വയനാട്: വെള്ളമുണ്ടയെ ഞെട്ടിച്ച നവദമ്പതികളുടെ കൊലപാതകത്തിൽ പ്രതി കുറ്റക്കാരനെന്ന് കോടതി.കോഴിക്കോട് സ്വദേശി വിശ്വനാഥന്റെ ശിക്ഷ തിങ്കളാഴ്‌ച്ച കോടതി വിധിക്കും.2018 ജൂലായ് ആറിനായിരുന്നു കേസിനാസ്പദമായ ഇരട്ടക്കൊലപാതകം നടന്നത്. നവദമ്പതിമാരായിരുന്ന വെള്ളമുണ്ട കണ്ടത്തുവയൽ പൂരിഞ്ഞിയിൽ വാഴയിൽ ഉമ്മർ (26), ഭാര്യ ഫാത്തിമ (19) എന്നിവരെയാണ് കിടപ്പുമുറിയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.

രണ്ടുമാസത്തെ അന്വേഷണത്തിനൊടുവിൽ സെപ്റ്റംബറിൽ കോഴിക്കോട് തൊട്ടിൽപ്പാലം കാവിലുംപാറ പഞ്ചായത്തിലെ മരുതോറയിൽ കലങ്ങോട്ടുമ്മൽ വിശ്വനാഥനെ (45) പൊലീസ് അറസ്റ്റുചെയ്തു.മോഷണം ചെറുത്തപ്പോഴാണ് വിശ്വനാഥൻ ദമ്പതിമാരെ അടിച്ചുകൊലപ്പെടുത്തിയത്.വീട്ടിൽ ഒളിഞ്ഞു നോട്ടവും മോഷണവും പതിവാക്കിയ ആളാണു പ്രതിയെന്നും പൊലീസ് പറഞ്ഞു.

ഉമ്മറും ഫാത്തിമയും വിവാഹിതരായിട്ട് മൂന്ന് മാസമേ ആയിരുന്നുള്ളൂ. വെള്ളമുണ്ട-കുറ്റ്യാടി റോഡരികിലെ ഓടിട്ട പഴയവീട്ടിലായിരുന്നു ഇരുവരും താമസിച്ചിരുന്നത്.2018 ജൂലായ് ആറ് വെള്ളിയാഴ്ച, പതിവുപോലെ മകനും മരുമകളും താമസിക്കുന്ന വീട്ടിലെത്തിയതായിരുന്നു ഉമ്മ ആയിഷ. പക്ഷേ, പതിവിലും വിപരീതമായിരുന്നു അന്ന് ആ വീട്ടിലെ കാഴ്ചകൾ. വീടിന്റെ പിറകിലെ വാതിൽ തുറന്നുകിടക്കുന്നത് കണ്ടാണ് ആയിഷ വീടനകത്തേക്ക് കയറിയത്. എന്നാൽ ചോരയിൽ കുളിച്ചുകിടക്കുന്ന മകൻ ഉമ്മറിന്റെയും മരുമകൾ ഫാത്തിമയുടെയും മൃതദേഹങ്ങൾ കണ്ട് അവർ വാവിട്ടുകരഞ്ഞു.

രാത്രി വൈകിയും വാഹനങ്ങൾ സഞ്ചരിക്കുന്ന പ്രധാന റോഡരികിൽനിന്ന് ഏതാനും മീറ്ററുകൾ അകലെ മാത്രമായിരുന്നു ഈ വീട്. എന്നാൽ അന്ന് രാത്രി ആ വീട്ടിൽ നടന്ന അരുംകൊല മണിക്കൂറുകൾ കഴിഞ്ഞാണ് പുറംലോകമറിഞ്ഞത്.വീട്ടിലും പരിസരത്തും മുളകുപൊടി വിതറിയനിലയിലുമായിരുന്നു. ഫാത്തിമ അണിഞ്ഞിരുന്ന ആഭരണങ്ങളടക്കം എട്ടുപവൻ സ്വർണവും മൊബൈൽഫോണും വീട്ടിൽനിന്ന് നഷ്ടപ്പെട്ടതായി അന്നുതന്നെ പൊലീസ് കണ്ടെത്തിയിരുന്നു.

മോഷണശ്രമമാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് തുടക്കത്തിലേ സംശയിച്ചിരുന്നെങ്കിലും ആദ്യഘട്ടത്തിൽ ഇക്കാര്യം സ്ഥിരീകരിക്കാനായിരുന്നില്ല. വീട്ടിലെ ആഭരണങ്ങളും പണവും മുഴുവനും നഷ്ടപ്പെടാതിരുന്നതാണ് പൊലീസിനെ കുഴക്കിയത്. ആദ്യ ആഴ്ചകളിൽ കേസിൽ ഒരു തുമ്പും കിട്ടാതെ പൊലീസ് അലഞ്ഞു. ഇതോടെ നാട്ടിൽ പലവിധ അഭ്യൂഹങ്ങളും ഉയർന്നു.എന്നാൽ സംഭവത്തിന്റെ എല്ലാവശങ്ങളും പരിശോധിച്ച പൊലീസ്, മോഷണശ്രമം തന്നെയാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് ഉറപ്പിച്ചു. പ്രതി ആര് എന്നത് മാത്രമായിരുന്നു അടുത്ത ചോദ്യം.

