ആലപ്പുഴ: ആലപ്പുഴയിൽ നിന്ന് ബിജെപിയുടെ നേതൃയോഗം മാറ്റിയത് വെള്ളാപ്പള്ളി നടേശന്റെ എതിർപ്പ് മൂലമെന്ന് സൂചന. ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായ്ക്ക് മെഡിക്കൽ കോഴയുമായി ബന്ധപ്പെട്ട പരാതി വെള്ളാപ്പള്ളി നൽകിയിരുന്നു. ആരോപണ വിധേയനായ എംടി രമേശിന്റെ വിശ്വസ്തനാണ് ആലപ്പുഴയിലെ ജില്ലാ പ്രസിഡന്റ്. വെള്ളാപ്പള്ളിയെ മൈൻഡ് ചെയ്യാതെയുള്ള നീക്കമാണ് ഇവർ നടത്തിയിരുന്നത്. ഈ സാഹചര്യത്തിലാണ് മെഡിക്കൽ കോഴയിൽ ശക്തമായ നിലപാട് പ്രഖ്യാപനവുമായി വെള്ളാപ്പള്ളി എത്തുന്നത്. ഈ എതിർപ്പ് തിരിച്ചറിഞ്ഞാണ് ബിജെപിയുടെ നേതൃയോഗങ്ങൾ ആലപ്പുഴയിൽ നിന്ന് മാറുന്നത്. അതിനിടെ ആലപ്പുഴയിൽ ബിജെപിയടെ ചില ഭാരവാഹികൾ രാജിവച്ചതായും സൂചനയുണ്ട്. ഹരിപ്പാട് മണ്ഡലം പ്രസിഡന്റും രാജി നൽകിയതായാണ് സൂചന.

മെഡിക്കൽ കോഴ ദേശീയ നേതൃത്വത്തിന്റെ ശ്രദ്ധയിൽ കൊണ്ടുവന്നത് വെള്ളാപ്പള്ളി നടേശനായിരുന്നു. കോഴ നൽകിയത് വെള്ളാപ്പള്ളിയുമയാി ബന്ധപ്പെട്ട സ്ഥാപനവും. ഈ സാഹചര്യത്തിൽ ആലപ്പുഴ ജില്ലാ പ്രസിഡന്റെ ചില നീക്കങ്ങൾ നടത്തി. ഇതാണ് പ്രശ്‌നങ്ങൾക്ക് പുതിയ മാനം നൽകിയത്. തനിക്ക് സ്വാധീനമുള്ള ജില്ലയിൽ നേതൃയോഗങ്ങൾ നിശ്ചയിച്ചതിന് പിന്നിലും രമേശിന്റെ ഇടപെടലുണ്ടെന്ന് വെള്ളാപ്പള്ളി കരുതുന്നു. ബിജെപിയിലെ കോഴയിൽ നടപടി പൂർത്തിയായ ശേഷം ആലപ്പുഴയിൽ നേതൃയോഗം മതിയെന്നാണ് വെള്ളാപ്പള്ളിയുടെ നിലപാട്. ഇത് ശക്തമായി കേന്ദ്രത്തെ അറിയിക്കാനാണ് അമിത് ഷായ്ക്ക് കത്ത് അയച്ചത്. ഈ കത്ത് കിട്ടിയതോടെയാണ് ആരോപണ വിധേയനായ ആർ എസ് വിനോദിനെ പുറത്താക്കാനുള്ള നിർദ്ദേശം കുമ്മനം രാജശേഖരന് അമിത് ഷാ നൽകിയത്.

ബിജെപിയിലെ ഒരു വിഭാഗം പാർട്ടിയെ ജാതീയമായി ചേരിതിരിവിന് വിധേയമാക്കുന്നുവെന്ന പരാതിയും വെള്ളാപ്പള്ളി ഉന്നയിക്കുന്നുണ്ട്. മെഡിക്കൽ കോളജ് കോഴ വിവാദത്തിൽപെട്ട ബിജെപി സംസ്ഥാന നേതൃത്വത്തെ കടന്നാക്രമിച്ച് വെള്ളാപ്പള്ളി നടേശൻ രംഗത്ത് വന്നിരുന്നു. കള്ളൻ കപ്പലിൽ തന്നെയുണ്ട്. റിപ്പോർട്ട് പുറത്തുവന്നതിനു പിന്നിൽ (കോഴ) കിട്ടിയവരും കിട്ടാത്തവരും തമ്മിലുള്ള തർക്കമാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. ബിജെപി സംസ്ഥാന നേതൃത്വം അഴിമതിയിൽ മുങ്ങുമ്പോൾ നാറുന്നത് പ്രധാനമന്ത്രിയാണ്. ഈ ഇടപാട് പ്രധാനമന്ത്രിക്ക് അപമാനമാണ്. നേതാക്കൾ തമ്മിലുള്ള അനൈക്യമാണ് വിഷയത്തിന്മേലുള്ള റിപ്പോർട്ട് പുറത്തെത്താൻ കാരണമെന്നും വെള്ളാപ്പള്ളി വിശദീകരിച്ചു.

