും കയറി ഉപജീവനം നടത്തുന്ന 72 കാരനായ അന്ധനുണ്ടെന്നു പറഞ്ഞാൽ ആരും വിശ്വസിക്കില്ല. അതാണു വേലായുധൻ. തെങ്ങുകയറ്റം മാത്രമല്ല, ഈ വയോധികനെക്കൊണ്ടു സാധിക്കുന്നത്. ആവശ്യക്കാർക്കുവേണ്ടി കറന്റ് ചാർജ് അടയ്ക്കാനും സാധന
പാലക്കാട്: പൂർണമായി കാഴ്ചയില്ലാത്ത ഒരാളെക്കൊണ്ട് എന്തൊക്കെ ചെയ്യാനാവും.. അതു 72 വയസുള്ള വയോധികനാണെങ്കിലോ...ഏതു തെങ്ങിലും പനയിലും കയറി ഉപജീവനം നടത്തുന്ന 72 കാരനായ അന്ധനുണ്ടെന്നു പറഞ്ഞാൽ ആരും വിശ്വസിക്കില്ല. അതാണു വേലായുധൻ.
തെങ്ങുകയറ്റം മാത്രമല്ല, ഈ വയോധികനെക്കൊണ്ടു സാധിക്കുന്നത്. ആവശ്യക്കാർക്കുവേണ്ടി കറന്റ് ചാർജ് അടയ്ക്കാനും സാധനങ്ങൾ വാങ്ങാനും പാലക്കാടുനഗരത്തിലെ തിരക്കിനിടയിലും ചുളിവ് പറ്റാത്ത വെളുത്ത ഷർട്ടും മുണ്ടും ധരിച്ച് അനായാസം സഞ്ചരിക്കുന്ന വേലായുധനെ കണ്ടാൽ പൂർണമായി കാഴ്ചയില്ലാത്തയാളാണെന്ന് ആരും പറയില്ല.
ഇരുകണ്ണുകളുടേയും കാഴ്ചശക്തി ചെറുപ്പത്തിലേ നഷ്ടപ്പെട്ട വേലായുധൻ, ചില കാര്യങ്ങളിൽ കണ്ണുള്ളവരെപ്പോലും തോൽപ്പിക്കും. പാലപ്പുറം 19-ാം മൈലിൽ പൂഴിയൻപാറയ്ക്കൽ വീട്ടിലെ വേലായുധന് ഇപ്പോൾ പ്രായം എഴുപത്തി രണ്ടുകഴിഞ്ഞു. എങ്കിലും വാർദ്ധ്യകത്തിന്റെ അവശതകൾ അവഗണിച്ച് ജീവിക്കാനായി വേലായുധൻ ഇന്നും തെങ്ങുകയറും. കൂടെ വേറേയും തൊഴിലുകളുണ്ട്. പതിമൂന്നാം വയസ്സിൽ തുടങ്ങിയതാണ് തെങ്ങുകയറ്റം. പ്രായാധിക്യം മാനിച്ച് പലർക്കും ഇപ്പോൾ വേലായുധനെ വിളിക്കാൻ മടിയാണ്. എന്തെങ്കിലും സംഭവിച്ചാലോ എന്ന ഭയം. എന്നാൽ ഇന്നും വേലായുധനെ കാത്തിരിക്കുന്ന തെങ്ങും തെങ്ങുവീട്ടുകാരുമുണ്ട്.
പ്രായമേറെയായി തെങ്ങുകയറ്റം കുറഞ്ഞു എന്നു കരുതി ജീവിക്കാനായി ബസ്സിൽ പാട്ടു പാടാനോ, ഭിക്ഷ യാചിക്കാനോ വേലായുധൻ ഇന്നുവരെ തയാറായിട്ടില്ല. പരിസരവാസികളുടെ വൈദ്യുതി, വെള്ളം തുടങ്ങിയവയുടെ ബില്ലടച്ചും കടകളിൽ പോയി സാധനങ്ങൾ വാങ്ങിക്കൊടുത്തും വേലായുധൻ ജീവിക്കുന്നു. നഗരത്തിരക്കിലൂടെ അനായാസം നടന്നു പോകുന്ന വേലായുധൻ അന്ധനാണെന്ന് ആരും പറയില്ല. അദ്ധ്വാനത്തിന്റെ മഹത്വത്തെപ്പറ്റി പറയുമ്പോൾ വേലായുധന്റെ വാക്കുകളിൽ ജീവിതം നൽകിയ ക്രൂരതയുടെ തേങ്ങലുകളുണ്ട്.
