തിരുവനന്തപുരം: മൈക്രോഫിനാൻസ് തട്ടിപ്പുക്കേസിൽ എൻഎൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ തെളിവു ലഭിച്ചിട്ടുണ്ടെന്ന് വിജിലൻസ്. കേസിൽ കൂടുതൽ അന്വേഷണത്തിനായി വിജിലൻസ് 20 ദിവസം അധികം ആവശ്യപ്പെട്ടെങ്കിലും കോടതി നിഷേധിച്ചു. രണ്ടാഴ്‌ച്ചക്കുള്ളിൽ പ്രാഥമിക അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്നും കോടതി നിർദ്ദേശിച്ചു.

കേസിൽ 27 സാക്ഷികളുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ടെന്നും വിജിലൻസ് കോടതിയെ അറിയിച്ചു. കേസ് ഈ മാസം 27ന് വീണ്ടും പരിഗണിക്കും. വെള്ളാപ്പള്ളി നടേശൻ ഉൾപ്പെട്ട ഇടപാടിൽ വൻതിരിമറികൾ നടന്നതായാണ് വിജിലൻസ് റേഞ്ച് എസ്‌പിയുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലെ പ്രാഥമിക നിഗമനം. വെള്ളാപ്പള്ളിക്കെതിരെ ഗൂഢാലോചന, വ്യാജരേഖ, വഞ്ചനാക്കുറ്റം, പണാപഹരണം എന്നിവയ്ക്കുപുറമേ അഴിമതി നിരോധനനിയമവും ചുമത്തുമെന്നാണ് സൂചന. വെള്ളാപ്പള്ളി അടക്കം നാലുപേരെ പ്രതികളാക്കി എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസ് നേരത്തെ നിർദ്ദേശിച്ചിരുന്നു.

എന്നാൽ ഇതേ വിഷയം ക്രൈംബ്രാഞ്ചും പരിഗണിക്കുന്നുണ്ട്. ഒരേ വിഷയത്തിൽ രണ്ട് കേസുകൾ പാടില്ലാത്തിതനാൽ നിയമോപദേശം തേടി കാക്കുകയാണ് വിജിലൻസ് ഡയറക്ടർ. വെള്ളാപ്പള്ളിയെ കൂടാതെ യോഗം പ്രസിഡന്റ് ഡോ. എം.എൻ സോമൻ, മൈക്രോഫിനാൻസ് കോർഡിനേറ്റർ കെ.കെ മഹേശൻ, സംസ്ഥാന പിന്നാക്ക വികസന കോർപറേഷൻ മുൻ മാനേജിങ് ഡയറക്ടർ എസ്. നജീബ് എന്നിവരാണു മറ്റു പ്രതികൾ. പിന്നാക്ക വികസന കോർപറേഷനിലെ ഉന്നതരുടെ ഒത്താശയോടെ നടന്ന കോടികളുടെ അഴിമതി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് വി എസ് അച്യുതാനന്ദൻ ആണ് പരാതി നൽകിയത്.

്അതിനിടെ അറസ്റ്റിനെ സമൂദായാംഗങ്ങളെ ഇളക്കിവിട്ട് പ്രതിരോധിക്കാൻ വെള്ളാപ്പള്ളിയും ഒരുങ്ങുന്നതായാണ് വിവരം. വെള്ളാപ്പള്ളി ബിജെപി പാളയത്തിലെത്തിയതോടെ സിപിഐ(എം) ഗുരുദേവനെ അപമാനിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി പ്രതിഷേധങ്ങൾ ഉയർത്തിയിരുന്നു. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിന് മുമ്പ് സിപിഐ(എം) നടത്തിയ ഘോഷയാത്രയിൽ ഗുരുദേവനെ കുരിശിൽ തറച്ചതായി ചിത്രീകരിക്കപ്പെട്ട നിശ്ചലദൃശ്യം സിപിഎമ്മിനെതിരെ അണികളെ ഇളക്കിവിടാൻ ശക്തമായ ആയുധമായി വെള്ളാപ്പള്ളി ഉപയോഗിച്ചിരുന്നു. ഇതുപോലുള്ള കാര്യങ്ങൾ ഉയർത്തിക്കാട്ടി സിപിഎമ്മിനും ഇടതുപക്ഷത്തിനുമെതിരെ അണികളിൽ വികാരമുണ്ടാക്കാനും സർക്കാരിനെതിരെ നീങ്ങാനുമാണ് വെള്ളാപ്പള്ളിയുടെയും യോഗം നേതൃത്വത്തിന്റെയും തീരുമാനമെന്നാണ് അറിയുന്നത്. ഇതിന്റെ രാഷ്ട്രീയ നേട്ടമുണ്ടാക്കാൻ ബിജെപിയും സജീവമായി തയ്യാറെടുക്കുകയാണ്. അതിനിടെ അറസ്റ്റ് ഒഴിവാക്കാൻ മുൻകൂർ ജാമ്യത്തിന്റെ സാധ്യതയും വെള്ളാപ്പള്ളി തേടുന്നുണ്ട്.

