തിരുവനന്തപുരം: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ നയിക്കുന്ന സമത്വ മുന്നേറ്റ യാത്ര വർഗീയ വിഷം ചീറ്റി മുന്നോട്ടു പോകുമ്പോൾ യാത്രയുമായി സഹകരിക്കുന്ന സംഘടനകൾക്കുള്ളിൽ കലഹം രൂക്ഷമാകുന്നു. കോഴിക്കോട് മാൻഹോളിൽ വീണ് മരണപ്പെട്ട നൗഷാദ് എന്ന യുവാവിനെ അവഹേളിക്കുന്ന വിധത്തിൽ വർഗീയ വിഷം ചീറ്റിയ വെള്ളാപ്പള്ളിയുടെ നിലപാട് യാത്രയുമായി സഹകരിക്കുന്ന സംഘടനകൾക്കെല്ലാം അപമാനമായി മാറിയെന്നാണ് പൊതുവിലുള്ള വിലയിരുത്തൽ. ഇങ്ങനെ തീവ്രനിലപാട് സ്വീകരിക്കുന്ന ഒരാളുമായി സഹകരിക്കുന്നത് തങ്ങളുടെ സമുദായങ്ങളെ അപമാനിക്കുന്നതിന് തുല്യമാണെന്നാണ് ഇവർ പറയുന്നത്.

വെള്ളാപ്പള്ളി നടേശന്റെ സമത്വ മുന്നേറ്റ യാത്രയിലൂടെ ഭൂരിപക്ഷം വരുന്ന ഹിന്ദു സംഘടനകളെ ഏകോപിപ്പിച്ചു നിർത്താം എന്ന തന്ത്രമായിരുന്നു പയറ്റിയത്. എന്നാൽ ഈ തന്ത്രം പാളി എന്ന് മാത്രമല്ല, തിരിച്ചടിയാകുകയും ചെയ്തു. കേരളത്തിലെ ഇരുമുന്നണികളുമായി സഹകരിച്ച് സമ്മർദ്ദ ഗ്രൂപ്പായി തുടരാൻ ഇഷ്ടപ്പെടുന്നവരാണ് ഭൂരിഭാഗം വരുന്ന ഹിന്ദു പിന്നോക്ക സമുദായ സംഘടനകളും. ഇപ്പോൾ വെള്ളാപ്പള്ളിയുടെ യാത്രയുമായി സഹകരിക്കുന്നതിലൂടെ തങ്ങളുടെ വിലപേശൽ ശക്തി തന്നെ ഇല്ലാതാകുന്നു എന്നതാണ് ഈ സംഘടനകളുടെ വിലയിരുത്തൽ. ഇക്കൂട്ടർ യാത്രക്കെതിരെ പരസ്യമായി അസംതൃപ്തി അറിയിച്ചു കഴിഞ്ഞു.

വെള്ളാപ്പള്ളിയുടെ യാത്രയെ പിന്തുണയ്ക്കുന്നു എന്ന് പറയുന്ന സംഘടനകളിൽ നിന്നു തന്നെ പ്രതിഷേധം ഉയർന്നതോടെ സമത്വ മുന്നേറ്റയാത്രയ്ക്ക് മുഴുവൻ ഹിന്ദു സംഘടനകളുടെയും പിന്തുണ ഉണ്ടെന്ന വാദനും പൊളിയുന്നു. യാത്രയിൽ ഭൂരിപക്ഷവും എസ്എൻഡിപി പ്രവർത്തകരും ആർഎസ്എസിന്റെ അനുചരന്മാരുമാണുള്ളത്. വെള്ളാപ്പള്ളിയോട് അടുപ്പമുള്ളർ തന്നെയാണ് യാത്രയുടെ അമരക്കാരും. അതുകൊണ്ട് തന്നെ അവിടെ നടക്കുന്നത് ഏകാധിപത്യപരമായ നിലപാടാണെന്നും ചെറിയ സംഘടനകൾ പരിഭവം പറയുന്നുണ്ട്.

ഇടതു വലതു മുന്നണികളിലെ സാമുദായിക ബന്ധമുള്ള നേതാക്കൾ മുൻകൈയെടുത്താണ് സമത്വ മുന്നേറ്റയാത്രയ്‌ക്കെതിരെ നിലപാടെടുത്തിരിക്കുന്നത്. വെള്ളാപ്പള്ളി നടേശന്റെ യാത്രയിൽ പങ്കെടുക്കേണ്ടെന്ന് അഖില കേരളാ ധീരവ സഭ പരസ്യമായി നിലപാട് എടുക്കുകയുണ്ടായി. സമുദായിക സംവരണത്തിന്റെ ഗുണഫലം അനുഭവിക്കുന്ന 106 പട്ടികജാതി വർഗ്ഗങ്ങളോടും 81 പിന്നോക്ക സമുദായത്തോടുമുള്ള വെല്ലുവിളിയാണ് സമത്വ മന്നേറ്റ യാത്രയെന്ന് ധീരവസഭ ജനറൽ സെക്രട്ടറി ദിനകരൻ അഭിപ്രായപ്പെട്ടിരുന്നു.