ഭൂമിയുടെയും ആകാശത്തിന്റെയും ഒക്കെ സ്പർശനങ്ങളും ശബ്ദങ്ങളുമല്ലാതെ വർണ്ണങ്ങളോ ദൃശ്യങ്ങളോ വേലായുധൻ കണ്ടിട്ടില്ല. ഒന്നര വയസുള്ളപ്പോൾ ഒരു ചെറിയ തലവേദന വന്നതോടെ കണ്ണുകളിലെ കാഴ്ച പോയി. ആ സമയത്തു തന്നെ ഇടതു കണ്ണ് നീക്കം ചെയ്തു. പിന്നെ കാഴ്ചയില്ലാത്ത വലതു കണ്ണായിരുന്നു ബാക്കി. വർഷങ്ങൾക്കു മുമ്പ് കണ്ണിൽ പഴുപ്പ് ബാധിച്ചതോടെ അതും നീക്കം ചെയ്തു.
വേലായുധന്റെ എട്ടാം വയസ്സിൽ അമ്മ മരിച്ചതാണ്. ചെറുപ്പം മുതലേ ജോലികൾ ചെയ്തു ശീലിക്കാൻ തുടങ്ങി. പതിമൂന്നാം വയസ്സിൽ പന കയറ്റം തൊഴിലാക്കി. പുലർച്ചെ അഞ്ചിനു ജോലി ആരംഭിച്ചാൽ ഉച്ചയ്ക്ക് പന്ത്രണ്ടു മണിയാകുമ്പോഴേക്കും നൂറിലേറെ കരിമ്പനകൾ കയറിയിരിക്കും. പിന്നീട് അതു തെങ്ങായി മാറി. അന്ധത തനിക്ക് ജോലികൾ ചെയ്യാൻ തടസ്സമായിട്ടില്ലെന്ന് വേലായുധൻ പറയും. ഏതു തിരക്കിലൂടെയും ഉൾക്കാഴ്ചയോടെ സഞ്ചരിക്കുന്നതുപോലെ ജോലികളും ചെയ്യാൻ കഴിയുമെന്നാണ് വേലായുധന്റെ പക്ഷം. തെങ്ങു കയറ്റം തൊഴിലാക്കി ജീവിക്കുമ്പോഴും ഒരിക്കൽമാത്രമേ കാലിടറിയിട്ടുള്ളൂ. അന്നു തെങ്ങിൽ നിന്നു വീണതിനെ തുടർന്ന് പത്തു ദിവസം സർക്കാർ ആശുപത്രിയിൽ കിടന്നതൊഴിച്ചാൽ വേറെ പ്രശ്‌നങ്ങളൊന്നുമുണ്ടായിട്ടില്ല.
ഇരുപത്തിയേഴുവർഷം മുമ്പാണ് വേലായുധൻ വിവാഹം കഴിച്ചത്. വിവാഹം കഴിക്കുമ്പോൾ ഭാര്യ ലീലയ്ക്ക് നേരിയ കാഴ്ച ഉണ്ടായിരുന്നെങ്കിലും പിന്നീട് അത് നഷ്ടപ്പെട്ടു. ഭാര്യയും മകനും ചെർപ്പുളശേരിയിലെ ഭാര്യവീട്ടിലാണ് താമസം. ഒറ്റപ്പാലത്തെ വീട്ടിൽ തനിച്ചുതാമസിക്കുന്ന വേലായുധൻ തേങ്ങ പൊളിക്കുന്ന തൊഴിലും ചെയ്യുന്നുണ്ട്. ആരെങ്കിലും എന്തെങ്കിലും സൗജന്യമായി നൽകിയാലും ജോലി ചെയ്തു കടം വീട്ടും.
കണ്ണുകളില്ലാതിരുന്നിട്ടും കണ്ണിന്റെ ഭാഗത്തുകൊടിയ വേദന അനുഭവിക്കുകയാണ് വേലായുധൻ. ചികിത്സിക്കാൻ പണമില്ലാത്തതുകൊണ്ട് വേദന അടക്കി കഴിയുന്ന ഈ ഹതഭാഗ്യന് സർക്കാരിൽനിന്നോ മറ്റോ പ്രത്യേകിച്ച് ഒരു ആനുകൂല്യവും ഇതുവരെ ലഭിച്ചിട്ടില്ല. എന്നും ജോലി ചെയ്യാനുള്ള ആരോഗ്യം ഉണ്ടാകണേയെന്നും മരിക്കുന്നതു പോലും ജോലി ചെയ്തുകൊണ്ടിരിക്കുമ്പോഴായിരിക്കണേ എന്നുമാണ് വേലായുധന്റെ ഇപ്പോഴത്തെ ആഗ്രഹം.