- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എല്ലാവർക്കും വോട്ടവകാശം ലഭിക്കുന്നതോടെ വെള്ളാപ്പള്ളി തോൽവി ഭീതിയിൽ; ഹൈക്കോടതി വിധിയെ മറികടക്കാൻ സർക്കാരിനെ സമീപിക്കാനൊരുങ്ങി എസ്.എൻ.ഡി.പി യോഗം; സർക്കാറിനോട് ആവശ്യപ്പെടുന്നത് കമ്പനി നിയമത്തിൽ ഇളവ് വേണമെന്ന്; വെള്ളാപ്പള്ളിക്ക് കസേര ഉറപ്പിക്കാൻ പിണറായി കനിയുമോ?
ആലപ്പുഴ: ഹൈക്കോടതി ഉത്തരവ് പ്രകാരം എസ്എൻഡിപി യോഗം തെരഞ്ഞെടുപ്പു നടത്തിയാൽ വെള്ളാപ്പള്ളി നടേശൻ തോൽവി രുചിക്കുമോ എന്ന ഭയത്തിലാണ്. എങ്ങനെയും വീണ്ടും എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറിയുടെ കസേര ഉറപ്പിക്കാൻ പാടുപെടുന്ന വെള്ളാപ്പള്ളി അതിന് വേണ്ടി സർക്കാർ സഹായം തേടാനുള്ള തയ്യാറെടുപ്പിലാണ്.
എസ്.എൻ.ഡി.പി അംഗങ്ങളുടെ വോട്ടവകാശ വിധി മറികടക്കാൻ സംസ്ഥാന സർക്കാരിനെ സമീപിക്കാൻ എസ്.എൻ.ഡി.പി ഡയറക്ടർ ബോർഡ് യോഗത്തിൽ തീരുമാനം. കമ്പനി നിയമത്തിൽ ഇളവ് ആവശ്യപ്പെട്ടാണ് സർക്കാരിനെ സമീപിക്കുക. ആറുമാസത്തിനുള്ളിൽ അനുമതി വാങ്ങിയെടുക്കലാണ് ലക്ഷ്യം. പ്രാതിനിധ്യവോട്ടവകാശം വഴിയാണ് ഏറെ വർഷങ്ങളായി വെള്ളാപ്പള്ളി നടേശൻ യോഗം സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെടുന്നത്.
നിലവിലെ വോട്ടിങ് രീതി ഹൈക്കോടതി റദ്ദാക്കിയതോടെയാണ് ഫെബ്രുവരി അഞ്ചാം തീയതി നടക്കാനിരുന്ന തെരഞ്ഞെടുപ്പ് മാറ്റിവച്ച് വരണാധികാരി പ്രസ്താവന ഇറക്കിയത്. എസ്.എൻ.ഡി.പിയോഗം നടത്തുന്ന ഏത് തെരഞ്ഞെടുപ്പിലും വോട്ട് ചെയ്യാൻ എല്ലാം അംഗങ്ങൾക്കും അവകാശമുണ്ടെന്നായിരുന്നു ഹൈക്കോടതി സിംഗിൽ ബെഞ്ചിന്റെ വിധി.. കമ്പനി നിയമപ്രകാരം പൊതുയോഗത്തിലും തെരഞ്ഞെടുപ്പിലും പങ്കെടുക്കുന്ന അംഗങ്ങളുടെ എണ്ണം പരിമിതപ്പെടുത്താൻ അനുമതി നൽകി കേന്ദ്രസർക്കാർ 1974 ൽ പുറപ്പെടുവിച്ച ഉത്തരവും ഹൈക്കോടതി റദ്ദാക്കിയിരുന്നു. ആ ഉത്തരവ് പ്രകാരം 100 സ്ഥിരാംഗങ്ങളിൽ നിന്ന് ഒരു പ്രതിനിധിക്ക് പൊതുയോഗത്തിൽ പങ്കെടുത്ത് വോട്ട് ചെയ്യാം എന്നായിരുന്നു വ്യവസ്ഥ.
ഇത് റദ്ദാക്കിയതോടെ എല്ലാ അംഗങ്ങൾക്കും വോട്ട് ചെയ്യാൻ അവകാശമുണ്ടായിരിക്കുകയാണ്. ഇതോടെ നോട്ടിഫിക്കേഷൻ അടക്കമുള്ള എല്ലാ തെരഞ്ഞെടുപ്പ് നടപടികൾ ആദ്യം മുതൽ നടത്തേണ്ടി വരും. ഇതിനാണ് തെരഞ്ഞെടുപ്പ് നടപടികൾ താൽക്കാലികമായി നിർത്തിവെക്കാൻ ചീഫ് റിട്ടേണിങ് ഓഫീസർ തീരുമാനിച്ചിരുന്നു.
ഹൈക്കോടതി വിധി മറികടക്കാനുള്ള ഈ ശ്രമങ്ങൾക്ക് സംസ്ഥാന സർക്കാർ കൂട്ടുനിൽക്കുമോ എന്നാണ് ഇനി അറിയേണ്ടത്. ഇപ്പോഴത്തെ സാഹചര്യത്തിൽ എസ്എൻഡിപി വിഷയത്തിൽ ഇടപെടേണ്ടതില്ലെന്നാണ് സിപിഎം തീരുമാനം. ഹൈക്കോടതി ഉത്തരവ് പ്രകാരം എല്ലാ അംഗങ്ങൾക്കും വോട്ടവകാശം ലഭിക്കും. 200 അംഗങ്ങൾക്ക് ഒരു വോട്ട് എന്നതായിരുന്നു നേരത്തേയുള്ള വ്യവസ്ഥ. കേന്ദ്രം 1974ൽ നൽകിയ ഇളവും 1999 ലെ ബൈലോ ഭേദഗതിയുമാണ് റദ്ദാക്കിയത്.
