- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സ്വർണക്കള്ളക്കടത്തു കേസ് ഗൗരവമേറിയതും രാജ്യസുരക്ഷയെ തന്നെ അപകടത്തിലാക്കുന്ന വിഷയവും; സോളർ വെറും പെണ്ണുകേസ്; എൽഡിഎഫിന് തുടർഭരണം അവകാശപ്പെടും, എന്നാൽ യാഥാർത്ഥ്യമാകണം എന്നില്ല; യുഡിഎഫ് അധികാരത്തിൽ എത്തുമെന്ന സൂചനയിൽ യുടേൺ അടിച്ചു വെള്ളാപ്പള്ളി നടേശൻ
കൊല്ലം: രാഷ്ട്രീയം പ്രവചിക്കാൻ ഏറ്റവും മിടുക്കനായ വ്യക്തിയാണ് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ എന്നാണ് പൊതുവേയുള്ള വെപ്പ്. മുൻകാലങ്ങളിൽ അദ്ദേഹം നടത്തിയ പ്രവചനങ്ങളെല്ലാം ഏതാണ്ട് ശരിയായിരുന്നു താനും. കേരളത്തിൽ വീണ്ടുമൊരു തെരഞ്ഞെടുപ്പു കാലം വരവേ വെള്ളപ്പള്ളിയോട് ആര് അധികാരത്തിലെത്തുമെന്ന് ചോദിച്ചാൽ അദ്ദേഹം പറയുക യുഡിഎഫ് ആണെന്നാണ്. എൽഡിഎഫ് തുടർഭരണം അവകാശപ്പെടുമെങ്കിലും അത് യാഥാർത്ഥ്യമാകണം എന്നില്ലെന്നെല്ലാണ് വെള്ളാപ്പള്ളി വ്യക്തമാക്കിയത്. മലയാള മനോരമക്ക് നൽകിയ അഭിമുഖത്തിലാണ് വെള്ളാപ്പള്ളി യുഡിഎഫ് അധികാരത്തിലെത്തുമെന്ന് അവകാശപ്പെടുന്നത്.
ഭരണത്തിൽ ആരോണോ അവരോട് അടുത്തു നിൽക്കുക എന്ന പ്രകൃതക്കാരനാണ് വെള്ളാപ്പള്ളി. അതുകൊണ്ട് തന്നെ യുഡിഎഫ് അധികാരത്തിലെത്തുമെന്ന സൂചനയിൽ വെള്ളാപ്പള്ളി യുടേൺ അടിക്കുന്നതും അഭിമുഖത്തിൽ വ്യക്തമാകും. തെരഞ്ഞെടുപ്പിൽ ചർച്ചയാകുന്ന വിഷയങ്ങളെ കുറിച്ചും വെള്ളാപ്പള്ളി നിപപാട് വ്യക്തമാക്കുന്നു.
സോളർ കേസിൽ നിന്നു വ്യത്യസ്തമായി സ്വർണക്കള്ളക്കടത്തു കേസ് വളരെ ഗൗരവമേറിയതും രാജ്യസുരക്ഷയെ തന്നെ അപകടത്തിലാക്കുന്ന വിഷയവുമാണെന്നാണ് വെള്ളാപ്പള്ളി പറയുന്നത്. ഇതു രാജ്യത്തെയും രാജ്യസുരക്ഷയെയും അട്ടിമറിക്കുന്ന വിഷയമാണ്. കഴിഞ്ഞ സർക്കാരിന്റെ കാലത്തുണ്ടായ സോളർ കേസ് വെറും പെണ്ണുവിഷയമാണ്. അതിനു സ്വർണക്കള്ളക്കടത്തു കേസിന്റെയത്ര പ്രാധാന്യമുണ്ടെന്നു വിശ്വസിക്കുന്നില്ലെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.
സ്വർണക്കള്ളക്കടത്തു കേസ് മുഖ്യമന്ത്രിയുടെ ഓഫിസ് കേന്ദ്രീകരിച്ചാണു നടന്നതെങ്കിലും മുഖ്യമന്ത്രി വിശ്വസിച്ചവർ അദ്ദേഹത്തെ ചതിക്കുകയായിരുന്നു. അതുകൊണ്ടാണ് ഉപ്പു തിന്നവൻ വെള്ളം കുടിക്കട്ടെ എന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞതും എം. ശിവശങ്കറിനെ കയ്യൊഴിഞ്ഞതും. കേസ് കേന്ദ്ര ഏജൻസികൾ ഗൗരവമായി അന്വേഷിച്ചു കൊണ്ടിരിക്കുകയാണല്ലോ. അവർ സത്യം കണ്ടെത്തട്ടെ.
