കൊച്ചി: എസ്എൻഡിപി യോഗത്തിലെ പ്രാതിനിധ്യ വോട്ടവകാശം ഹൈക്കോടതി റദ്ദാക്കിയ വിധിയിർ പ്രതികരണവുമായി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. കാലങ്ങളായി പ്രാതിനിധ്യ വോട്ട് വ്യവസ്ഥയിലാണ് എസ്എൻഡിപി യോഗം മുന്നോട്ട് പോയതെന്നും അതിൽ ജനാധിപത്യം ഇല്ലായ്മയില്ലെന്നും വെള്ളാപ്പള്ളി പ്രതികരിച്ചു. വിശദമായി പ്രതികരിക്കുന്നത് വിധി പഠിച്ച ശേഷം ആകാമെന്നും അദ്ദേഹം പറഞ്ഞു.

പ്രതിനിധ്യ വേട്ടിലാണ് ഇതുവരെയും എസ്എൻഡിപി മുന്നോട്ട് പോയത്. 25 കൊല്ലമായി ഞാൻ ഭരിക്കുന്നു. എന്നെ തെരഞ്ഞെടുത്തത് പ്രാതിനിധ്യ സ്വഭാവത്തിലാണ്. ഇത് എത്രയോ വർഷങ്ങളായി തുടരുന്നു. ഇപ്പോഴും ജനാധിപത്യ രീതിയിൽ തന്നെയാണ് പോവുന്നത്. 25 കൊല്ലങ്ങൾക്ക് മുമ്പ് ഭരിച്ച പലരുമുണ്ടല്ലോ. അന്ന് നൂറിലൊന്നായിരുന്നു വോട്ട് പ്രാതിനിധ്യം. അന്ന് ജനാധിപത്യം ഇല്ലായിരുന്നോ. ഞാൻ ഭരിച്ചപ്പോൾ മാത്രമാണോ ജനാധിപത്യം ഇല്ലാതെ പോയത്. നിങ്ങൾ ആവശ്യമില്ലാത്തതൊന്നും പറയണ്ട. ജനാധിപത്യവും ജനാധിപത്യ ഇല്ലായ്മയും ജനങ്ങൾക്കറിയാം, വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.

പ്രാതിനിധ്യ വോട്ടവകാശം ഹൈക്കോടതി റദ്ദാക്കിയതോടെ 200 അംഗങ്ങൾക്ക് ഒരു വോട്ട് എന്നുള്ള എസ്എൻഡിപി യോഗ വ്യവസ്ഥയാണ് ഇല്ലാതായത്. ഇനി എല്ലാ അംഗങ്ങൾക്കും വോട്ട് രേഖപ്പെടുത്താനാവും. എസ്എൻഡിപി ഭരണസമിതിയുടെ കാലാവധി അഞ്ച് വർഷമാക്കിയ നടപടിയും ഹൈക്കോടതി റദ്ദാക്കി. ഇതോടെ ഭരണ സമിതിയുടെ കാലാവധി മൂന്ന് വർഷമായി ചുരുങ്ങി. കമ്പനി നിയമം അനുസരിച്ച് കേന്ദ്രം നൽകിയ പ്രത്യേക ഇളവിനൊപ്പം 1999 ലെ ബൈലോ ഭേദഗതിയും ഹൈക്കോടതി റദ്ദാക്കി.

എസ്എൻഡിപി യോഗം തെരഞ്ഞെടുപ്പ് അടുത്തമാസം നടക്കാനിരിക്കെയാണ് സുപ്രധാന വിധി. ഈ സാഹചര്യത്തിൽ വെള്ളാപ്പള്ളി നടേശനും സംഘത്തിനും കനത്ത തിരിച്ചടിയാണ് ഹൈക്കോടതി വിധിയെന്നാണ് വിലയിരുത്തൽ. പ്രാതിനിത്യ വോട്ടവകാശം ചോദ്യം ചെയ്ത ഹർജികൾ പരിഗണിച്ചാണ് ഉത്തരവ്. പതിനായിരത്തോളം അംഗങ്ങളാണ് എസ്എൻഡിപിയിൽ ഉള്ളത്.