പത്തനംതിട്ട: കാറ്റുള്ളപ്പോൾ തൂറ്റാൻ വെള്ളാപ്പള്ളിയെ ആരും പഠിപ്പിക്കണ്ട. അവസരത്തിനൊത്ത് സംസാരിക്കാനും കളം മാറുമ്പോൾ മറുകണ്ടം ചാടാനും വെള്ളാപ്പള്ളിക്കുള്ളത്ര വൈഭവം മറ്റൊരു സമുദായ നേതാവിനുമില്ല. ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പ് അടക്കം സംസ്ഥാനത്ത് ഉടൻ വരാൻ പോകുന്ന രാഷ്ട്രീയ സംഭവവികാസങ്ങൾ മുതലെടുക്കാൻ അണ്ടർഗ്രൗണ്ട് പണിയിലാണ് വെള്ളാപ്പള്ളിയും എസ്എൻഡിപിയും. റാന്നി മാടമണിൽനടക്കുന്ന ശ്രീനാരായണ കൺവൻഷന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യിക്കാൻ വെള്ളാപ്പള്ളി ക്ഷണിച്ചത് സാക്ഷാൽ പിണറായിയെ.

നെയ്യപ്പം തിന്നാൽ രണ്ടുണ്ട് കാര്യമെന്ന് പറയുന്നതു പോലെ രണ്ടു മൂന്നു കാര്യങ്ങൾ മുന്നിൽ കണ്ടാണ് വെള്ളാപ്പള്ളിയുടെ നീക്കം. സമുദായത്തിൽ വെള്ളാപ്പള്ളിയുടെ ഏറ്റവും വലിയ എതിരാളിയായ ഗോകുലം ഗോപാലനുമായി അടുത്ത ബന്ധമാണ് പിണറായിക്കുള്ളത്. അതിനിടയിൽ നുഴഞ്ഞു കയറി വിള്ളലുണ്ടാക്കുക എന്നതാണ് ഒരു ലക്ഷ്യം. രണ്ടാമത്തേത് ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ പിന്നാമ്പുറത്ത് കൂടി ബിജെപിക്കിട്ട് പണിയുക എന്നതാണ്. ഈ തെരഞ്ഞെടുപ്പ് പിണറായിക്ക് പ്രസ്റ്റീജാണ്. അവിടെ സിപിഐഎം തോറ്റാൽ വലിയ തിരിച്ചടിയാകും മുഖ്യമന്ത്രിക്ക് അത്. പ്രത്യക്ഷത്തിൽ ബിഡിജെഎസ്, എൻഡിഎയിൽ ഉറച്ചു നിൽക്കുമെന്ന് തുഷാർ വെള്ളാപ്പള്ളി പറയുന്നുണ്ടെങ്കിലും ബിജെപി വോട്ടുകൾ കുറച്ചു കൊടുക്കാമെന്ന് ഒരു ധാരണ മുഖ്യമന്ത്രിയുമായി വെള്ളാപ്പള്ളി നേരത്തേ ഉണ്ടാക്കിയിട്ടുണ്ട്.

എസ്എൻ ട്രസ്റ്റിന് കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ നിയമനാംഗീകാരം അടക്കം പകരം വെള്ളാപ്പള്ളിക്ക് ചില നേട്ടങ്ങളും കിട്ടും. എസ്എൻഡിപി യോഗത്തിന്റെ ശക്തി വെള്ളാപ്പള്ളിയെ പ്രത്യക്ഷത്തിൽ ബോധ്യപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയായിരുന്നു മാടമൺ കൺവൻഷന്റെ സമാപന ചടങ്ങിലേക്ക് മുഖ്യമന്ത്രിയെ ക്ഷണിച്ചത്. റാന്നി യൂണിയന്റെ നേതൃത്വത്തിലാണ് കൺവൻഷൻ നടക്കുന്നത്. നടത്തിപ്പുകാർ പത്തനംതിട്ട യൂണിയൻ പ്രസിഡന്റ് കെ പത്മകുമാറും എരുമേലി യൂണിയൻ പ്രസിഡന്റ് ശ്രീപാദം ശ്രീകുമാറും. ഇവർക്ക് പുറമേ കോഴഞ്ചേരി, ചെങ്ങന്നൂർ, പത്തനംതിട്ട, എരുമേലി യൂണിയനുകളിൽ നിന്നുള്ള ശ്രീനാരായണീയർ കൂടി രംഗത്ത് ഇറങ്ങിയതോടെ പമ്പാ മണൽപ്പുറം ജനസമുദ്രമായി. ഇതിനിടയിലേക്കാണ് പിണറായി വന്നിറങ്ങിയത്. ജനക്കൂട്ടം കണ്ട് പിണറായി പോലുംഅമ്പരന്നു.

ശ്രീനാരായണ ദർശനങ്ങളുടെ പ്രസക്തി വർധിച്ച കാലമാണ് ഇതെന്നും ഭ്രാന്താലയം എന്ന് സ്വാമി വിവേകാനന്ദൻ വിശേഷിപ്പിച്ച കേരളത്തെ സാഹോദര്യത്തിന്റെ മാതൃകാ സ്ഥാനമാക്കി മാറ്റാൻ ഗുരുദേവന് സാധിച്ചുവെന്നും മുഖ്യമന്ത്രി ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. ഗുരുവിനു ജാതിയോ മതമോ ഉണ്ടായിരുന്നില്ല. തന്നെ ഒരു പ്രത്യേക വിഭാഗത്തിന്റേതായി കാണരുതെന്ന് അദ്ദേഹം ആഗ്രഹിച്ചിരുന്നു. ആസൂത്രിതവും സംഘടിതവുമായ വർഗീയ വൽക്കരണത്തെ പ്രതിരോധിക്കാൻ കരുത്തുള്ള ദർശനമായിരുന്നു ശ്രീനാരായണ ഗുരുദേവന്റേതെന്നും മുഖ്യമന്ത്രി പറഞ്ഞു.

വെള്ളാപ്പള്ളി നടേശൻ അധ്യക്ഷത വഹിച്ചു. എസ്എൻഡിപി യോഗത്തിന് സാമൂഹ്യ നീതിയുടെ രാഷ്ട്രീയമാണ് ഉള്ളതെന്ന് അദ്ദേഹം പറഞ്ഞു. കൂട്ടത്തിൽ ഉള്ളവർ പിന്നിൽ നിന്നു കുത്തുന്നത് ക്ഷമിക്കാൻ കഴിയുതല്ലെന്ന് അദ്ദേഹം ഓർമ്മപ്പെടുത്തി. പതിവിന് വിപീരതമായി ഏറെ സമയം കൺവൻഷൻ നഗറിൽ ചെലവഴിച്ചാണ് മുഖ്യമന്ത്രി മടങ്ങിയത്. മുഖത്തുള്ള ഗൗരവഭാവവും മസിലു പിടുത്തവും പാടേ വെടിഞ്ഞായിരുന്നു മുഖ്യമന്ത്രിയുടെ വരവ്. ഫലിതം പറഞ്ഞ് ചിരിക്കാനും സദസിലുള്ളവരോട് കുശലം ചോദിക്കാനും പിണറായി മുതിർന്നു.