പത്തനംതിട്ട: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തിയത് വെറുതേയല്ല. മൈക്രോഫിനാൻസ് കേസിൽ നിന്ന് തലയൂരാനാണ് വെള്ളാപ്പള്ളി പിണറായിയെ കണ്ടത് എന്ന ആക്ഷേപം പരക്കുന്നതിനിടെയാണ് സന്ദർശനത്തിന്റെ യഥാർഥ ലക്ഷ്യം മറ്റൊന്നായിരുന്നുവെന്ന തരത്തിൽ പ്രചാരണം നടക്കുന്നത്.

എസ്എൻ ട്രസ്റ്റ് സ്‌കൂളുകളിൽ അടുത്തുണ്ടാകാൻ പോകുന്ന 55 ൽപ്പരം അദ്ധ്യാപക ഒഴിവുകളിലേക്ക് നിയമനം നടത്താൻ പിഎസ് സിക്ക് വിട്ടു കൊടുക്കാൻ തയാറാണെന്ന് അറിയിക്കാനാണത്രേ വെള്ളാപ്പള്ളി പോയതെന്നാണ് അദ്ദേഹത്തിന്റെ അടുത്ത അനുയായികൾ പ്രചരിപ്പിക്കുന്നത്. അടുത്തിടെ എസ്എൻട്രസ്റ്റ് പൊതുയോഗവും ഇങ്ങനെ ഒരു നിലപാട് എടുത്തിരുന്നു. എസ്എൻഡിപി ഈ മാതൃക കാണിക്കുന്നതോടെ മറ്റു മാനേജ്മെന്റുകൾക്കും അത് പിന്തുടരേണ്ടി വരുമത്രേ.

അങ്ങനെ വരുമ്പോൾ സംവരണം അനുസരിച്ച് കൂടുതൽ ഈഴവർക്ക് പണം കൊടുക്കാതെ എല്ലാ സ്ഥാപനങ്ങളിലും ജോലി ലഭിക്കുമെന്ന് നിലപാടാണ് വെള്ളാപ്പള്ളിക്കുള്ളത്. എന്നാൽ, വെള്ളാപ്പള്ളിയുടെ ഈ നിലപാടിനോട് സർക്കാർ പ്രതികരിച്ചിട്ടില്ലെന്നും അറിയുന്നു. ഇത്തരമൊരു നീക്കത്തിന് എസ്എൻഡിപി തയാറാകുമെങ്കിലും മറ്റ് മാനേജ്മെന്റുകൾ വഴങ്ങില്ല. ഏറ്റവുമധികം വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉള്ളത് ക്രിസ്ത്യൻ, മുസ്ലിം മാനേജ്മെന്റുകൾക്കാണ്. സ്വാഭാവികമായും എസ്എൻഡിപിയുടെ നീക്കം തിരിച്ചടിയാകുന്നതും അവർക്കാകും. ഈ സാഹചര്യത്തിൽ സർക്കാരിന് അവരെ നിർബന്ധിക്കാനും കഴിയില്ല. ഇതു കാരണം പിണറായി വെള്ളാപ്പള്ളിക്ക് ഉറപ്പ് കൊടുത്തിട്ടുമില്ല.

അതേസമയം, വെള്ളാപ്പള്ളിയുടേത് വെറും തള്ളു മാത്രമാണെന്നാണ് എതിർപക്ഷം പറയുന്നത്. 55-65 ലക്ഷം (ചില വിഷയങ്ങൾക്ക് 75 ലക്ഷം) വാങ്ങി നിയമനം നടത്തുന്ന വെള്ളാപ്പള്ളി ഒരിക്കലും ഇങ്ങനെ ഒരു മണ്ടത്തരം കാണിക്കില്ലെന്നും നാണക്കേട് ഒഴിവാക്കാൻ അണികൾ പ്രചരിപ്പിക്കുന്നതാണ് ഈ കഥയെന്നുമാണ് എതിർ പക്ഷത്തുള്ളവർ പറയുന്നത്.

നേരത്തെ എസ്എൻ ട്രസ്റ്റിന് കീഴിലുള്ള കോളജുകളിൽ അദ്ധ്യാപക നിയമന വിഷയത്തിൽ വെള്ളാപ്പള്ളി നടേശന് ഹൈക്കോടതിയിൽ നിന്നും തിരിച്ചടിയേറ്റിരുന്നു. എസ്എൻ ട്രസ്റ്റിന് കീഴിലെ വിവിധ കോളേജുകളിലെ 83 അസിസ്റ്റന്റ് പ്രൊഫസർമാരുടെ നിയമനം ഹൈക്കോടതി തടഞ്ഞ അവസ്ഥയുണ്ടായിരുന്നു. ഈ വിഷയത്തിൽ വി എസ് അച്യുതാനന്ദൻ വെള്ളാപ്പള്ളിക്കെതിരെ തെരഞ്ഞെടുപ്പ് കാലത്ത് ആഞ്ഞടിച്ചിരുന്നു.

എസ്എൻ ട്രസ്റ്റ് കോളജുകളിലെ അദ്ധ്യാപക-അനധ്യാപക നിയമനങ്ങൾക്ക് വെള്ളാപ്പള്ളി കോടികളാണ് കോഴ വാങ്ങിയതെന്ന് വി എസ് ആരോപിക്കുകയുണ്ടായി. 302 നിയമനങ്ങൾ നാലുവർഷം കൊണ്ട് നടത്തിയെന്നും ഒരു നിയമനത്തിന് 25 മുതൽ 40 ലക്ഷം രൂപവരെയാണ് കോഴ വാങ്ങിയതെന്നും വി എസ് ആരോപിച്ചു. നാല് വർഷം കൊണ്ട് നൂറുകോടി രൂപയോളം വെള്ളാപ്പള്ളി കോഴയായി വാങ്ങി. ഇങ്ങനെ കിട്ടിയ പണം സ്വന്തം കീശ വീർപ്പിക്കാനാണ് ഉപയോഗിക്കുന്നത്. ഈഴവർക്കു വേണ്ടി ഒരു രൂപപോലും ഉപയോഗിച്ചിട്ടില്ലെന്നും വി എസ് ആരോപിക്കുകയുണ്ടായി.