ഇതിനൊപ്പമാണ് കത്ത് അയച്ചത്. ഈ സാഹചര്യത്തിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനത്തെ ഡൽഹിക്ക് വിളിപ്പിക്കാനാണ് അമിത് ഷായുടെ തീരുമാനം. പലരും കോഴ വാങ്ങിയിട്ടുണ്ട്. അതിൽ അന്വേഷണം നടത്തണം. അമിത് ഷായും മോദിയും ഇടപെട്ട് കേരളാ ഘടകത്തെ ശുദ്ധീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അഴിമതി ആരോപം താനാണ് അമിത് ഷായെ അറിയിച്ചത് എന്നാരെങ്കിലും പറഞ്ഞാൽ നിഷേധിക്കുന്നില്ല. ബിജെപി ദേശീയ നേതൃത്വത്തിൽ അത്രവലിയ സ്വാധീനമുണ്ടെന്ന് പറയുന്നത് അഭിമാനമല്ലേയെന്നും അദ്ദേഹം കൂട്ടിച്ചേർത്തിരുന്നു. ഇവയൊക്കെ തന്നെയാണ് വെള്ളാപ്പള്ളിയുടെ കത്തിലും ഉള്ളത്. തുഷാർ വെള്ളാപ്പള്ളി ഡൽഹിയിലാണ് ഉള്ളത്. തുഷാറും അമിത് ഷായുമായി ആശയ വിനിമയം നടത്തുന്നുണ്ട്.

ബിജെപി നേതാക്കൾ ഉൾപ്പെട്ട മെഡിക്കൽ കോളജ് കോഴ ആരോപണത്തിൽ പ്രാഥമിക അന്വേഷണത്തിന് വിജിലൻസ് ഡയറക്ടർ ഉത്തരവിട്ടിരുന്നു. തിരുവനന്തപുരം കോർപറേഷൻ മുൻ കൗൺസിലർ സുക്കാർണോയുടെ പരാതിയിലാണ് നടപടി. വിജിലൻസ് എസ്‌പി ജയകുമാറിനാണ് അന്വേഷണ ചുമതല. ആരോപണത്തിൽ വിശദമായ അന്വേഷണം നടത്തണമെന്നാണ് ഡയറക്ടറുടെ നിർദ്ദേശം. ഇത്തരം അന്വേഷണങ്ങളിൽ എല്ലാ തെളിവും നൽകാനാണ് വെള്ളാപ്പള്ളിയുടെ നീക്കം. അതുകൊണ്ട് തന്നെ വെള്ളാപ്പള്ളിയുടെ പരാതിയെ ഗൗരവത്തോടെയാണ് അമിത് ഷായും കാണുന്നത്. കേന്ദ്ര ഏജൻസിയെ കൊണ്ട് വിഷയം അന്വേഷിപ്പിക്കാനാണ് നീക്കം.

തമ്മിൽത്തല്ലി ചാവുന്ന പുരാണകഥയിലെ കഥാപാത്രങ്ങളാണു ബിജെപിയുടെ കേരളത്തിലെ ചില നേതാക്കൾ. കേരളത്തിൽ എൽഡിഎഫ്, യുഡിഎഫ് എന്നിങ്ങനെ രണ്ടു മുന്നണികളേ ഉള്ളൂ. എൻഡിഎയിൽ ബിജെപി മറ്റു ഘടകകക്ഷികളെ അംഗീകരിച്ചിട്ടുള്ളതായി കരുതുന്നില്ല. കുമ്മനം രാജശേഖരൻ കാപട്യമില്ലാത്ത നേതാവാണെന്നും വെള്ളാപ്പള്ളി പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് കത്ത് കൈമാറിയത്.