പത്തനംതിട്ട: വായിൽ തോന്നുന്നത് വിളിച്ചു കൂവുന്നത് എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ പതിവാണ്. അക്കിടി പറ്റിയെന്ന് മനസിലായാൽ ഒരുളുപ്പും കൂടാതെ മലക്കം മറിയുകയും ചെയ്യും. പുലിവാൽ കല്യാണം സിനിമയിൽ ജഗതി അവതരിപ്പിച്ച കഥാപാത്രത്തോട് വെള്ളാപ്പള്ളിക്ക് ഏറെ സാമ്യമുണ്ട്. മകനുമായി കല്യാണം ഉറപ്പിച്ച ചേരിയിലെ പെണ്ണിന്റെ കൈയിൽ നിന്ന്, അവസരം മാറുന്നതിന് അനുസരിച്ച് മോതിരം ഇടുകയും ഊരുകയും ചെയ്യുന്നതാണ് ജഗതിയുടെ കഥാപാത്രം.

ഇതേ നിലപാട് തന്നെയാണ് വെള്ളാപ്പള്ളിയും സ്വീകരിക്കുന്നത്. ശബരിമല യുവതി പ്രവേശന വിഷയത്തിൽ ആദ്യം സർക്കാരിന് ഒപ്പം നിലകൊണ്ടു. സമുദായത്തിലും ബിഡിജെഎസിലും നിന്നുള്ള എതിർപ്പ് ശക്തമായതോടെ നിലപാടിൽ വെള്ളം ചേർത്ത് നടേശൻ മലക്കം മറിഞ്ഞു. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി നവോത്ഥാന മതിൽ പണിയാൻ വിളിച്ച യോഗത്തിൽ നടേശന്റെ ചാടിക്കളി കണ്ട് സമുദായാംഗങ്ങൾ മൂക്കത്ത് വിരൽ വച്ചു. നവോത്ഥാന മതിൽ തീർക്കാൻ ഈഴവപ്പെണ്ണുങ്ങളും ഉണ്ടാകുമെന്ന് അദ്ദേഹം തുറന്നടിച്ചു.

ഇതു വരെ ഈ നിലപാടിൽ നിന്ന് മാറിയിട്ടില്ല. പക്ഷേ, ഇവിടെ ശരിക്കും വെട്ടിലായത് എസ്എൻഡിപി യൂണിയൻ ഭാരവാഹികളും ബിഡിജെഎസുമാണ്. ബിഡിജെഎസിന്റെ തലപ്പത്തുള്ളവരെല്ലാം തന്നെ എസ്എൻഡിപിയുടെ യൂണിയൻ ഭാരവാഹികളും യോഗം കൗൺസിലർമാരുമാണ്. ഇവർക്ക് വെള്ളാപ്പള്ളി എങ്ങോട്ട് ചായുന്നുവോ അവിടേക്ക് വളയാനേ കഴിയുകയുള്ളൂ. എന്നാൽ സമുദായാംഗങ്ങൾക്ക് ഈ പ്രശ്നമില്ല. സിപിഎമ്മുകാരായ ഒരു ന്യൂനപക്ഷം ഒഴിച്ച് ഈഴവ സമുദായത്തിലെ 90 ശതമാനം പേരും വെള്ളാപ്പള്ളിക്കെതിരേ നിലപാട് സ്വീകരിച്ചു കഴിഞ്ഞു. സാമൂഹിക മാധ്യമങ്ങളിൽ വെള്ളാപ്പള്ളിക്കെതിരേ ട്രോൾ നിറഞ്ഞുവെന്ന് മാത്രമല്ല, ചില ശാഖകളിൽ കോലംകത്തിക്കലും പന്തം കൊളുത്തി പ്രകടനവും വരെ നടക്കുന്നു.

