കൊച്ചി: വന്നുവെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽസെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ ഉയരാത്ത ആരോപണങ്ങൾ ഒന്നുമില്ല എന്ന ഘട്ടമത്തെിയിരിക്കുന്നു. ശാശ്വതീകാനന്ദ സ്വാമിയുടെ മരണത്തിനും, മൈാക്രാഫിനാൻസ് തട്ടിപ്പിനും, വിദ്വേഷപ്രസംഗത്തിനും പിന്നാലെ ഇപ്പോൾ വെള്ളാപ്പള്ളിയുടെ വൈദ്യുതി മോഷണത്തിന്റെ വാർത്തകൾകൂടി പുറത്തുവന്നിരിക്കയാണ്. വെള്ളാപ്പള്ളിയുടെ ഉടമസ്ഥതയിൽ കണിച്ചുകുളങ്ങര ക്ഷേത്രത്തിന് പടിഞ്ഞാറ് സ്ഥാപിച്ച ട്രാവൻകൂർ റസിഡൻസി ഹോട്ടൽ സമുച്ചയത്തിലെയും അനുബന്ധമായുള്ള ബിയർ വൈൻ പാർലറിലാണ് കഴിഞ്ഞവർഷം നവംബർ 15ന് വൈദ്യുതി മോഷണം പിടികൂടിയത്.

പക്ഷേ എഫ്.ഐ.ആറിൽ ഒന്നാംപ്രതിയായ വെള്ളാപ്പള്ളി കേസ് കോടതിയിൽ എത്തിയപ്പോൾ പ്രതിയല്ലാതായിരക്കയാണ്. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഇടപെട്ടാണ് കേസ് അട്ടിമറിച്ചതെന്നാണ് ഇപ്പോൾ ഉയരുന്ന ആരോപണം. ഒരു വർഷംമുമ്പ് സാമുദായിക നേതാവ് മാത്രമായതിനാൽ വെള്ളാപ്പള്ളിക്ക് ആഭ്യന്തരമന്ത്രി തൊട്ട് ഉയർന്നപൊലീസ് ഉദ്യോഗസ്ഥർവരെ സുഹൃത്തുക്കളായിരുന്നു. ഇപ്പോൾ വെള്ളാപ്പള്ളി ബിജെപി പാളയത്തിലേക്ക് ചേക്കേറിയതോടെയാണ് ഈ സഹായം നിലച്ചതും കേസ് അട്ടിമറിച്ചുവെന്ന വാർത്ത പുറത്തുവരുന്നതും.

പ്രഥമവിവര റിപ്പോർട്ടിൽ ഒന്നാംപ്രതിയായ വെള്ളാപ്പള്ളിയെയും രണ്ടാംപ്രതി പി.കെ ധനേശനെയും കേസിൽനിന്ന് പൂർണമായി ഒഴിവാക്കിയാണ് പൊലീസ് കുറ്റപത്രം കോടതിയിൽ സമർപ്പിച്ചത്.പ്രതിപ്പട്ടികയിൽനിന്ന് വെള്ളാപ്പള്ളിക്കും ധനേശനും പകരം ഒന്നാം പ്രതിയായി ഹോട്ടൽ മാനേജർ തണ്ണീർമുക്കം ആറാം വാർഡിൽ കാരിക്കൽച്ചിറ ജയലാലും രണ്ടാംപ്രതിയായി എറണാകുളം പനങ്ങാട് ആർഇസി ലൈറ്റ് ആൻഡ് സൗണ്ട് ഉടമ പനമ്പള്ളിനഗർ പുല്ലാവീട്ടിൽ രാജനുമാണുള്ളത്. വെള്ളാപ്പള്ളിയെയും ധനേശനെയും കുറ്റപത്രത്തിൽ സാക്ഷികളാക്കുക പോലും ചെയ്തില്ല. പ്രഥമവിവര റിപ്പോർട്ടിലെ പ്രതികളെ ഒഴിവാക്കി പുതിയ രണ്ടുപേരെ പ്രതിചേർത്തുവെന്നത് കുറ്റപത്രത്തിൽ സൂചിപ്പിക്കുന്നില്ല. പുതുതായി ചേർക്കപ്പെട്ട പ്രതികളാണ് കുറ്റകൃത്യം നടത്തിയതെന്ന ഒരാളുടെയും മൊഴിയും കുറ്റപത്രത്തിലില്ല. കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരും പൊലീസ് ഉദ്യോഗസ്ഥരുമാണ് സാക്ഷികൾ. പ്രതികൾ ഒളിവിലായതിനാൽ അറസ്റ്റ് സാധ്യമായില്ലെന്നെ് കുറ്റപത്രത്തിൽ പൊലീസ് പറയുന്നു.

