- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിപിഎം മനസിൽ കണ്ടപ്പോൾ വെള്ളാപ്പള്ളി മാനത്ത് കണ്ടു; അടൂർ എസ് എൻ ഡി പി യൂണിയൻ ഭരണം പിടിക്കാനുള്ള നീക്കത്തിന് തിരിച്ചടി; ശാഖകളിലെ തെരഞ്ഞെടുപ്പ് നിർത്തി വയ്ക്കാൻ നിർദ്ദേശം; സിപിഎം പിടിച്ച ഏഴു ശാഖകളിലെ ഭാരവാഹികൾക്ക് ചുമതലയേൽക്കാൻ കഴിയില്ല: കൺവീനറെ പാർട്ടിയിൽ ചേർത്തിട്ടും സിപിഎം മോഹം വ്യാമോഹമായി
ആലപ്പുഴ: കോട്ടയം, എറണാകുളം ജില്ലകളിലെ ചില എസ് എൻ ഡി പി യൂണിയനുകൾ കൈക്കലാക്കിയതിന് സമാനമായി അടൂർ യൂണിയന്റെ ഭരണം പിടിക്കാനുള്ള സിപിഎം നീക്കത്തിന് തിരിച്ചടി. സിപിഎമ്മിന്റെ ജില്ലാ നേതാക്കൾ മനസിൽ കണ്ടത് മാനത്ത് കണ്ട യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ അടൂർ എസ്എൻഡിപി യൂണിയനു കീഴിലുള്ള ശാഖാ കമ്മറ്റികളിൽ പ്രഖ്യാപിച്ചിരിക്കുന്ന തെരഞ്ഞെടുപ്പുകൾ ഇനിയൊരറിയിപ്പുണ്ടാകുന്നതു വരെ നിർത്തി വയ്ക്കാൻ ഉത്തരവിട്ടു. സിപിഎം ബ്രാഞ്ച് സെക്രട്ടറിമാരെ അടക്കം ഭാരവാഹികളാക്കി ഭരണം പിടിച്ച ഏഴു ശാഖകളിൽ ഔദ്യോഗികമായി ചുമതലയേൽക്കാനും കഴിഞ്ഞില്ല. ഫലത്തിൽ മലർപ്പൊടിക്കാരൻ സ്വപ്നം കണ്ട അവസ്ഥയിലായി സിപിഎം.
നിരവധി രാഷ്ട്രീയ കക്ഷികളിൽ പ്രവർത്തിച്ച് അവസാനം ബിഡിജെഎസിൽ വന്ന് അടിഞ്ഞ അഡ്വ. മണ്ണടി മോഹനൻ ആയിരുന്നു യൂണിയൻ അഡ്‌മിനിസ്ട്രേറ്റീവ് കൺവീനർ. എസ്എൻഡിപിയുടെ ബൈലോ അനുസരിച്ച് അഡ്‌മിനിസ്ട്രേറ്റീവ് കമ്മറ്റി കൺവീനർ എന്നാൽ ജനറൽ സെക്രട്ടറി നിയോഗിക്കുന്ന വെറും ഒരു ഉദ്യോഗസ്ഥൻ മാത്രമാണ്. ഈ ഉദ്യോഗസ്ഥനെ സിപിഎമ്മിൽ ചേർത്താണ് യൂണിയൻ ഭരണം പിടിക്കാൻ സിപിഎം ജില്ലാ നേതൃത്വം കരുക്കൾ നീക്കിയത്. ഇതിനായി ശാഖകളിൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. ഏഴു ശാഖകളിൽ സിപിഎമ്മിന്റെ പ്രാദേശിക നേതാക്കളെ പ്രസിഡന്റും സെക്രട്ടറിയുമാക്കി ഭരണം പിടിക്കുകയും ചെയ്തു.
ഒമ്പത് ശാഖകളിൽ തെരഞ്ഞെടുപ്പ് നടത്താൻ തീയതി പ്രഖ്യാപിക്കുകയും ചെയ്തു. ശേഷിച്ച ശാഖകളിൽ ജനുവരിയോടെ തെരഞ്ഞെടുപ്പ് നടത്താനും തീരുമാനിച്ചു. നിലവിൽ എസ്എൻഡിപിയുടെ വെറുമൊരു ഉദ്യോഗസ്ഥൻ എന്ന നിലയിൽ നിന്ന് ഔദ്യോഗികമായി യൂണിയൻ നേതൃത്വത്തിലെത്തിക്കാം എന്ന സിപിഎം വാഗ്ദാനത്തിലാണ് മണ്ണടി മോഹനൻ വീണത്. ഇതിന്റെ ഭാഗമായി ആഘോഷമായി സിപിഎമ്മിൽ ചേരുകയും ചെയ്തു. കടമ്പനാട് തെക്ക്, പുന്നമൂട്, അടൂർ ടൗൺ, ആനന്ദവല്ലീശ്വരം, പഴകുളം തെക്ക്, തെങ്ങമം കിഴക്ക് എന്നിവിടങ്ങളിലാണ് തെരഞ്ഞെടുപ്പ് നടത്തി ഭരണം പിടിച്ചത്.
ഇതോടെ അടൂരിൽ നിന്ന് പരാതി പ്രവാഹമായി. തെക്കൻ ജില്ലകളുടെ ചുമതലയുള്ള വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി ഇതേപ്പറ്റി അന്വേഷിച്ച് സത്യമാണെന്ന് കണ്ടെത്തി. മുൻപ് ഇതേ പോലെ കോട്ടയം, എറണാകുളം ജില്ലകളിൽ രണ്ടു യൂണിയനുകളുടെ ഭരണം സിപിഎം കൈയാളിയിരുന്നു. കേരളമൊട്ടാകെ ഈ രീതിയിൽ ഒരു നീക്കം വിജയിച്ചാൽ ഫലത്തിൽ വെള്ളാപ്പള്ളിക്ക് തിരിച്ചടിയാകും. യോഗനേതൃത്വത്തിൽ നിന്നു പോലും പുറന്തള്ളപ്പെടാൻ സാധ്യതയുണ്ട്. ഈ നീക്കം മുൻകൂട്ടിക്കണ്ടാണ് ഇടപെടൽ ഉണ്ടായത്.
അടൂരിൽ ഏഴു ശാഖകളിൽ സിപിഎം ഭരണം പിടിച്ചെങ്കിലും അധികാരത്തിൽ എത്താൻ കഴിയില്ല. ഭാരവാഹികളെ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി അംഗീകരിക്കേണ്ടതുണ്ട്. മാത്രവുമല്ല, യോഗത്തിന്റെ വാർഷിക പൊതുയോഗം ഇതുവരെ നടന്നിട്ടില്ല. പൊതുയോഗത്തിൽ പങ്കെടുക്കാനുള്ള പ്രതിനിധികളെ തെരഞ്ഞെടുത്തിരിക്കുന്നത് നിലവിലുള്ള ഭരണ സമിതികളാണ്. അവർക്കാണ് വോട്ടവകാശം ഉള്ളതും.
പുതിയ തെരഞ്ഞെടുപ്പിൽ വിജയിച്ച പ്രതിനിധികൾക്ക് വോട്ടവകാശവുമില്ല. സിപിഎം ഇടപെടൽ വ്യക്തമായ സാഹചര്യത്തിൽ ഏഴു ശാഖകളിൽ തെരഞ്ഞെടുക്കപ്പെട്ട ഭാരവാഹികൾക്ക് ചുമതല ഏറ്റെടുക്കാൻ ജനറൽ സെക്രട്ടറി അനുമതി നൽകാൻ സാധ്യതയില്ല.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്