പത്തനംതിട്ട: ജാതിയും മതവും നോക്കിയാണ് സർക്കാർ സഹായം നൽകുന്നതെന്നും കോന്നി പെൺകുട്ടികളുടെ ബന്ധുക്കൾക്ക് വാഗ്ദാനം ചെയ്ത സഹായം നൽകാതെ പറ്റിച്ചുവെന്നുമുള്ള എസ്.എൻ.ഡി.പിയോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ വിമർശനം കുറിക്കു കൊണ്ടു.

വർഷങ്ങൾക്കു മുമ്പ് മുതൽ വാഗ്ദാനം ചെയ്ത സഹായം സർക്കാർ നൽകിത്തുടങ്ങി. ട്രെയിനിൽനിന്ന് വീണു മരിച്ച കോന്നിയിലെ ആര്യ, ആതിര, രജനി എന്നീ പെൺകുട്ടികളുടെ കുടുംബത്തിന് നൽകിയ 15 ലക്ഷം അടക്കം റവന്യൂമന്ത്രി അടൂർ പ്രകാശിന്റെ മണ്ഡലത്തിൽ കഴിഞ്ഞ ദിവസം വിതരണം ചെയ്തത് 26.25 ലക്ഷം രൂപയാണ്.

ഇതുവരെ സർക്കാർ വാഗ്ദാനം ചെയ്തിട്ടുള്ള സഹായത്തിന്റെ പട്ടിക പുറത്തു വിടാൻ വെള്ളാപ്പള്ളി വെല്ലുവിളിച്ചിരുന്നു. പട്ടിക പുറത്തു വന്നാൽ സർക്കാരിന്റെ ന്യൂനപക്ഷ പ്രീണനം പുറത്താകുമെന്നും അദ്ദേഹം പരിഹസിച്ചിരുന്നു. കോന്നി പെൺകുട്ടികൾക്ക് അടക്കം സഹായം നൽകിയത് ചൂണ്ടിക്കാട്ടിയാണ് മന്ത്രിമാർ അന്ന് എതിർവാദം ഉന്നയിച്ചത്. എന്നാൽ, പത്തനംതിട്ടയിൽ സമത്വ മുന്നേറ്റയാത്രാവേദിയിൽ പ്രസംഗിച്ച വെള്ളാപ്പള്ളി നടേശൻ കോന്നി പെൺകുട്ടികളുടെ രക്ഷിതാക്കൾക്ക് ഇതുവരെ അഞ്ചു ലക്ഷം പോയിട്ട് അഞ്ചു പൈസ പോലും സഹായം കിട്ടിയില്ലെന്ന് തുറന്നടിച്ചു. തന്നെ ഇവിടെ വന്നു കണ്ട ആതിരയുടെ അച്ഛൻ രാമചന്ദ്രൻ നായർ പണം കിട്ടിയെന്ന സർക്കാരിന്റെ വാദത്തിൽ വിശ്വസിച്ച് കടക്കാർ വീട്ടിൽ കയറിയിറങ്ങുകയാണെന്ന് പറഞ്ഞതും വെള്ളാപ്പള്ളി വെളിപ്പെടുത്തി.

ഇക്കാര്യം മാദ്ധ്യമങ്ങൾ വാർത്തയാക്കിയതിന്റെ പിറ്റേന്ന് കോന്നി തഹസിൽദാർ രാജൻ മൂവരുടെയും വീടുകളിലെത്തി ചെക്ക് കൈമാറുകയായിരുന്നു. അതിന്റെ പിറ്റേന്നാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്നും ചികിത്സ- മരണാനന്തര സഹായമായി 11,25,000 രൂപ റവന്യു മന്ത്രി അടൂർ പ്രകാശ് വിതരണം ചെയ്തത്. വള്ളിക്കോട് സ്മാർട് വില്ലേജ് ഓഫീസ് ശിലാസ്ഥാപന ചടങ്ങിൽ 16 നിർധന കുടുംബങ്ങൾക്കാണ് മന്ത്രി തുക വിതരണം ചെയ്തത്. കാൻസർ ബാധിതരായ വള്ളിക്കോട് നിലയ്ക്കൽ തെക്കേതിൽ വയലാവടക്ക് ദീനാമ്മയ്ക്ക് 40,000 രൂപയും വള്ളിക്കോട് ചരുവിൽ പുത്തൻവീട്ടിൽ ശ്യാമള, കൈപ്പട്ടൂർ ചരുവിളയിൽ വിലാസിനി എന്നിവർക്ക് 50,000 രൂപ വീതവും നൽകി.