ഇരട്ടക്കൊലയുമായി ബന്ധപ്പെട്ട് 700-ഓളം പേരെയാണ് പൊലീസ് നിരീക്ഷിച്ചത്. കേരളത്തിലും കർണാടകയിലും തമിഴ്‌നാട്ടിലും സമാനകേസുകളിൽ പ്രതികളായവരും ജയിലുകളിൽനിന്ന് സമീപകാലത്ത് പുറത്തിറങ്ങിയവരും ഈ പട്ടികയിലുണ്ടായിരുന്നു.അങ്ങിനെയാണ് കേസിലെ പ്രതിയായ വിശ്വനാഥനും ഈ പട്ടികയിൽ ഉൾപ്പെടുന്നത്.കുറ്റ്യാടി, തൊട്ടിൽപ്പാലം, ചൊക്ലി തുടങ്ങിയ പൊലീസ് സ്റ്റേഷനുകളിൽ മോഷണക്കേസുകളിൽ പ്രതിയായിരുന്നു വിശ്വനാഥൻ.

മോഷണവും വീടുകളിൽ ഒളിഞ്ഞുനോട്ടവും പതിവാക്കിയ ഇയാൾ, വെള്ളമുണ്ട, മാനന്തവാടി ഭാഗങ്ങളിൽ ലോട്ടറി കച്ചവടം ചെയ്തിരുന്നതായും പൊലീസ് മനസിലാക്കി. ഇതിനിടെയാണ് വിശ്വനാഥനെക്കുറിച്ചുള്ള മറ്റുചില നിർണായക വിവരങ്ങളും പൊലീസിന് ലഭിച്ചത്. വിശ്വനാഥൻ അടുത്തിടെ സാമ്പത്തിക ബാധ്യതകളെല്ലാം തീർത്തതായി പൊലീസിന് വിവരം ലഭിച്ചിരുന്നു.

എങ്കിലും ഇതൊന്നുമായിരുന്നില്ല നിർണ്ണയക സൂചന.മോഷണംപോയ മൊബൈൽ ഫോൺ വിശ്വനാഥന്റെ വീട്ടിൽനിന്ന് അബദ്ധത്തിൽ ഓൺ ചെയ്തതും അന്വേഷണത്തിൽ നിർണായകമായി. ഇതോടെ വിശ്വനാഥനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മാനന്തവാടി ഡിവൈ.എസ്‌പി. കെ.എം. ദേവസ്യയുടെ നേതൃത്വത്തിൽ രൂപവത്കരിച്ച പ്രത്യേക അന്വേഷണസംഘമാണ് തൊട്ടിൽപ്പാലം ദേവർകോവിലിൽനിന്ന് പ്രതിയെ പിടികൂടിയത്.ചോദ്യംചെയ്യലിൽ നവദമ്പതിമാരെ കൊലപ്പെടുത്തിയത് താനാണെന്ന് പ്രതി സമ്മതിക്കുകയും ചെയ്തു.

സംഭവദിവസം വിശ്വനാഥൻ പന്ത്രണ്ടാം മൈലിലാണ് ബസ്സിറങ്ങിയത്. ഇവിടെയുള്ള വീട്ടിൽ ലൈറ്റുകണ്ട് കയറിയപ്പോൾ വാതിൽ അടച്ചിട്ടില്ലെന്ന് മനസ്സിലായി. തുടർന്ന് ഉറങ്ങിക്കിടക്കുകയായിരുന്ന ഫാത്തിമയുടെ മാല പൊട്ടിക്കാൻ ശ്രമിച്ചു.ശബ്ദംകേട്ടുണർന്ന ഉമ്മറിനെയും ഫാത്തിമയെയും കൈയിൽ കരുതിയിരുന്ന കമ്പിവടികൊണ്ട് അടിച്ചുവീഴ്‌ത്തി. തലയിൽ പിടിച്ചമർത്തി മരണം ഉറപ്പാക്കിയശേഷം ഫാത്തിമയുടെ ശരീരത്തിലുണ്ടായിരുന്ന ആഭരണങ്ങളെടുത്ത് വീട്ടിലും പരിസരങ്ങളിലും മുളകുപൊടിവിതറി രക്ഷപ്പെടുകയായിരുന്നുവെന്ന് വിശ്വനാഥൻ പൊലീസിനോട് പറഞ്ഞു.

ആഭരണങ്ങൾ കുറ്റ്യാടിയിലെ സേട്ടുവിന്റെ കടയിൽ വിറ്റതായി പൊലീസ് കണ്ടെത്തി. കൊല്ലാനുപയോഗിച്ച കമ്പിവടിയും തെളിവെടുപ്പിനിടെ ലഭിച്ചു.മൊബൈൽ ഫോൺ വിശ്വനാഥന്റെ വീട്ടിൽനിന്നും ആഭരണങ്ങൾ കുറ്റ്യാടിയിലെ ജൂവലറിയിൽനിന്നും കണ്ടെടുത്തു. കുറ്റപത്രം സമർപ്പിച്ച് 2020 നവംബറിലാണ് ജില്ലാ സെഷൻസ് കോടതിയിൽ കേസിന്റെ വിചാരണ തുടങ്ങിയത്. കേസിൽ 72 സാക്ഷികളാണുണ്ടായിരുന്നത്. ഇതിൽ 45 പേരെയാണ് വിസ്താരത്തിനായി തിരഞ്ഞെടുത്തത്.

ഒടുവിൽ 2022 ഫെബ്രുവരി രണ്ടാംവാരത്തോടെ കേസിൽ വാദം പൂർത്തിയായി. 2022 ഫെബ്രുവരി 19-ന് പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തുകയും ചെയ്തു. കേസിലെ ശിക്ഷാവിധി ഫെബ്രുവരി 21 തിങ്കളാഴ്ച പ്രഖ്യാപിക്കും. പ്രതിക്കുവേണ്ടി ഷൈജു മാണിശ്ശേരിയും പബ്ലിക് പ്രോസിക്യൂട്ടറായി ജോസഫ് മാത്യുവുമാണ് കേസിൽ ഹാജരായത്.