200 അംഗങ്ങൾക്ക് ഒരു വോട്ട് എന്നതായിരുന്നു നേരത്തേയുള്ള വ്യവസ്ഥ. ഈ വ്യവസ്ഥ പ്രകാരം തന്നെ പതിനായിരത്തിൽ അധികം വോട്ടർമാരുണ്ടായിരുന്നു. എല്ലാ അംഗങ്ങൾക്കും വോട്ടവകാശമാകുമ്പോൾ ഇത് ഇരുപത് ലക്ഷത്തോളമാകും. ഏതാണ്ട് ഈഴവ സമുദായത്തിലെ ഭൂരിഭാഗവും വോട്ട് ചെയ്യുന്ന അവസ്ഥ. രാഷ്ട്രീയ പാർട്ടികളും ഇതിൽ ഇടപെടാൻ മുന്നിട്ടിറങ്ങും. ഇതിനൊപ്പം വിപുലമായ വോട്ടെടുപ്പ് നടത്തേണ്ട ചെലവും സംവിധാനമൊരുക്കലുമെല്ലാം വെല്ലുവിളിയായി മാറും.
നിലവിൽ എസ് എൻ ഡി പി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ എതിർക്കുന്നവരെല്ലാം ഹൈക്കോടതി വിധിയെ സ്വാഗതം ചെയ്യുന്നുണ്ട്. മകൻ തുഷാർ വെള്ളാപ്പള്ളിയെ എസ് എൻ ഡി പിയുടെ ജനറൽ സെക്രട്ടറിയാക്കാനുള്ള ശ്രമത്തിനിടെയാണ് ഈ തിരിച്ചടി. എല്ലാവർക്കും വോട്ടവകാശം വന്നാൽ തുഷാറിനെ പിൻഗാമിയാക്കുകയെന്ന ലക്ഷ്യം അട്ടിമറിക്കപ്പെടും. ഗോകുലം ഗോപാലനും മറു വിഭാഗവും പ്രതീക്ഷയോടെയാണ് ഈ വിധിയെ കാണുന്നത്. ഗോകുലം ഗോപാലന്റെ പിന്തുണയിലാണ് ഹൈക്കോടതിയിൽ കേസും മറ്റും നടന്നത്. അതുകൊണ്ട് തന്നെ ഗോകുലം ഗോപാലൻ ഗ്രൂപ്പിന്റെ വിജയമാണ് ഈ ഹൈക്കോടതി വിധിയെന്ന വിലയിരുത്തലും സജീവമാണ്.
1999 കാലത്ത് നൽകുകയും ഇപ്പോൾ ഹൈക്കോടതിയിൽ തുടരുകയും ചെയ്യുന്ന ഒരു കേസാണ് വെള്ളാപ്പള്ളിക്ക് കുരുക്കായി മാറിയത്. നിലവിലെ ഭരണഘടന ജനാധിപത്യ രീതികളെ തീരെ പരിപോഷിപ്പിക്കുന്നില്ല. ജനാധിപത്യ സംസ്‌കാരമില്ലാത്ത ആളുകൾ ഭരണത്തിൽ വന്നാൽ വളരെ ഏകാധിപത്യപരമായി കൊണ്ട് നടക്കാൻ കഴിയുന്ന വിധത്തിലുള്ള ഭരണഘടനയാണ് നിലവിലുള്ളത്. ശ്രീനാരായണ ഗുരുവായിരുന്നു ആദ്യം സ്ഥിരം അധ്യക്ഷൻ. കാര്യങ്ങളിൽ അദ്ദേഹം ഇടപെട്ടിരുന്നില്ല. സെക്രട്ടറിമാരാണ് കാര്യങ്ങൾ നടത്തിയത്. അതിനാൽ സെക്രട്ടറി കേന്ദ്രീകൃതമായ വ്യവസ്ഥകളാണ് ഭരണഘടനയിൽ നിലനിൽക്കുന്നത്.
അതിനാൽ സെക്രട്ടറിക്കാണ് പരമപ്രധാനമായ അധികാരം. ഗുരുദേവൻ ഉള്ള കാലത്ത് തുടങ്ങിയ കാര്യങ്ങളാണ് നിലവിലും പിന്തുടരുന്നത്. രീതികളിൽ മാറ്റം വേണം. ഈ ആവശ്യം മുൻ നിർത്തിയാണ് കേസ് തുടങ്ങുന്നത്. 2008-ൽ ഈ കേസിൽ കോടതി വാദി ഭാഗത്തിന് അനുകൂലമായി വിധിച്ചു. ഭരണഘടന അനിവാര്യം എന്നാണ് എറണാകുളം ജില്ലാ കോടതി വിധിച്ചത്. അത് പ്രാരംഭ വിധിയായിരുന്നു പ്രാരംഭ വിധിയെ ചലഞ്ച് ചെയ്ത് ഹൈക്കോടതിയിൽ എസ്എൻഡിപി ഹർജി ഫയൽ ചെയ്തു. ഫൈനൽ വിധി പാസാക്കുന്നത് ഹൈക്കോടതി സ്റ്റേ ചെയ്തു. 2009 മുതൽ ഹൈക്കോടതിയുടെ ഈ സ്റ്റേ തുടരുകയായിരുന്നു. ബൈലോ കാറ്റിൽ പറത്തിയുള്ള ഭരണമാണ് നിലവിൽ യോഗത്തിൽ നടക്കുന്നത് എന്ന വാദമാണ് ഹൈക്കോടതിയിൽ ഉയർന്നത്.
മറുനാടന് മലയാളി ബ്യൂറോ