അംഗപരിമിതരായ വള്ളിക്കോട് കരയ്ക്കാട് വീട്ടിൽ ബിനി കെ.ബാബുവിന് 50,000 രൂപയും വള്ളിക്കോട് കുമ്പോംപുഴ നടരാജന് 15000 രൂപയും നൽകി. വൃക്ക-ഹൃദ്രോഗ ബാധിതയായ സീതത്തോട് പുതുപ്പറമ്പിൽ സൗമ്യ ഷിനു, വൃക്കരോഗ ബാധിതയായ കോന്നി അസിം മൻസിലിൽ ഷിനി ശ്യാം എന്നിവർക്ക് രണ്ട് ലക്ഷം രൂപ വീതവും വാഹനാപകടത്തിൽ പരിക്കേറ്റ നരിയാപുരം പരപ്പൂർ മേലേതിൽ അനീഷിന് 25000 രൂപയും തലച്ചോർ സംബന്ധമായ രോഗത്തിന് ചികിത്സയിലുള്ള കൈപ്പട്ടൂർ കാഞ്ഞിരപ്പള്ളിൽ തങ്കമണിക്ക് 20000 രൂപയും അപകടത്തിൽ മരിച്ച സീതത്തോട് കൊച്ചുകോയിക്കൽ വെറ്റമല വീട്ടിൽ പി.കെ ബാബുവിന്റെ ആശ്രിതർക്ക് ഒരു ലക്ഷം രൂപയും അപകടത്തിൽ മക്കൾ നഷ്ടപ്പെട്ട കൂടൽ പുത്തൻവിളയിൽ വിജയൻ പി.ജി, മേലേതിൽ ഉദയൻകോട് സോമൻ കെ, മലയാലപ്പുഴ കിഴക്കുപുറം ഇരപ്പൻകുഴിയിൽ രശ്മി രാജേഷ് എന്നിവർക്ക് ഒരു ലക്ഷം രൂപ വീതവും, എച്ച്.ഐ.വി ബാധിതന് 25,000 രൂപയും നട്ടെല്ല്-കശേരു സംബന്ധമായ രോഗചികിത്സയ്ക്ക് വള്ളിക്കോട് കുന്നമ്പുഴ രാജപ്പനാചാരിക്ക് 25000 രൂപയും വിതരണം ചെയ്തു.

സംസ്ഥാനത്ത് സർക്കാർ മെഡിക്കൽ കോളജിലെ ആദ്യ ഹൃദയംമാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയനായ ചിറ്റാർ മീൻകുഴി സ്വദേശി വി.കെ. പൊടിമോന്റെ ബന്ധുക്കൾക്കും ഇതുവരെ സഹായം കിട്ടിയില്ല. റവന്യു-ആരോഗ്യവകുപ്പ് മന്ത്രിമാർ കോട്ടയം മെഡിക്കൽ കോളജിൽ പൊടിമോനെ സന്ദർശിച്ച ശേഷമാണ് സഹായം വാഗ്ദാനം ചെയ്തത്. സർക്കാരിന്റെ സഹായവാഗ്ദാനം മാദ്ധ്യമങ്ങളിൽ വന്നതോടെ ഇവർക്ക് വ്യക്തികളിൽ നിന്നും സംഘടനകളിൽ നിന്നുമുള്ള സഹായം നിലച്ചു. ലക്ഷങ്ങളുടെ സാമ്പത്തിക ബാധ്യതയിൽ വലയുകയാണ് പൊടിമോന്റെ കുടുംബം.