വെള്ളാപ്പള്ളിയോട് സഹരികരിക്കുന്നതിനെ ചൊല്ലി കെപിഎംഎസിൽ അഭിപ്രായ ഭിന്നത രൂക്ഷമാണ്. ചരിത്രത്തിലാദ്യമായി ഒരു ദളിത് സംഘടനയ്ക്ക് സർക്കാർ മൂന്ന് എയ്ഡഡ് കോളേജ് നൽകിയത് കെപിഎംഎസ്സിനാണ്. സമത്വ മുന്നേറ്റയാത്രയോട് സഹകരിക്കുകയാണെങ്കിൽ തുടർനടപടികൾക്ക് പ്രതിസന്ധിയുണ്ടാകുമെന്ന് വെള്ളാപ്പള്ളിയെ എതിർക്കുന്നവർ വാദിക്കുന്നു. സമത്വ മുന്നേറ്റ യാത്രയിൽ പങ്കെടുക്കുന്ന യോഗക്ഷേമസഭ സംസ്ഥാന പ്രസിഡന്റ് അക്കീരമൺ കാളിദാസ ഭതിരിപ്പാടിനെതിരെ വിവിധ ജില്ലാ കമ്മിറ്റികൾ വിമർശനം ഉന്നയിച്ചിരുന്നു. അക്കീരമൺ തന്നിഷ്ടപ്രകാരമാണ് യാത്രയിൽ പങ്കെടുക്കുന്നതെന്നും എസ്എൻഡിപി യാത്രയ്ക്ക് പിന്തുണ നൽകുന്നത് കൂട്ടായെടുത്ത തീരുമാനമല്ലെന്നുമുള്ള ആരോപണങ്ങൾ സംഘടനയ്ക്ക് ഉള്ളിൽ നിന്നു തന്നെ ഉണ്ടായിരുന്നു. കാളിദാസ ഭട്ടതിരിപ്പാടിനെ പ്രസിഡന്റ് സ്ഥാനത്തു നിന്നും പുറത്താക്കണമെന്നും ആവശ്യമുയരുന്നു.

പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കുമെന്ന് വെള്ളാപ്പള്ളി പ്രഖ്യാപിച്ചപ്പോൾ തന്നെ 108 ഹിന്ദു സംഘടനകൾ ചേർന്ന് ഹിന്ദു പാർലമെന്റ് വെള്ളാപ്പള്ളിയെ പുറത്താക്കിയിരുന്നു. വിശ്വകർമ്മ സഭയുടെ പ്രസിഡന്റ് അഡ്വ. പി ആർ ദേവദാസിനെ ചെയർമാനായി തിരഞ്ഞെടുക്കുകയും ചെയ്തു. വെള്ളാപ്പള്ളിയായിരുന്നു ഈ സംഘടനയുടെ ചെയർമാൻ. ഏതെങ്കിലും ഹിന്ദു സമുദായങ്ങൾ രാഷ്ട്രീയ പാർട്ടി രൂപീകരിക്കുന്നത് സംഘടന അനുകൂലിക്കുന്നില്ലെന്ന് ഭാരവാഹികൾ പറഞ്ഞു. യാത്രയുടെ ഉദ്ഘാടനം കർണ്ണാടകയിൽ പേജാവർ മഠാധിപതി വിശ്വേശ്വരയ്യ തീർത്ഥയാണ് നിർവഹിച്ചത്. ബ്രാഹ്മണരുടെ എച്ചിലിലയിൽ അവർണർ ഉരുള്ള അനാചാരത്തെ പ്രോത്സാഹിപ്പിച്ചിരുന്ന ആളായിരുന്നു വിശ്വേശ്വരയ്യ. സംവരണ വിരുദ്ധ നിലപാടെടുക്കുന്ന സംഘപരിവാരത്തോട് എസ്എൻഡിപി കാണിക്കുന്ന അടുപ്പവും പിന്നോക്ക സംഘടനകളുടെ അതൃപ്തിക്ക് കാരണമാകുന്നു.

അതിനിടെയാണ് വെള്ളാപ്പള്ളിയുടെ തീവ്രവിഷം ചീറ്റുന്ന പ്രസ്താവനയുണ്ടായത്. നൗഷാദിനെതിരെയുള്ള പരാമർശം ബിജെപി നേതാക്കളെയും ചൊടിപ്പിച്ചിട്ടുണ്ട്. വെള്ളാപ്പള്ളിയുടെ പ്രസ്താവന ദേശീയ തലത്തിൽ തന്നെ ബിജെപിക്ക് തിരിച്ചടിയാകുമോ എന്നതാണ് നേതാക്കളുടെ ഭയം. പ്രത്യേകിച്ചും അസഹിഷ്ണുത വാദം ദേശീയ തലത്തിൽ വിവാദമായിരിക്കുന്ന സാഹചര്യത്തിൽ. അതുകൊണ്ട തന്നെ വെള്ളാപ്പള്ളിയോട് അകലം പാലിക്കാനാണ് ബിജെപിയുടെ ശ്രമം.

വെള്ളാപ്പള്ളി യാത്ര നടത്തുന്നത് മകനെ കേന്ദ്രമന്ത്രിയാക്കാനാണോ എന്ന സംശയവും ബിജെപി നേതാക്കൾക്കുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് അത്തരമൊരു നീക്കം ഉണ്ടായാൽ അത് ബിജെപിക്ക് കനത്ത തിരിച്ചടിയാകും. ഇവിടെ നിരവധി നേതാക്കൾ മന്ത്രിമോഹവുമായി നടന്നിട്ടും മോദിയും അമിത് ഷായും കനിഞ്ഞിട്ടില്ല. എന്നാൽ വിഎച്ച്പിയെ കൂട്ടുപിടിച്ചാണ് വെള്ളാപ്പള്ളിയുടെയും മകന്റെയും ഓപ്പറേഷൻ. ഇത് വിജയിക്കാതിരിക്കാന് കേരളത്തിലെ നേതാക്കൾ തന്നെ രംഗത്തുണ്ട്. എന്തായാലും വെള്ളാപ്പള്ളിയുടെ യാത്ര തിരുവനന്തപുരത്ത് എത്തുമ്പോൾ അത് കേരളത്തിലെ രാഷ്ട്രീയ സാഹചര്യത്തിൽ എന്ത് മാറ്റമുണ്ടാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ ഉറ്റുനോക്കുന്നത്.