ഹൈടെൻഷൻ കണക്ഷനിലെ വൈദ്യുതി അതീവ രഹസ്യമായി ലോ ടെൻഷൻ കണക്ഷനുള്ള ബിയർ വൈൻ പാർലറിലേക്ക് എത്തിച്ചായിരുന്നു വെള്ളാപ്പള്ളിയുടെ വൈദ്യുതി വെട്ടിപ്പ്.ഋഷിരാജ് സിങ്ങ് അടക്കമുള്ള പലവമ്പന്മ്മാർക്കും പടികൊടുക്കാതെ വെള്ളാപ്പള്ളിയും കൂട്ടരും കാലങ്ങളായി ഗ്ലൈവദ്യുതി മോഷ്ടിക്കയായിരുന്നു. ഇതിനായി ഭൂമിക്കടിയിലൂടെ 80 മീറ്റർ നീളത്തിൽ കേബിൾ വലിച്ചിരുന്നു. യൂണിറ്റിന് മൂന്നര രൂപയോളമാണ് ഇതിലൂടെ ലാഭിച്ചത്.

ഇതുസംബന്ധിച്ച് കെ.എസ്.ഇ.ബി അർത്തുങ്കൽ സെക്ഷനിൽ കേസെടുക്കുകയും വെള്ളാപ്പള്ളി നഷ്ടപരിഹാരമായി രണ്ടര ലക്ഷത്തിലേറെ രൂപ അടയ്ക്കുകയും ചെയ്തു. കെ.എസ്.ഇ.ബി നൽകിയ പരാതിയിൽ അർത്തുങ്കൽ പൊലീസ് കഴിഞ്ഞ നവംബർ 16ന് 7068211ാം നമ്പരായി പ്രഥമവിവര റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചു. വെള്ളാപ്പള്ളി ഒന്നാം പ്രതിയും ധനേശൻ രണ്ടാം പ്രതിയുമായുള്ളതാണ് എഫ്.ഐ.ആർ. 17ന് സ്ഥലം സന്ദർശിച്ച അർത്തുങ്കൽ എസ്.ഐ പി.കെ രാജേന്ദ്രൻ കൃത്യസ്ഥല മഹസർ തയ്യാറാക്കിയെങ്കിലും പിന്നീട് അന്വേഷണം നിർത്തി. അടുത്തനാളിലാണ് ഇപ്പോഴത്തെ എസ്.‌ഐ വിക്രമൻ കേസന്വേഷണം ആരംഭിച്ചത്. കഴിഞ്ഞ ഒക്ടോബർ എട്ടിന് അദ്ദേഹം ചേർത്തല കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിലാണ് അട്ടിമറിയുടെ വിചിത്രമായ തെളിവുള്ളത്. കൃത്യസ്ഥല മഹസർ ഉൾപ്പെടുത്താതെയുള്ള കുറ്റപത്രം മജിസ്‌ട്രേട്ട് തിരിച്ചയച്ചു.

വീണ്ടും മഹസർ തയ്യാക്കിയത് വിചിത്രമായ രീതിയിലാണ്. ഒരുവർഷം മുമ്പത്തെ സംഭവത്തിന് കഴിഞ്ഞ ഒക്ടോബർ 30ന് രണ്ടാമത് മഹസർ തയ്യാക്കിയത്രെ. ആദ്യത്തെ മഹസറിലെ അതേ വിവരങ്ങൾ തന്നെയാണ് 13ന് സമർപ്പിച്ച മഹസറിലും. കോടതി കേസ് തള്ളാൻ ഇക്കാര്യം മാത്രം മതിയെന്ന് നിയമവിദഗ്ദ്ധർ പറയുന്നു.

2003 ലെ ഇന്ത്യൻ വൈദ്യുതി ആക്ട്(ഭേദഗതി) പ്രകാരമാണ് കേസ്. മാരാരിക്കുളം വടക്ക് പഞ്ചായത്ത് സെക്രട്ടറി കഴിഞ്ഞ സെപ്റ്റംബർ 17ന് തയ്യക്കിയ ഉടമസ്ഥാവകാശ സർടിഫിക്കറ്റ് കുറ്റപത്രത്തിനൊപ്പം സമർപ്പിച്ച രേഖകളിൽപ്പെടും. അത് പ്രകാരം വെള്ളാപ്പള്ളി നടേശനാണ് കെട്ടിടങ്ങളുടെ ഉടമ. ഹോട്ടലിലെ വൈദ്യുതി കണക്ഷൻ വെള്ളാപ്പള്ളിയുടെയും ബിയർ വൈൻ പാർലറിലേത് പൊഴിക്കൽ ധനേശന്റെയും പേരിലാണ്. കെ.എസ്.ഇ.ബി അധികൃതർ പൊലീസിന് നൽകിയ പരാതിയിൽ ഇവരെയാണ് എതിർ കക്ഷികളാക്കിയത്. തുടർന്ന് പൊലീസ് സമർപ്പിച്ച പ്രഥമവിവര റിപ്പോർട്ടിൽ ഇവർ പ്രതികളായി. എന്നാൽ ഇതെല്ലാം അട്ടിമറിച്ചാണ് പൊലീസ് ഒരാണ്ടിനുശേഷം കുറ്റപത്രം തയ്യാക്കിയതും കോടതിയിൽ സമർപ്പിച്ചതും.