ആലപ്പുഴ: മകൻ തുഷാറിന് അന്ത്യശാസനം നൽകി വെള്ളാപ്പള്ളി നടേശൻ. വനിതാ മതിലിനോട് സഹകരിക്കാൻ തയാറാകുന്നില്ലെങ്കിൽ തുഷാർ വെള്ളാപ്പള്ളി എസ്എൻഡിപിയുടെ പടിക്ക് പുറത്തായിരിക്കുമെന്ന് ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. ആലപ്പുഴയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഹൈന്ദവ സംഘടനകൾക്ക് ഒപ്പം ഇതര മതസംഘടനകളെയും നവോഥാന കൂട്ടായ്മയിലേക്ക് സ്വാഗതം ചെയ്യുന്നു. അതേസമയം എല്ലാ സമുദായങ്ങൾക്കും ഈ സർക്കാരിൽ നിന്ന് തുല്യനീതിയല്ല ലഭിക്കുന്നതെന്ന അഭിപ്രായത്തിൽ ഉറച്ചുനിൽക്കുന്നതായും വെള്ളാപ്പള്ളി.

ബിഡിജഐസ് വനിതാ മതിലുമായി സഹകരിക്കുമോ എന്ന് അവരോട് ചോദിക്കണം. എസ്എൻഡിപി യോഗത്തിന്റെ വൈസ് പ്രസിഡന്റ എന്ന നിലയിലാണ് തുഷാർ വെള്ളാപ്പള്ളി യോഗത്തിൽ പങ്കെടുത്തത്. വനിതാ മതിലിനെതിരേ ബിഡിജെഎസ് ഇതുവരെ ഒന്നും പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

എൻഎസ്എസിനെതിരേയും രൂക്ഷ വിമർശനമാണ് വെള്ളാപ്പള്ളി നടത്തിയത്. ആണത്തവും മാന്യതയും ഉണ്ടായിരുന്നെങ്കിൽ മുഖ്യമന്ത്രി വിളിച്ച യോഗത്തിൽ എൻഎസ്എസ് പങ്കെടുക്കണമായിരുന്നു. യോഗത്തിൽ പങ്കെടുക്കാതെ വീട്ടിൽ കയറിയിരുന്ന് അഭിപ്രായം പറഞ്ഞിട്ട് കാര്യമില്ല. ഒരു മുന്നോക്ക സമുദായ നേതാവ് പറഞ്ഞതുകൊണ്ട് മാത്രം മുന്നോക്ക സമുദായ അംഗങ്ങൾ വനിതാ മതിലിൽ പങ്കെടുക്കാതിരിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എസ്എൻഡിപിയുടെ എല്ലാ തലത്തിലുള്ള പ്രവർത്തകരും യോഗത്തിന്റെ കീഴിലുള്ള സ്‌കൂൾ, കോളജ് എന്നിവയിൽ നിന്നുള്ളവരും വനിതാ മതിലിന്റെ ഭാഗമാകും. രാഷ്ട്രീയ ഭേദമന്യേ എല്ലാവരും വനിതാ മതിലിന്റെ ഭാഗമാകണമെന്നാണ് തന്റെ അഭിപ്രായമെന്നും അദ്ദേഹം പറഞ്ഞു.

എസ്എൻഡിപി യോഗം ആരുടേയും തടവറയിൽ അല്ല. മൈക്രോ ഫിനാൻസ് കേസിനെ ഇതുമായി കൂട്ടിക്കെട്ടേണ്ട. സർക്കാരിനു പ്രശ്‌നാധിഷ്ടിത പിന്തുണ നൽകും. സർക്കാർ നല്ലതു ചെയ്താൽ പിന്തുണയ്ക്കും. മറിച്ചായാൽ എതിർക്കും. പ്രതിപക്ഷം ബഹിഷ്‌കരിച്ച നടപടി ശരിയായില്ല. നവോത്ഥാന പ്രസ്ഥാനങ്ങളിൽ മുൻ നിരയിൽ നിൽക്കുന്ന എസ്എൻഡിപി യോഗം വനിതാ മതിലിൽ നിന്നു മാറി നിന്നാൽ ചരിത്രം ഞങ്ങളെ മണ്ടന്മാരെന്നു വിളിക്കും.

