ആലപ്പുഴ: മതപരിവർത്തനം മുസ്ലിംങ്ങളേക്കാൾ കൂടുതൽ നടത്തുന്ന ക്രൈസ്തവ മിഷിണറിമാരാണെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ചില ക്രിസ്ത്യൻ വിഭാഗങ്ങൾ മതംമാറ്റം നടത്തുന്നുണ്ടെന്ന് വെള്ളാപ്പള്ളി പറഞ്ഞു. ക്രിസ്ത്യൻ മിഷണറിമാരാണ് രാജ്യത്ത് ഏറ്റവും കൂടുതൽ മതംമാറ്റം നടത്തുന്നത്. മുസ്ലീങ്ങളെക്കാൾ കൂടുതൽ ക്രിസ്ത്യാനികളാണ് മതംമാറ്റിക്കുന്നത്. എന്നാൽ എല്ലാ ക്രിസ്ത്യൻ വിഭാഗങ്ങളും ഇത് പ്രോത്സാഹിപ്പിക്കുന്നില്ല. സത്യം തുറന്നു പറയുമ്പോൾ വർഗീയവാദി ആക്കുകയാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. ഇസ്രയേലിൽ മരിച്ച സൗമ്യ ഈഴവ സമുദായത്തിൽപ്പെട്ട സ്ത്രീയായിരുന്നു. എന്നാൽ സംസ്‌കാരം നടന്നത് പള്ളിയിൽ വച്ചാണ്.

ദീപികയുടെ തലപ്പത്തിരുന്ന് ഫാദർ റോയി കണ്ണൻചിറ പറഞ്ഞത് സംസ്‌ക്കാരത്തിന് നിരക്കാത്തതാണ്. സീനിയറായ വൈദികന്റെ ഭാഗത്ത് നിന്നുമാണ് ഈഴവർക്കെതിരെ പരാമർശം ഉണ്ടായത്. വൈദികപട്ടം കിട്ടുന്നത് ആരെക്കുറിച്ചും എന്തും പറയാനുള്ള ലൈസൻസ് അല്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. പാലാ ബിഷപ്പിന്റെ നാർക്കോട്ടിക്ക് ജിഹാദ് പ്രസ്താവനയെയും വെള്ളാപ്പള്ളി തള്ളി. മയക്കുമരുന്നിന്റെ പേരിൽ ഒരു വിശുദ്ധ യുദ്ധവും നടക്കുന്നില്ല. നാട്ടിലെ സ്‌കൂൾ കോളേജ് പരിസരങ്ങളിൽ എല്ലാം മയക്കുമരുന്ന് വിൽപ്പന നടക്കുന്നുണ്ട്. മുസ്ലിം സമുദായത്തെ മാത്രം അതിന്റെ പേരിൽ കുറ്റം പറഞ്ഞത് ശരിയല്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.

ന്യൂനപക്ഷം എന്ന് പറഞ്ഞു കൊണ്ട് രാജ്യത്തിന്റെ ഖജനാവ് മുഴുവൻ ചോർത്തുകയാണ്. സംഘടിത വോട്ട് ബാങ്കായി നിലകൊണ്ട് അധികാര രാഷ്ട്രീയത്തിൽ പ്രവേശിച്ച് അർഹതപ്പെട്ടതും അതിൽ കൂടുതലും ഈ വിഭാഗക്കാർ വാരി കൊണ്ടു പോവുകയാണ്. മറ്റ് പിന്നാക്ക, പട്ടികജാതി-വർഗ സമുദായത്തിന് എന്ത് നീതി കൊടുത്തെന്ന് പരിശോധിക്കട്ടെ എന്നും വെള്ളാപ്പള്ളി പറഞ്ഞു. സംഘടിത വോട്ട് ബാങ്കിന് മുന്നിൽ മുഴുവൻ രാഷ്ട്രീയ പാർട്ടികളും സാഷ്ടാംഗം പ്രണാമം ചെയ്യുകയാണ്. ജനാധിപത്യത്തിൽ വോട്ടിനാണ് പ്രാധാന്യം. ന്യൂനപക്ഷ വിഭാഗം ദേശീയ രാഷ്ട്രീയ പാർട്ടികളെയും മുൾമുനയിൽ നിർത്തുന്നുണ്ടെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.

