തിരുവനന്തപുരം: ശ്രീനാരായണ ഗുരു സർവകലാശാല വി സിയായി മുസ്‌ലിം വേണമെന്ന് മുൻ ഉന്നത വിദ്യാഭ്യാസ മന്ത്രി കെ ടി ജലീൽ ആവശ്യപ്പെട്ടുവെന്ന് വെളിപ്പെടുത്തി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. സർവകലാശാലയിൽ വി സിയായി മുസ്ലിം സമുദായത്തിൽനിന്നുള്ളയാൾ വേണമെന്ന് കെ.ടി ജലീൽ തന്നോട് ആവശ്യപ്പെട്ടതായി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. ഗുരുവിനെക്കുറിച്ച് ഒന്നുമറിയാത്ത ഒരാളെയാണ് ജലീൽ വി സിയായി നിയമിച്ചതെന്നും ജലീൽ തന്റെ സമുദായത്തിന് വേണ്ടി ചെയ്തതായിരിക്കാം ഇതെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി. വാർത്താസമ്മേളനത്തിൽ സംസാരിക്കവെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ഇത് തന്നോട് പറഞ്ഞപ്പോൾ തനിക്ക് ജലീലിനോട് ബഹുമാനം തോന്നി. ജോമോൻ പുത്തൻപുരക്കൽ ഇതിനെല്ലാം സാക്ഷിയാണ്. മുസ്ലിമായ ഒരാളെ വി സിയാക്കിയത് തന്റെ താൽപര്യ പ്രകാരമാണെന്ന് ജലീൽ പറഞ്ഞതായും വെള്ളാപ്പള്ളി നടേശൻ വെളിപ്പെടുത്തി. ''അദ്ദേഹം മലപ്പുറത്തുകാരനാണ്, കേരളത്തിലെ യൂനിവേഴ്സിറ്റികളിൽ വി സിയായി ഒറ്റ മുസ്‌ലിം ഇല്ലായെന്ന കുറവു പരിഹരിക്കാൻ അദ്ദേഹം ഉന്നത വിദ്യാഭ്യാസ മന്ത്രിയായിരിക്കുമ്പോൾ അത് നേടികൊടുക്കേണ്ടത് അദ്ദേഹത്തിന്റെ ആവശ്യമാണ്, അത് അദ്ദേഹം ചെയ്തു'' -വെള്ളാപ്പള്ളി മാധ്യമങ്ങളോട് പറഞ്ഞു.

അത് സത്യപ്രതിജ്ഞ ലംഘനമല്ലേയെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് അതിൽ എന്താണ് തെറ്റുള്ളത് എന്നായിരുന്നു വെള്ളാപ്പള്ളിയുടെ മറുപടി. അത് തെറ്റല്ലെന്നും അതാണ് ശരിയെന്നും അദ്ദേഹം വ്യക്തമാക്കി. ശ്രീ നാരായണ ഗുരു ഓപ്പൺ സർവ്വകലാശാല വിസി ആയി മുബാറക്ക് പാഷയെ നിയമിച്ചതിനെതിരെ കടുത്ത പ്രതിഷേധവും അമർഷവുമാണ് സർക്കാരിനെതിരെ വെള്ളാപ്പള്ളിക്ക് ഉണ്ടായിരുന്നത്. ഇതിന് ശേഷം അടുത്തിടെയാണ് വെള്ളാപ്പള്ളിയെ വീട്ടിലെത്തി കെ ടി ജലീൽ കണ്ടതും.

മാധ്യമം ദിനപത്രത്തിനെതിരെ യു.എ.ഇ അധികൃതർക്ക് ജലീൽ മന്ത്രിയായിരിക്കെ കത്തെഴുതി എന്ന സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തൽ വന്നതിന് പിന്നാലെ കെ.ടി ജലീൽ പ്രതിരോധത്തിലായിരുന്നു. അതിനിടെ ചേർത്തലയിലെ വെള്ളാപ്പള്ളിയുടെ വീട്ടിലെത്തി ജലീൽ അദ്ദേഹത്തെ സന്ദർശിക്കുകയും ചെയ്തിരുന്നു.

ശബരിമല സമരത്തെക്കുറിച്ചും നവോത്ഥാന സമിതിയെക്കുറിച്ചും വെള്ളാപ്പള്ളി പ്രതികരിച്ചു. ആർക്ക് വേണ്ടിയായിരുന്നു ശബരിമല സമരം എന്നാണ് വെള്ളാപ്പള്ളി നടേശൻ ചോദിച്ചത്. സമരം കൊണ്ട് ആർക്കെന്ത് ഗുണം ഉണ്ടായി. സമരത്തിൽ പങ്കെടുത്തവർ കേസിൽ കുരുങ്ങി കഴിയുകയാണ്. ശബരിമല സ്ത്രീ പ്രവേശത്തെ എല്ലാവരും പിന്തുണച്ചതാണ്. പത്ത് ആളെ കിട്ടും എന്ന് കണ്ടപ്പോ ചിലർ സമരവുമായി ഇറങ്ങിയതാണ്.

സർക്കാർ ചെയ്യുന്ന നല്ലകാര്യങ്ങൾക്ക് പിന്തുണ നൽകാനും തിരുത്തേണ്ടത് തിരുത്താനുമാണ് നവോത്ഥാന സമിതി. കേരളത്തിൽ വർഗീയ ധ്രുവീകരണം മുൻപത്തേക്കാളും കൂടിയിട്ടുണ്ട്. ബിജെപിയെ മാത്രം ഇതിന് കുറ്റം പറയാനില്ല. ശബരിമല സമരത്തോട് ആദ്യമേ എസ്എൻഡിപിക്ക് യോജിപ്പില്ലായിരുന്നു. മൂന്ന് തമ്പ്രാന്മാർ ചേർന്നാണ് സമരമുണ്ടാക്കിയത് എന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. അതിനിടെ, നവോത്ഥാന സമിതി സജീവമാക്കാനുള്ള നീക്കങ്ങൾക്ക് തിരിച്ചടിയായി കൺവീനർ സ്ഥാനം പുന്നല ശ്രീകുമാർ ഒഴിഞ്ഞു. തിരക്കുകൾ കാരണം എന്നാണ് ഔദ്യോഗിക വിശദീകരണം. സർക്കാരിന്റെ നയങ്ങളോടുള്ള അതൃപ്തി ആണ് യാഥാർത്ഥ കാരണമെന്നാണ് സൂചന. പി രാമഭദ്രനാണ് പുതിയ കൺവീനർ.