കേന്ദ്രസർക്കാരിൽ നിന്നു ഗുണത്തിനും ദോഷത്തിനും എസ്എൻഡിപി പോയിട്ടില്ല. കേന്ദ്ര സർവകലാശാലയ്ക്ക് ഗുരുവിന്റെ പേരിടണമെന്ന ഒരാവശ്യം മാത്രമേ ഉന്നയിച്ചിരുന്നുള്ളു. അതു സാധിക്കാത്തതിൽ ദുഃഖമുണ്ട്. അഞ്ചു സംസ്ഥാനങ്ങളിലെ ഫലം ബിജെപിക്കു വലിയ തിരിച്ചടിയാണ്. കോൺഗ്രസിന് ഉണർവുണ്ടായിട്ടുണ്ടെന്നും പറഞ്ഞു.

എസ്.എൻ.ഡി.പി യോഗം സർക്കാരിനൊപ്പമല്ല, വിശ്വാസികൾക്കൊപ്പമെന്നു വെള്ളാപ്പള്ളി നടേശൻ തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നു തുഷാർ വെള്ളാപ്പള്ളി നേരത്തെ വ്യക്തമാക്കിയിരുന്നു. നവോത്ഥാനം മുൻ നിർത്തി സർക്കാർ നടത്തുന്ന പരിപാടിയായതുകൊണ്ടാണ് വനിതാമതിലിന്റെ ഭാഗമാകുന്നത്.

ശബരിമല വിഷയം, കെ.സുരേന്ദ്രന്റെ അറസ്റ്റ് എന്നിവയുൾപ്പെടെയുള്ള വിഷയങ്ങൾ മുൻ നിർത്തി ബിജെപി തിരുവനന്തപുരത്ത് സെക്രട്ടേറിയേറ്റിന് മുന്നിൽ നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരപന്തലിലെത്തിയായിരുന്നു തുഷാറിന്റെ പ്രതികരണം. എന്നാൽ ഇപ്പോഴത്തെ ഇരുവരുടെയും നിലപാട് പുറത്തുവരുന്നതിന് അനുസരിച്ച് ഇരുവരും തുറന്ന പോരിലേക്ക് കടുക്കുമെന്നാണ് സൂചന.

ശബരിമല വിഷയത്തിലും ഇരുവരും രണ്ടു തട്ടിലായിരുന്നു. ഇതോടെ അസ്വാരസ്യങ്ങൾ തലപൊക്കുമെന്നാണ് പ്രവർത്തകരടമുള്ളവർ വിക്ഷീക്കുന്നത്. വിശ്വാസികളെ തെരുവിലിറക്കിയുള്ള പ്രതിഷേധങ്ങളെ തള്ളിയും തന്ത്രികുടുംബങ്ങളുടെയും പന്തളം കൊട്ടാരത്തിന്റെയും നിലപാടുകളെ വിമർശിച്ചും വെള്ളാപ്പള്ളി നടേശൻ വിധി വന്നതിന് ശേഷം പ്രതികരിച്ചത്.

എന്നാൽ ഇതിനെ തള്ളി തഷാറും രംഗത്തെത്തിയരുന്നു. സംസ്ഥാന സർക്കാർ സമൂഹത്തിലെ ഭൂരിഭാഗം വരുന്ന ജനവികാരം മനസിലാക്കണമെന്നും കേന്ദ്ര സർക്കാരുമായി ചർച്ച നടത്തി ഈ വിഷയത്തിൽ തീരുമാനമെടുക്കമെന്നും തുഷാർ ആവശ്യപ്പെട്ടു.ശബരിമലവിഷയത്തിലെ കോടതിവിധി നിർഭാഗ്യകരമായിപ്പോയെന്നും കൂടിയാലോചനയില്ലാത്ത സമരത്തിൽ ബിഡിജെസ് പങ്കെടുക്കില്ലെന്നുമാണ് വെള്ളാപ്പള്ളി നടേശൻ പറഞ്ഞതെന്ന് തുഷാർ വെള്ളാപ്പള്ളി പറഞ്ഞിരുന്നു.