കുവൈത്ത്: ലോക രാഷ്ട്രങ്ങൾക്ക് മുന്നിൽ ഇന്ത്യയുടെ യശസ് തകർക്കുന്ന രൂപത്തിൽ അധികാര ദണ്ട് ഉപയോഗിച്ച് ഇന്ത്യയിലെ പ്രമുഖ സർവ്വകലാ ശാലകളെ കലാപ ഭൂമികളാക്കി മാറ്റാനുള്ള ശ്രമങ്ങളിൽ നിന്നും സംഘപരിവാർ ശക്തികൾ പിന്മാറണമെന്ന് ഐ.എസ്.എം മുൻ ജനറൽ സെക്രട്ടറി ഇസ്മയിൽ കരിയാട് പറഞ്ഞു. ഫർവാനിയയിലെ ആനന്ദ് ഭവൻ റസ്റ്റോറന്റിൽ ഇന്ത്യൻ ഇസ്‌ലാഹി സെന്റർ സംഘടിപ്പിച്ച വെളിച്ചം സംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേവലം 31 ശതമാനം വോട്ട് വാങ്ങി അധികാരത്തിൽ എത്തിയപ്പോഴേക്കും ഇന്ത്യയിലെ നൂറ് കോടി മനുഷ്യർ തങ്ങൾ പറയുന്ന പോലെ ചിന്തിക്കുകയൂള്ളൂ എന്ന ചിന്ത തികഞ്ഞ ധിക്കാരമാണ്. ചിന്താപരമായ വൈജാത്യമാണ് ഇന്ത്യയുടെ പാരമ്പര്യം. അഭിപ്രായ സ്വാതന്ത്രത്തിന് കൂച്ചുവിലങ്ങിടുന്നത് പരിഷ്‌കൃത സമൂഹത്തിന് അനുയോജ്യമല്ല. തങ്ങൾക്കെതിരെ ശബ്ദിക്കുന്നവരെയെല്ലാം രാജ്യദ്രോഹികളാണ് എന്ന് വരുത്തി തീർക്കാൻ ശ്രമിക്കുന്നത് അഭിപ്രായ വ്യത്യാസം മൗലികാവകാശമായി പ്രഖ്യാപിച്ച ഇന്ത്യൻ ഭരണ ഘടനയോടുള്ള വെല്ലുവിളിയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ഐ.ഐ.സി പ്രസിഡന്റ് എം ടി മുഹമ്മദ് അധ്യക്ഷത വഹിച്ചു. ചെയർമാൻ ഇബ്രാഹിം കുട്ടി സലഫി, ജനറൽ സെക്രട്ടറി എഞ്ചി. അൻവർ സാദത്ത്, വെളിച്ചം സെക്രട്ടറി മനാഫ് മാത്തോട്ടം, ഡോ. അബ്ദറഹ്മാന്, ഹാരിസ് മങ്കട, സലീഹ ശുഐബ് എന്നിവർ സംസാരിച്ചു. എച്ച്.പി അബ്ദുൽ ഗഫൂർ ഖിറാഅത്ത് നടത്തി. വെളിച്ചം പുതിയ മോഡ്യൂളായ 19 ന്റെ ഡോക്യുമെന്ററി പരിപാടിക്ക് മിഴിവേകി.