സോളർ കേസിൽ ഇത്രയും നാളും അന്വേഷണം ഇല്ലായിരുന്നു. ഇപ്പോൾ വീണ്ടും കുത്തിപ്പൊക്കി കൊണ്ടുവന്നിരിക്കുന്നു. പരാതിയിൽ അന്വേഷണം ഇല്ലെന്ന പരാതിക്കാരിയുടെ ആവശ്യം സർക്കാർ അംഗീകരിച്ചു കേസ് സിബിഐ യ്ക്കു വിടുകയായിരുന്നു. അന്വേഷണം നടക്കട്ടെ. സിബിഐ യ്ക്കു വിട്ടതിൽ രാഷ്ട്രീയമുണ്ടോ ഇല്ലോയെന്നു രാഷ്ട്രീയക്കാർ ചിന്തിക്കട്ടെ. അതിൽ അഭിപ്രായം പറയുന്നില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.
സംവരണ വിഷയത്തിൽ പിന്നാക്ക വിഭാഗങ്ങളോട് അങ്ങേയറ്റത്തെ അനീതിയാണു സംസ്ഥാന സർക്കാർ കാട്ടിയതെന്നും വെള്ളാപ്പള്ളി നടേശൻ ആരോപിച്ചു. സംവരണ കാര്യത്തിൽ യോഗത്തിനു കടുത്ത എതിർപ്പുണ്ട്. സർക്കാരിന്റെ നിലപാട് ഒട്ടും യുക്തിക്കു നിരക്കുന്നതല്ല. സവർണരുടെ സ്വാധീനമാണ് എൽഡിഎഫിൽ കൂടുതൽ. ഘടകകക്ഷികളോടു കൂടിയാലോചന പോലും നടത്താതെയായിരുന്നു തീരുമാനം. ഇതു കടുത്ത അസന്തുലിതാവസ്ഥയുണ്ടാക്കുമെന്നും വെള്ളാപ്പള്ളി പറഞ്ഞു.
കോൺഗ്രസ് നേതാക്കളിൽ പലരേക്കാളും കൊള്ളാവുന്നതു ഉമ്മൻ ചാണ്ടിയാണ്. ഇടപെടുന്ന കാര്യത്തിൽ നീതി നടപ്പാകണമെന്ന വാശിയും ആഗ്രഹവുമുള്ള നേതാവാണ് ഉമ്മൻ ചാണ്ടി. എല്ലാം നീതിയോടെ നടക്കണമെന്ന ആഗ്രഹം അദ്ദേഹം പ്രകടിപ്പിച്ചിട്ടുണ്ടെങ്കിലും പലപ്പോഴും സാധിച്ചിട്ടില്ലെന്നു മാത്രം. ഉമ്മൻ ചാണ്ടി ജനങ്ങൾ ഏറെ ഇഷ്ടപ്പെടുന്ന നേതാവാണ്. ജനകീയ സമീപനവും ഉള്ള നേതാവാണ്. പിണറായി കർക്കശക്കാരനാണെന്നും ജനകീയനല്ലെന്നും അകന്നു നിൽക്കുമ്പോൾ നമുക്കു തോന്നും. പക്ഷേ, അടുക്കുമ്പോൾ നമുക്കു മനസ്സിലാകും, അദ്ദേഹം ജനകീയനാണ്, പാവമാണ്, മാന്യനാണ്- വെള്ളാപ്പള്ളി അഭിമുഖത്തിൽ പറഞ്ഞു.
തദ്ദേശ തിരഞ്ഞെടുപ്പു ഫലം വച്ചു നിയമസഭാ തിരഞ്ഞെടുപ്പു ഫലം വിലയിരുത്താനേ കഴിയില്ലെന്നാണ് വെള്ളാപ്പള്ളിയുടെ പക്ഷം. തദ്ദേശ തിരഞ്ഞെടുപ്പിൽ രാഷ്ട്രീയമല്ല, പ്രാദേശിക വിഷയങ്ങളാണു പ്രധാനമായും ചർച്ച ചെയ്യുക. സിപിഎം അല്ലാത്തവർ സിപിഎം സ്ഥാനാർത്ഥിയായും കോൺഗ്രസ് അല്ലാത്തവർ കോൺഗ്രസ് സ്ഥാനാർത്ഥിയായും മത്സരിക്കുന്നിടമാണു തദ്ദേശ തിരഞ്ഞെടുപ്പ്. അതുകൊണ്ട് അതിനെ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള അളവുകോൽ ആക്കാനേ കഴിയില്ല. വ്യക്തിപരമായ ബന്ധങ്ങളും സ്വാധീനങ്ങളുമാണു തദ്ദേശ തിരഞ്ഞെടുപ്പിൽ വിധി നിർണയിക്കുന്നത്.- വെള്ളാപ്പള്ളി പറഞ്ഞു.