അറസ്റ്റും മറ്റും ഒഴിവാക്കാൻ മുഖ്യമന്ത്രി പിണറായി വിജയനെ വെള്ളാപ്പള്ളി നേരിട്ടെത്തി കാര്യങ്ങൾ വിശദീകരിച്ചു. എന്നാൽ ഇതൊന്നും ഫലം കണ്ടില്ലെന്നാണ് സൂചന. കേസുകളിൽ കുടുങ്ങുമെന്ന ഭയത്തിനു പുറമെ എസ്എൻഡിപി യോഗവും കൈവിട്ടുപോകുമെന്ന സ്ഥിതിയിലെത്തിനിൽക്കെ സിപിഎമ്മിൽ നിന്ന് അനുകൂലനിലപാടുണ്ടായാലേ ഇനി പിടിച്ചുനിൽക്കാനാകൂ എന്ന സ്ഥിതിയിലാണ് വെള്ളാപ്പള്ളി പിണറായിയെ സമീപിച്ചത്. ബിജെപി പാളയത്തിലെത്തിയതോടെ കോൺഗ്രസിലെ ഒരു നേതാവിന്റെയും പിന്തുണയില്ലാതെ ഒറ്റപ്പെട്ടുപോയ വെള്ളാപ്പള്ളിക്ക് അവസാന പ്രതീക്ഷ പിണറായിയായിരുന്നു. എന്നാൽ അതും തള്ളപ്പെട്ടതോടെ വലിയ പ്രതിസന്ധി നേരിടുകയാണ്

വിജിലൻസ് കേസെടുക്കുമെന്നും പിടിവീഴുമെന്നും ഉറപ്പായതോടെയാണ് കഴിഞ്ഞദിവസം മുഖ്യമന്ത്രിക്കുമുന്നിൽ വെള്ളാപ്പള്ളി ശരണം തേടിയെത്തിയത്. ഇതിനു മുന്നോടിയായി ശനിയാഴ്ച യോഗം നേതാക്കളുടെ അടിയന്തിര യോഗവും വിളിച്ചുചേർത്തിരുന്നു. യോഗാനന്തരം നടന്ന പത്രസമ്മേളനത്തിൽ പിണറായിയെ വെള്ളാപ്പള്ളി ഏറെനേരം പ്രശംസിക്കുകയും ചെയ്തു. പിണറായിക്ക് കാര്യങ്ങൾ പറഞ്ഞാൽ ബോധ്യപ്പെടും. ചില ദുഷ്ടശക്തികൾ വി.എസിനെ തെറ്റിദ്ധരിപ്പിച്ച് പ്രചാരണങ്ങൾ നടത്തുകയാണ്. ക്രൈംബ്രാഞ്ചിനും വിജിലൻസിനും പരാതി നൽകി യോഗത്തെ തകർക്കാനും തളർത്താനുമാണ് ചിലരുടെ ശ്രമമെന്നായിരുന്നു വെള്ളാപ്പള്ളിയുടെ വാദം. വി എസ് അച്യുതാനന്ദൻ ഒരുവശത്തുനിന്ന് മൈക്രോഫിനാൻസ് തട്ടിപ്പിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് പിടിമുറുക്കുമ്പോൾ മറുവശത്ത് ശ്രീനാരായണ ധർമ്മവേദിയുടെ നേതൃത്വത്തിൽ ഈ വിഷയത്തിനു പുറമേ ശാശ്വതീകാനന്ദയുടെ ദുരൂഹമരണത്തിലും പുനരന്വേഷണം ആവശ്യം ഉയർന്നിരുന്നു. ഇതും പിണറായി സർക്കാർ പരിഗണിക്കുന്നതായി സൂചനയുണ്ട്.

