ആലപ്പുഴ: ലോ അക്കാദമി സമരത്തിലെ എസ്എഫ്‌ഐയുടെ പിന്മാറ്റം സിപിഎമ്മിന്റെ കടുത്ത സമ്മർദ്ദത്തെ തുടർന്നാണെന്നത് വ്യക്തമാണ്. എന്നാൽ, ഇതോടെ രാഷ്ട്രീയ മാനം കൈവന്ന സമരത്തിൽ ലക്ഷ്മി നായരെ സംരക്ഷിക്കുകയാണ് സർക്കാർ ചെയ്തത്. ബിജെപിയാണ് സമരത്തിൽ ഏറ്റവും അധികം മൈലേജ് കൊണ്ടുപോകുന്നതും. എന്തായാലും ലോ അക്കാദമി സമരത്തെ കൂടുതൽ പ്രതിരോധത്തിലാക്കി എസ്എഫ്‌ഐ ബിജെപി ബന്ധമുള്ള കോളേജുകളിലേക്ക് സമരം വ്യാപിപ്പിക്കുകയാണ്.

വിദ്യാർത്ഥികളെ മാനേജ്‌മെന്റ് പീഡിപ്പിക്കുന്നതായി ആരോപിച്ച് കട്ടച്ചിറ വെള്ളാപ്പള്ളി നടേശൻ എൻജിനീയറിങ് കോളജിലേക്ക് എസ്.എഫ്.ഐ. ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മാർച്ച് നടത്തി. എൻഡിഎ സ്ഥാനാർത്ഥിയായി മത്സരിച്ച സുഭാഷ് വാസുവിന്റെ ഉടമസ്ഥതയിൽ ഉള്ളതാണ് ഈ കോളേജ്. അതുകൊണ്ട് തന്നെയാണ് ഇവർ അവിടേക്ക് സമരം നടത്തിയതും. സിപിഐ(എം). ഭരണിക്കാവ് ലോക്കൽ കമ്മിറ്റി ഓഫീസിനു മുന്നിൽ നിന്നാരംഭിച്ച മാർച്ച് കോളജിന്റെ വടക്കുഭാഗത്ത് പൊലീസ് തടഞ്ഞു. സംഘടനയുടെ കൊടിമരം കോളജിനു മുന്നിൽ സ്ഥാപിക്കുമെന്നും അതിനു ശേഷമേ പിരിഞ്ഞു പോകൂ എന്നും പ്രവർത്തകർ പ്രഖ്യാപിച്ചു. ഇതിനു പൊലീസ് അനുമതി നൽകി.

തുടർന്ന് യോഗം എസ്.എഫ്.ഐ. സംസ്ഥാന സെക്രട്ടറി എം.വിജിൻ ഉദ്ഘാടനം ചെയ്തു.ഒരു വിദ്യാർത്ഥി പോലും ഇനി പീഡനത്തിനിരയാകാനുള്ള സാഹചര്യം ഉണ്ടാകരുതെന്നും അനാവശ്യമായ പിഴ ചുമത്തരുതെന്നും ഗുണ്ടകളായ ജീവനക്കാരെ കോളജിൽ നിന്ന് ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് എം.എസ്. അരുൺകുമാർ അധ്യക്ഷത വഹിച്ചു.

വിദ്യാർത്ഥികളെ ഇരുട്ടുമുറിയിലിട്ടു മർദ്ദിച്ചതടക്കമുള്ള നാലോളം പരാതികളിൽ ഒന്നാം പ്രതിയാണ് സുഭാഷ് വാസു. ഇദ്ദേഹം വി മുരളീധരന്റെ സമരപന്തലിലെത്തി ഐക്യദാർഢ്യം പ്രകടിപ്പിച്ചതും വിവാദത്തിലായിരുന്നു. ആലപ്പുഴയിലെ കട്ടച്ചിറയിലുള്ള ശ്രീ വെള്ളാപ്പള്ളി നടേശൻ സപ്തതി സ്മാരക എഞ്ചിനീയറിങ് കോളേജിൽ മാനേജ്‌മെന്റ് തങ്ങളെ ശാരീരികമായും മാനസികമായും പീഡിപ്പിക്കുന്നുവെന്ന് കാണിച്ചു വിദ്യാർത്ഥികൾ കഴിഞ്ഞ നവംബറിൽ രംഗത്തെത്തിയിരുന്നു. മാനേജ്‌മെന്റ് ജനറൽ സെക്രട്ടറി സുഭാഷ് വാസു ഇരുട്ടുമുറിയിലിട്ടു മർദ്ദിക്കുന്നുവെന്ന് നിരവധി വിദ്യാർത്ഥികൾ പരാതി നൽകി.

നിന്നെയൊക്കെ വീട്ടിൽ കയറി വെട്ടുമെന്ന് പലവട്ടം ക്ലാസ് റൂമിൽ കയറി ഭീഷണിപ്പെടുത്തിയ കാര്യവും വിദ്യാർത്ഥികൾ പരാതിയിൽ പറഞ്ഞിട്ടുണ്ട്. ബെഡ്ഷീറ്റ് ചുളുങ്ങിയതിനു വരെ ഫൈൻ വാങ്ങിയ വെള്ളാപ്പള്ളി കോളേജിൽ ഇപ്പോഴും പ്രശ്‌നങ്ങൾ അവസാനിച്ചിട്ടില്ലെന്നാണ് വിദ്യാർത്ഥികൾ പറയുന്നത്. കോളേജിലുണ്ടായ അടിപിടിക്കേസിന്റെ പേരിൽ മാനേജ്‌മെന്റ് നാൽപ്പതോളം വിദ്യാർത്ഥികൾക്കെതിരെ കേസ് കൊടുത്തിട്ടുണ്ട്. സുഭാഷ് വാസുവിനെതിരെ വിദ്യാർത്ഥികൾ നൽകിയ പരാതികളിൽ നടപടി എടുത്തിട്ടില്ലെങ്കിലും മാനേജ്‌മെന്റ് നൽകിയ പരാതിയിൽ പൊലീസ് ഊർജിതമായി അന്വേഷണം നടത്തുന്നുണ്ട്. ഒരു വിദ്യാർത്ഥി റിമാൻഡിലാണ്.

ലോ അക്കാദമി വിഷയത്തിൽ സിപിഐ(എം) കടുംപിടുത്തം തുടരുന്നത് ബിജെപിക്ക് ഗുണകരമാക്കാൻ സാധിച്ചിട്ടുണ്ടെന്നാണ് ബിജെപി വിലയിരുത്തുന്നത്. ഈ നോട്ടത്തിന് തിരിച്ചടി നൽകാനാണ് എസ്എഫ്‌ഐ നീക്കം. എന്നാൽ, ഇതിനെ പ്രതിരോധിക്കാൻ ബിജെപിയും തയ്യാറെടുക്കുന്നുണ്ട്. ലോ അക്കാദമി സമരത്തിന്റെ തുടർച്ചയായി സമരം സ്വാശ്രയകോളേജുകളുടെ ചൂഷണത്തിനെതിരായ സമരമാക്കി സംസ്ഥാനതലത്തിൽ വിപുലമാക്കാൻ തിങ്കളാഴ്‌ച്ച ചേർന്ന ബിജെപി പാർട്ടി കോർഗ്രൂപ്പ് യോഗത്തിൽ തീരുമാനിച്ചിരുന്നു.