സ്വർണക്കള്ളക്കടത്ത്, ഡോളർ കടത്ത് ഉൾപ്പെടെ എൽഡിഎഫ് സർക്കാർ സർവനാശത്തിന്റെ വക്കിൽ നിൽക്കുമ്പോഴാണു തദ്ദേശ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് തെരഞ്ഞെടുപ്പിൽ മേൽക്കൈ നേടിയത്. അങ്ങനെ വിജയിക്കാൻ കഴിഞ്ഞെങ്കിൽ അവരുടെ നയം, പരിപാടി തുടങ്ങിയവയുടെ വിജയമാണെന്നു അവകാശപ്പെടുന്നതു സ്വാഭാവികം. എന്നാൽ അത് യാഥാർത്ഥ്യമാകാൻ സാധ്യമല്ലെന്നും വെള്ളപ്പള്ളി പറഞ്ഞു.
കേരളത്തിൽ വർഗീയത ഇല്ലെന്നു പറയുന്ന രാഷ്ട്രീയ പാർട്ടികൾ പോലും ജാതിയും മതവും നോക്കി സ്ഥാനാർത്ഥികളെ നിർത്തുന്നുവെന്നും വെള്ളാപ്പള്ളി ചൂണ്ടിക്കാട്ടി. മുസ്ലിംലീഗ് യുഡിഎഫിൽ 25 സീറ്റാണു ചോദിക്കുന്നത്. അതിൽ ഈഴവരെക്കൂടി സ്ഥാനാർത്ഥിയാക്കിയാൽ അവർ മതനിരപേക്ഷ പാർട്ടിയെന്നു പറയാം. കേരള കോൺഗ്രസ് 15 സീറ്റു ചോദിക്കുന്നു. അവർ ക്രിസ്ത്യാനിയെയല്ലാതെ ആരെയെങ്കിലും സ്ഥാനാർത്ഥിയാക്കുമോ? വെള്ളാപ്പള്ളി ചോദിക്കുന്നു.
യുഡിഎഫിൽ മുസ്ലിംലീഗിന്റെ വളർച്ചയും ഇപ്പോൾ പി.കെ. കുഞ്ഞാലിക്കുട്ടിയുടെ സംസ്ഥാന രാഷ്ട്രീയത്തിലേക്കുള്ള വരവും ഹിന്ദുക്കളിലും ക്രിസ്ത്യാനികളിലും ആകാംക്ഷ ഉണ്ടാക്കിയിട്ടുണ്ട്. അത് ആരും പരസ്യമായി പറയുന്നില്ലെന്നേയുള്ളൂ. എന്തും വിലപേശി വാങ്ങുന്ന തരത്തിലേക്ക് അവർ വളരുമ്പോൾ ഹിന്ദുക്കൾക്കും ക്രിസ്ത്യാനികൾക്കും വേണ്ടത്ര പരിഗണന കിട്ടുന്നില്ലെന്ന തോന്നൽ ആ വിഭാഗങ്ങൾക്കുണ്ട്. ഇത് എൽഡിഎഫിനു ഗുണകരമാകുമെന്നു കണ്ട് അതിനെ നേരിടാനും അത്തരം ആശങ്കകൾ ഇല്ലാതാക്കാനുമാണ് ഉമ്മൻ ചാണ്ടിയെ കൊണ്ടുവന്നിരിക്കുന്നത്. ന്യൂനപക്ഷാവകാശങ്ങളുടെ പേരിൽ അവകാശങ്ങളെല്ലാം മുസ്ലിം വിഭാഗം കൈക്കലാക്കുന്നുവെന്നു ബിഷപ്പുമാർ വരെ കേന്ദ്രസർക്കാരിനോടു പരാതിപ്പെട്ടു കഴിഞ്ഞു. ഇത്തരം ആശങ്കകളിൽ നിന്നുള്ള മോചനത്തിനാകാം ഉമ്മൻ ചാണ്ടിയെ കൊണ്ടുവരുന്നത്. അത് എന്തുമാത്രം ഫലപ്രദമാകുമെന്നു കണ്ടറിയണം. - വെള്ളാപ്പള്ളി പറഞ്ഞു.
കേരളത്തിൽ ബിജെപി കഴിഞ്ഞ തവണത്തേക്കാൾ ശക്തമായ പ്രകടനം കാഴ്ചവയ്ക്കുമെന്നും വെള്ളാപ്പള്ളി ചൂണ്ടിക്കാട്ടി. എവിടെയൊക്കെ സീറ്റു കിട്ടും എന്നു പ്രവചിക്കുന്നില്ല. നല്ല മുന്നേറ്റം ഉണ്ടാകും. സംഘടിത ന്യൂനപക്ഷങ്ങളുടെ കടന്നുകയറ്റത്തെ അസംഘടിത ഭൂരിപക്ഷം ഭയപ്പെടുന്നുണ്ട്. അതു ബിജെപിക്കു ഗുണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