മൈക്രോഫിനാൻസുമായി ബന്ധപ്പെട്ട 15 കോടിയോളം രൂപയുടെ തട്ടിപ്പു നടത്തിയെന്നാണ് വെള്ളാപ്പള്ളിയുൾപ്പെടെയുള്ള യോഗം നേതാക്കൾക്കെതിരായ ആരോപണം. യോഗം പ്രസിഡന്റ് എംഎൻ. സോമൻ, മൈക്രോഫിനാൻസ് കോ ഓർഡിനേറ്റർ കെകെ മഹേശൻ, സംസ്ഥാന പിന്നോക്ക ക്ഷേമ കോർപ്പറേഷൻ മുൻ മാനേജിങ് ഡയറക്ടർ എസ് നജീബ് എന്നിവരും പ്രതിസ്ഥാനത്തുണ്ട്. വെള്ളാപ്പള്ളിക്കെതിരെ ഗൂഢാലോചന, വ്യാജരേഖ ചമയ്ക്കൽ, വഞ്ചനാക്കുറ്റം, ധനാപഹരണം എന്നീ ആരോപണങ്ങളാണുള്ളത്. ഇതിനു പുറമെ അഴിമതി നിരോധന നിയമപ്രകാരവും കേസുവരും. ഇക്കാര്യങ്ങൾ ക്രൈംബ്രാഞ്ച് അന്വേഷിക്കുന്ന സാഹചര്യത്തിൽ സമാന്തര അന്വേഷണം നടത്താമോ എന്ന് വിജിലൻസ് നിയമോപദേശം തേടിയിരിക്കുകയാണ്.

അനുകൂല റിപ്പോർട്ടുണ്ടായാൽ ഉടൻ ഈ കുറ്റങ്ങൾ ചുമത്തി വിജിലൻസ് കോടതിയെ സമീപിക്കാനും അതിനുപിന്നാലെ വെള്ളാപ്പള്ളിയെ പ്രതിയാക്കി എഫ്ഐആർ സമർപ്പിക്കാനുമാണ് വിജിലൻസ് ഒരുങ്ങുന്നത്. പിന്നാക്ക വികസന കോർപറേഷൻ എസ്എൻഡിപി യോഗത്തിനു നൽകിയ 15 കോടിയോളം രൂപ യോഗം ശാഖകൾ വഴി വിതരണം ചെയ്തത് അമിതപലിശയ്ക്കായിരുന്നു. അഞ്ചു ശതമാനത്തിൽ താഴെ പലിശയേ ഈടാക്കാവൂ എന്ന വ്യവസ്ഥ മറികടന്ന് 10-15% പലിശ ഗുണഭോക്താക്കളിൽനിന്ന് ഈടാക്കിയെന്നും പല ശാഖകളും ഇങ്ങനെ ലഭിച്ച പണം ദുർവിനിയോഗം ചെയ്തതായും വിജിലൻസ് കണ്ടെത്തിയിട്ടുണ്ട്. വായ്പ അംഗങ്ങൾക്കു നേരിട്ടു നൽകാതെ വെള്ളാപ്പള്ളിയുടെ പേരിലുള്ള ചെക്കായാണു നൽകിയതെന്ന വാദവും ഉയരുന്നു.

അതേസമയം തനിക്കു ലഭിച്ച പണം വിവിധ ജില്ലാ യൂണിയനുകൾക്ക് വീതിച്ചുനൽകുക മാത്രമാണ് ചെയ്തതെന്നും അതിൽ ചിലർ ആ പണം വകമാറ്റിയെന്നുമാണ് വെള്ളാപ്പള്ളിയുടെ നിലപാട്. ഇതോടെ ജില്ലാ ഭാരവാഹികളിൽ ചിലരെ കുടുക്കി കൈകഴുകാനാണ് വെള്ളാപ്പള്ളിയുടെ നീക്കമെന്ന് യോഗത്തിനുള്ളിൽ തന്നെ വലിയ ചർച്ചയായി. മാത്രമല്ല, ലോണെടുത്ത് വെട്ടിലായ പലരും വെള്ളാപ്പള്ളിക്കെതിരെ നീങ്ങുന്നതായാണ് സൂചനകൾ. ഇതോടെ നിലവിൽ എസ്എൻഡിപി യോഗത്തിൽ രണ്ടുചേരി രൂപപ്പെടുന്ന സാഹചര്യമാണുള്ളത്.