ഒരു വിഭാഗം പന പോലെ വളരുമ്പോൾ ഇവിടെ ഭൂരിപക്ഷ സമുദായത്തിലെ പട്ടികജാതി, വർഗ, പിന്നാക്ക വിഭാഗങ്ങൾ കറുക പോലെ കിടക്കുകയാണ്. അരിയും തിന്ന് ആശാരിച്ചിയെയും കടിച്ച് പിന്നെ കുരക്കുന്ന സ്ഥിതിയാണ്. മയക്കുമരുന്നിന്റെ പേര് പറഞ്ഞ് മുസ് ലിം സമുദായത്തെ മാത്രം കുറ്റം പറഞ്ഞത് ശരിയായില്ല. മയക്കുമരുന്നിന്റെ പേരിൽ ഒരു വിശുദ്ധ യുദ്ധവും നടക്കുന്നില്ല. സ്‌കൂൾ, കോളജ് പരിസരങ്ങളിൽ മയക്കുമരുന്ന് വിൽപയുണ്ട്. വൈദികപട്ടം എന്തു പറയാനുള്ള ലൈസൻസ് അല്ലെന്നും വെള്ളാപ്പള്ളി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

നേരത്തെ ഈഴവ സമുദായത്തിനെതിരെ വിദ്വേഷ പ്രസ്താവന നടത്തിയ കത്തോലിക്കാ സഭാ വൈദികൻ ഖേദം പ്രകടിപ്പിച്ചിരുന്നു. ഈഴവ സമുദായത്തിനെതിരെ വിവാദ പ്രസ്താവന നടത്തിയതിൽ ഖേദം പ്രകടിപ്പിക്കുന്നുവെന്ന് കുട്ടികളുടെ ദീപിക ചീഫ് എഡിറ്ററും ദീപിക ബാലസഖ്യം ഡയറക്ടറുമായ ഫാ. റോയ് കണ്ണൻചിറ പറഞ്ഞു. ചങ്ങനാശേരി അതിരൂപതയുടെ കീഴിലുള്ള അഞ്ച് ഫെറോനകളിലെ മതാധ്യാപകർക്കുള്ള ഓൺലൈൻ പരിശീലനത്തിലിനിടെയാണ് ഫാ. റോയ് കണ്ണൻചിറ വിദ്വേഷകരമായ പരാമർശങ്ങൾ നടത്തിയത്.

ഒരു മാസത്തിനുള്ളിൽ ഒമ്പത് പെൺകുട്ടികളെ പ്രണയിച്ച് കൊണ്ടുപോയത് ഈഴവ ചെറുപ്പക്കാരാണെന്നായിരുന്നു റോയ് കണ്ണൻചിറയുടെ പരാമർശം. തന്റെ വാക്ക് മൂലം ആർക്കൊക്കെ വേദനയുണ്ടായോ അവരോടെല്ലാം മാപ്പു ചോദിക്കുന്നുവെന്ന് റോയ് കണ്ണൻചിറ പറഞ്ഞു. 'ഷെക്കെയ്ന' എന്ന യൂട്യൂബ് ചാനലിൽ അപ്ലോഡ് ചെയ്ത വീഡിയോയിലാണ് റോയ് കണ്ണൻചിറ ഖേദം പ്രകടിപ്പിച്ചത്.

കത്തോലിക്ക പെൺകുട്ടികളെ തട്ടിക്കൊണ്ടു പോകുന്നതിന് ഈഴവ ചെറുപ്പക്കാർക്ക് പരിശീലനം നൽകുന്നുവെന്ന് ഫാ. റോയ് കണ്ണൻചിറ ആരോപിച്ചിരുന്നു. കത്തോലിക്ക സഭ. ചങ്ങനാശേരി അതിരൂപതയുടെ കീഴിലുള്ള അഞ്ച് ഫെറോനകളിലെ സൺഡേ സ്‌കൂൾ അദ്ധ്യാപകർക്കുള്ള ഓൺലൈൻ പരിശീലനത്തിലിനിടെയാണ് കത്തോലിക്ക സഭയിലെ വൈദിക പ്രഭാഷകരിൽ പ്രമുഖനായ ഫാദർ റോയ് കണ്ണൻചിറ വിദ്വേഷ പ്രസംഗം നടത്തിയത്.