ആലപ്പുഴ : ഒരു പതിറ്റാണ്ടിലേറെ എസ് എൻ ഡി പി യോഗം ശാഖാ സെക്രട്ടറി. അപകടത്തിൽ മരിച്ച മകന്റെ ശരീരാവയങ്ങൾ രോഗികൾക്ക് ദാനം ചെയ്ത് ലോകത്തിനു തന്നെ മാതൃകയായ അച്ഛൻ... കായംകുളം ശാഖാ സെക്രട്ടറി ഹരി ലാലിനെത്തേടി അഭിനന്ദനങ്ങളും ആശീർവാദങ്ങളും ഒഴുകിയെത്തി. ജനം മാതൃകാ മാതാപിതാക്കളായി ഹരിലാലിനെയും ഭാര്യയെയും വാഴ്‌ത്തി.

പക്ഷേ, ജീവകാരുണ്യ പ്രവർത്തകനെന്ന ലേബലിൽ വിലസുന്ന വെള്ളാപ്പള്ളിക്ക് സ്വന്തം സംഘടനയിലെ പ്രവർത്തകന്റെ വീട്ടിലെത്താൻ കഴിഞ്ഞില്ല. ഇതോടെയാണ് ജനറൽ സെക്രട്ടറിയുടെ പുറംപൂച്ച് പൊളിഞ്ഞത്. ഏറ്റവും ഒടുവിൽ കോഴിക്കോടു മാൻഹോളിൽ വീണു മരിച്ച നൗഷാദിന്റെ കുടുംബത്തിന് സർക്കാർ സഹായം എത്തിച്ചപ്പോൾ വിവേചനമുണ്ടെന്ന് പ്രഖ്യാപിച്ച് ഓരോ ലക്ഷം രൂപ വീതം മറ്റു രണ്ടുപേർക്ക് നൽകി മാതൃക കാട്ടിയ ആളാണ് വെള്ളാപ്പള്ളി നടേശൻ. പക്ഷെ പണം എത്തിയില്ലെന്നു മാത്രം.

ഒരു പതിറ്റാണ്ടിലേറെ കായംകുളം ശാഖാസെക്രട്ടറിയായി പ്രവർത്തിക്കുന്ന കൊട്ടോളിൽ ഹരിലാൽ, താനും തന്റെ കുടുംബവും കാട്ടിയ ഉത്തമമാതൃക അംഗീകരിക്കാനോ അഭിനന്ദിക്കാനോ വെള്ളാപ്പള്ളിയെത്താത്തതിൽ അതൃപ്തി മറച്ചുവയ്ക്കുന്നില്ല. ഹരിലാലിന്റെ പരാതി മറ്റുള്ളവരിലേക്കും പകർന്നതോടെ പ്രവർത്തകരിൽ മുറുമുറുപ്പ് വന്നുതുടങ്ങി.

രണ്ടുമാസം മുമ്പാണ്, ബൈക്ക് അപകടത്തിൽ മരിച്ച കായംകുളം സ്വദേശി പ്രണവിന്റെ അവയവങ്ങൾ അഞ്ചുപേർക്കു ദാനം ചെയ്ത സംഭവം ദേശീയശ്രദ്ധനേടിയത്. മകന്റെ ഹൃദയവും ശ്വാസകോശവും ഉൾപ്പെടെയുള്ള അവയവങ്ങൾ ദാനം ചെയ്യുകയായിരുന്നു. പ്രണവിന്റെ മാതാപിതാക്കൾ കാട്ടിയ മാതൃക ഇന്ന് ഇന്ത്യയിൽ വിവിധഭാഗങ്ങളിൽ ഫലപ്രദമായി പിന്തുടർന്നുവരികയാണ്. ജീവകാരുണ്യ പ്രവർത്തകനെന്ന ഖ്യാതി പിടിച്ചുപറ്റാൻ വെള്ളാപ്പള്ളി പെടാപാടു നടത്തുമ്പോൾ കൺമുമ്പിലെ മഹത്വം അംഗീകരിക്കാൻ തയാറായിട്ടില്ല. പ്രണവിന്റെ മാതാപിതാക്കളെ ആശ്വസിപ്പിക്കാൻ മാസങ്ങൾ കഴിഞ്ഞിട്ടും എസ്.എൻ.ഡി.പി. യോഗം സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ എത്തിയില്ല. ജാഥയുമായി കടന്നുപോകുമ്പോഴെങ്കിലും വീട്ടിലെത്തുമെന്ന് കരുതിയെങ്കിലും ഉണ്ടായില്ല. വെള്ളാപ്പള്ളി പ്രണവിന്റെ വീട് സന്ദർശിക്കാത്തതിൽ പ്രവർത്തകർക്കിടയിൽ കടുത്ത അമർഷം പുകയുകയാണ്.

മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, പ്രതിപക്ഷ നേതാവ് വി എസ്. അച്ചുതാനന്ദൻ, മന്ത്രി കെ.ബാബു, പിണറായി വിജയൻ, കോടിയേരി ബാലകൃഷ്ണൻ, പന്ന്യൻ രവീന്ദ്രൻ, ദേവസ്വം സെക്രട്ടറി അരയകണ്ടി സന്തോഷ് എന്നിവർ പ്രണവിന്റെ വീട്ടിലെത്തി മാതാപിതാക്കളെ ആശ്വസിപ്പിച്ചപ്പോഴും കഴിഞ്ഞ 13 വർഷമായി എസ്.എൻ.ഡി.പി. ശാഖാ സെക്രട്ടറി സ്ഥാനം വഹിക്കുന്ന ഹരിലാലിന്റെ വീട്ടിൽ മകന്റെ വേർപാടിൽ ദുഃഖിതരായ മാതാപിതാക്കളെ സമാശ്വസിപ്പിക്കാൻ യോഗം സെക്രട്ടറി വെള്ളാപ്പള്ളി എത്തിയില്ല. അതിൽ കടുത്ത മാനസിക പ്രയാസവും അതിലേറെ ദുഃഖവുമുണ്ടെന്ന് ഹരിലാൽ പറഞ്ഞു.

വെള്ളാപ്പള്ളി നടേശൻ വരാത്ത കാര്യം നിരവധി തവണ എസ്.എൻ.ഡി.പി. യൂണിയൻ ഭാരവാഹികളോട് പറഞ്ഞതായി ഹരിലാൽ പറഞ്ഞു. മുതുകുളം വന്ദികപ്പള്ളി ജംങ്ഷനിലുണ്ടായ ബൈക്കപകടത്തിൽ പരിക്കേറ്റ് മസ്തിഷ്‌ക ക്ഷതം സംഭവിച്ചാണ് മരണം. തുടർന്ന് മാതാപിതാക്കൾ അവയവങ്ങൾ ദാനം ചെയ്യാൻ തീരുമാനിച്ചത്. എറണാകുളത്തുള്ള ലേക്ക്‌ഷോർ ആശുപത്രിയിൽ നടന്ന ശസ്ത്രക്രിയക്കുശേഷം പ്രണവിന്റെ ഹൃദയവും ശ്വാസകോശവും വൃക്കയും, കണ്ണും, കരളും ദാനം നൽകിയത്. ഹൃദയവും ശ്വാസകോശവും അതിർത്തികടന്നാണ് നൽകിയത്. സംസ്ഥാന സർക്കാർ ആവിഷ്‌ക്കരിച്ച അവയവദാനത്തിനുള്ള മൃതസഞ്ജീവനി പദ്ധതി പ്രകാരമാണ് പ്രണവിന്റെ അവയവങ്ങൾ നൽകിയത്.