- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സാമ്പത്തിക സംവരണം റദ്ദാക്കണം; സാമുദായിക സംവരണത്തിന്റെ ഉദ്ദേശ്യലക്ഷ്യം സഫലീകരിക്കണം; സർക്കാർ ജോലികളിലെ ജാതി, മത, സമുദായ പ്രാതിനിധ്യത്തെ കുറിച്ച് ഒരു കണക്കെടുപ്പ് ആദ്യം നടക്കട്ടേ; ശൈലജയ്ക്ക് അമാനുഷിക പരിവേഷം നൽകുന്നു; രണ്ടാം പിണറായി സർക്കാറിനോട് വെള്ളാപ്പള്ളി പറയുന്നു
തിരുവനന്തപുരം: കേരളത്തിലെ സാമ്പത്തിക സംവരണം റദ്ദാക്കണമെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. രണ്ടാം പിണറായി സർക്കാർ അധികാരമേൽക്കുന്ന ഘട്ടത്തിലാണ് വെള്ളാപ്പള്ളി ഈ ആവശ്യവുമായി രംഗത്തെത്തിയത്. സാമ്പത്തിക സംവരണത്തിന് മുൻപായി സാമുദായിക സംവരണത്തിന്റെ ഉദ്ദേശ്യലക്ഷ്യം സഫലീകരിക്കണം. നിലവിലെ സംവരണം പരിധി അട്ടിമറിക്കത്ത യാതൊരു സവിശേഷ സാഹചര്യവും ഇപ്പോൾ കേരളത്തിൽ നിലനിൽക്കുന്നില്ലെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. കേരള കൗമുദിയിൽ എഴുതിയ ഒരു ലേഖനത്തിലായിരുന്നു അദ്ദേഹത്തിന്റെ പരാമർശങ്ങൾ.
അർഹമായ പ്രാതിനിധ്യം പിന്നാക്ക വിഭാഗങ്ങൾക്ക് ലഭിക്കുന്നുണ്ടോ എന്ന് ഉറപ്പാക്കി സാമ്പത്തിക സംവരണം കൊണ്ടുവരാനാണ് കേന്ദ്ര, സംസ്ഥാന സർക്കാരുകൾ ശ്രമിക്കേണ്ടതെന്നും വെള്ളാപ്പള്ളി നടേശൻ കൂട്ടിച്ചേർത്തു.മറാത്ത സംവരണ വിഷയത്തിൽ സുപ്രിംകോടതിയുടെ നിരീക്ഷണങ്ങൾ ചൂണ്ടിക്കാണിച്ചുകൊണ്ടായിരുന്നു വെള്ളാപ്പള്ളിയുടെ പ്രതികരണം.
സംവരണ പരിധി ഒരു കാരണവശാലും അൻപത് ശതമാനം കവിയരുതെന്ന സുപ്രധാനവിധിയാണ് മറാത്ത സംവരണക്കേസിൽ സുപ്രിംകോടതി പറഞ്ഞത്. 1992ലെ ഇന്ദിരാ സാഹ്നി കേസിലെ വിധി പുനപ്പരിശോധിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള വിധി തള്ളിക്കൊണ്ടായിരുന്നു വിധി. മറാത്ത സംവരണവുമായി ബന്ധപ്പെട്ട നിയമം നടപ്പിലാക്കുകയാണെങ്കിൽ സംവരണ പരിധി 65ലേക്കെത്തുമെന്നും ജസ്റ്റിസ് അശോക് ഭൂഷൻ നിരീക്ഷിച്ചിരുന്നു. ഇത് സൂചിപ്പിച്ചുകൊണ്ടാണ് സാമ്പത്തിക സംവരണം റദ്ദാക്കണമെന്ന ആവശ്യവുമായി വെള്ളാപ്പള്ളി രംഗത്തെത്തിയത്.
സാമ്പത്തിക സംവരണമെന്ന ആവശ്യവുമായി സുപ്രിംകോടതിയെ സമീപിച്ചവരിൽ കേരളസർക്കാരുമുണ്ടെന്നത് കൗതുകകരമായ വസ്തുതയാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. കേരളത്തിലെ സവർണ വിഭാഗം സാമൂഹ്യമായി പിന്നോക്കമാണെന്ന് ഒരു പഠനവും നടന്നിട്ടില്ലെന്നും വെള്ളാപ്പള്ളി ചൂണ്ടിക്കാട്ടി. സർക്കാർ ജോലികളിലെ ജീവനക്കാരുടെ ജാതി, മത, സമുദായ പ്രാതിനിധ്യത്തെ കുറിച്ച് ഒരു കണക്കെടുപ്പ് ആദ്യം നടക്കട്ടേയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കെകെ ശൈലജയ്ക്ക് അമാനുഷിക പരിവേഷം നൽകാൻ നീക്കം നടക്കുന്നതായി വെള്ളാപ്പള്ളി ലേഖനത്തിലൂടെ കുറ്റപ്പെടുത്തി. പ്രചാരണം നടത്തുന്നവർ രാജാവിനെക്കാൾ വലിയ രാജഭക്തിയുള്ളവരാണ്. സാമ്പത്തിക സംവരണം ഒഴികെയുള്ള സർക്കാരിന്റെ നല്ല കാര്യങ്ങൾക്കെല്ലാം പിന്തുണ നൽകുമെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു.
മറുനാടന് മലയാളി ബ്യൂറോ