ഇതൊക്കെ കണ്ടിട്ടും യൂണിയൻ നേതാക്കൾ വെള്ളാപ്പള്ളിക്കൊപ്പമാണ് നിലയുറപ്പിച്ചത്. ഇത്രയും നാൾ വിശ്വാസികൾക്കൊപ്പം നാമജപത്തിനും അയ്യപ്പസംഗമത്തിനും പോയിരുന്ന എസ്എൻഡിപിയുടെയും ബിഡിജെഎസിന്റെയും നേതാക്കൾ ഇന്നലെ മുതൽ ജനറൽ സെക്രട്ടറിയെ ഭയന്ന് മാളത്തിൽ ഒളിച്ചിരിക്കുകയാണ്. പത്തനംതിട്ടയിൽ ഇന്നലെ ശബരിമല കർമസമിതി സംഘടിപ്പിച്ച അയ്യപ്പസംഗമത്തിന്റെ മുഖ്യചുമതലക്കാരിൽ ഒരാൾ പത്തനംതിട്ട എസ്എൻഡിപി യൂണിയൻ പ്രസിഡന്റ് കെ പത്മകുമാറായിരുന്നു. എന്നാൽ, വൈകിട്ട് പരിപാടിയുടെ സമയം അടുത്തപ്പോഴേക്കും അദ്ദേഹം മുങ്ങി.

ബിഡിജെഎസ് സംസ്ഥാന വൈസ് പ്രസിഡന്റു കൂടിയാണ് പത്മകുമാർ. ബിഡിജെഎസ് നിലപാട് അനുസരിച്ചാണ് നാമജപഘോഷയാത്രയും അയ്യപ്പസംഗമവും നടന്നത്. എന്നിട്ടു പോലും സംസ്ഥന വൈസ് പ്രസിഡന്റായ പത്മകുമാർ അതിൽ പങ്കെടുക്കാൻ ഭയന്നു. വെള്ളാപ്പള്ളിയുടെ അപ്രീതി നേരിടേണ്ടി വരുമെന്ന ഭയമായിരുന്നു പത്മകുമാറിന്. എൻഡിഎയുടെ കാരുണ്യത്തിൽ ഐആർടിഡിസി ഡയറക്ടറായ ആളാണ് പത്മകുമാർ. ബിഡിജെഎസിന്റെ ലേബലിലാണ് ഇതു ലഭിച്ചതും. എന്നിട്ടും പാർട്ടിയെ തള്ളിപ്പറഞ്ഞ് വെള്ളാപ്പള്ളിക്കൊപ്പം നിൽക്കുകയാണ് അദ്ദേഹം ചെയ്തത്. സംസ്ഥാനത്തെ ഓരോ എസ്എൻഡിപി ഭാരവാഹിയും ഇതേ അവസ്ഥയിലാണ്.

നേതാക്കൾ വിട്ടു നിന്നെങ്കിലും ഈഴവ സമുദായത്തിന്റെ പങ്കാളിത്തം യോഗത്തിൽ ഏറെയുണ്ടായി. ശബരിമല കർമ സമിതി വർക്കിങ് ചെയർപേഴ്സൺ കെപി ശശികല, കെപിഎംഎസ് സംസ്ഥാന പ്രസിഡന്റ് എൻകെ നീലകണ്ഠൻ, കർമ്മസമിതി സംസ്ഥാന കൺവീനർ എസ്ജെആർ കുമാർ, ഹിന്ദു ഐക്യവേദി സംസ്ഥാന സംഘടനാ സെക്രട്ടറി കെപി ഹരിദാസ്, വിവിധ ഹൈന്ദവ സംഘടന, സാമുദായിക സംഘടനാ പ്രതിനിധികളായ അഡ്വ. സിഎൻ സോമനാഥൻ നായർ, മോഹനൻ, രഘുനാഥ്, സോയ, ജയശ്രീ സുരേഷ്, നാഗരാജ്, ഇഎസ് ബിജു, ബിന്ദു മോഹൻ, ഇലന്തൂർ ഹരിദാസ് എന്നിവർ സംബന്ധിച്ചു.