കൊല്ലം: ക്ഷേത്രങ്ങിൽ പുരുഷന്മാർ ഷർട്ട് അഴിച്ചു മാറ്റുന്ന രീതിയെ വിമർശിച്ച് എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ക്ഷേത്രങ്ങളിൽ പുരുഷന്മാർ ഷർട്ട് ഊരരുതെന്ന ബോർഡ് സ്ഥാപിക്കണമെന്ന് വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. എറണാകുളം പൂത്തോട്ടയിൽ എസ് എൻ ഡി പി ശാഖയുടെ 'ശ്രീനാരായണ വല്ലഭ ഭവനം' പദ്ധതിയുടെ ശിലാസ്ഥാപനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പൂണൂൽ ധരിച്ചിട്ടുണ്ടോ എന്നറിയാനല്ലേ ഷർട്ട് ഊരുന്നത് എന്നാൽ താൻ കണിച്ചുകുളങ്ങര ക്ഷേത്രത്തിൽ ഷർട്ട് ഊരാതെയാണ് പ്രവേശിക്കുന്നത്, എന്നായിരുന്നു വെള്ളാപ്പള്ളി നടേശൻ പറഞ്ഞത്. അതുകൊണ്ട് തനിക്കിത് വരെ ദേവീകോപം ഉണ്ടായിട്ടില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. ഭക്തരുടെ സമ്പത്ത് ക്ഷേമപ്രവർത്തനങ്ങൾക്ക് വേണ്ടി ആകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ക്ഷേത്രങ്ങളിൽ സ്വർണ്ണക്കൊടിമരവും ആനക്കൊട്ടിലും പണിത് ആർഭാടം കാണിക്കാതെ ഭക്തർ സമർപ്പിക്കുന്ന സമ്പത്ത് ജനക്ഷേമത്തിനായി വിനിയോഗിക്കണമെന്നായിരുന്നു വെള്ളാപ്പള്ളി പറഞ്ഞത്. ദൈവങ്ങൾക്ക് വിശപ്പില്ല, ഭക്തർക്കുണ്ട്. ഭക്തർ സമർപ്പിക്കുന്ന സമ്പത്തുകൊണ്ട് പാവങ്ങളുടെ കണ്ണീരൊപ്പാനായാൽ ഭഗവാന് അതിൽപ്പരം തൃപ്തി വേറെയില്ലെന്നും അദ്ദേഹ പറഞ്ഞു.

താൻ പ്രസിഡന്റായ കണിച്ചുകുളങ്ങര ദേവസ്വം വരുമാനത്തിന്റെ സിംഹഭാഗവും ജനക്ഷേമത്തിനായി വിനിയോഗിക്കുകയാണെന്നും കോവിഡ് കാലത്ത് ഒന്നര കോടി രൂപയാണ് വിതരണം ചെയ്തതെന്നും വെള്ളാപ്പള്ളി അവകാശപ്പെട്ടു. ഹൈക്കോടതിയിലും കമ്പനി ലോ ബോർഡിലും കൊല്ലത്തെ മുൻസിഫ്, മജിസ്ട്രേറ്റ് കോടതികളിലും കേസുകളോടു കേസാണെന്നും വണ്ടിക്കൂലിക്ക് പോലും കാശില്ലാത്തവരാണ് വാദികളെന്നും അദ്ദേഹം പരിഹസിച്ചു.

യോഗം പിരിച്ചുവിട്ട് റിസീവറെ വയ്ക്കണമെന്ന് പറയുന്നവരുടെ സമുദായസ്നേഹം എത്രത്തോളം ഉണ്ടെന്ന് പറയാതിരിക്കുകയാണ് നല്ലത്. എല്ലാ അംഗങ്ങളെയും പങ്കെടുപ്പിച്ച് പൊതുയോഗം നടത്തണമെന്നാണ് ഒരു വാദം. ഒരു യൂണിയൻ പൊതു യോഗം പോലും ഇപ്രകാരം നടത്താനാവില്ലെന്ന് വെള്ളാപ്പള്ളി പറഞ്ഞു. 32 ലക്ഷം അംഗങ്ങൾക്ക് പൊതുയോഗ നോട്ടീസ് അയയ്ക്കണമെങ്കിൽ പോലും കോടികൾ ചെലവാകുമെന്നും അദ്ദേഹം പറഞ്ഞു. എസ് എൻ ഡി പി യോഗത്തെ തകർക്കാൻ ഗോകുലം ഗോപാലനും കൂട്ടരും വിചാരിച്ചാൽ സാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

46 വർഷം മുമ്പ് 60,000 അംഗങ്ങളുള്ളപ്പോൾ കേന്ദ്രസർക്കാരാണ് 100 പേർക്ക് ഒരാൾ എന്ന മട്ടിൽ പ്രാതിനിധ്യ വോട്ടിന് അനുമതി നൽകിയത്. അംഗത്വം 12 ലക്ഷം ആയപ്പോൾ 200 ൽ ഒന്നെന്ന് ആക്കാൻ മുന്നിൽ നിന്ന ആൾ ഇപ്പോൾ ആക്ഷേപം ഉന്നയിക്കുന്ന മുൻ പ്രസിഡന്റ് സി.കെ. വിദ്യാസാഗറാണെന്നും അദ്ദേഹം പറഞ്ഞു.