തിരുവനന്തപുരം: വെള്ളറട പഞ്ചായത്ത് ഓഫീസിലെ തീയിടലിന് പിന്നിൽ തൊടുപ്പുഴക്കാരായ പാറമട മാഫിയയെന്ന് പൊലീസിന് സംശയം. വെള്ളറടയിൽ ക്വാറി ഖനനത്തിന് ഈ ഗ്രൂപ്പ് ശ്രമിച്ചിരുന്നു. എന്നാൽ ശക്തമായ നിലപാടാണ് വില്ലേജ് ഓഫീസറും മറ്റും എടുത്തത്. ഫയലുകളിൽ അതിശക്തമായ നിലപാടുകൾ കുറിച്ചു. ഈ സാഹചര്യത്തിൽ ഭീതി ജനകമായ അന്തരീക്ഷമുണ്ടാക്കി കാര്യം നേടാനാണ് ക്വാറി മാഫിയയുടെ ശ്രമം. ഇതിനായി ക്വട്ടേഷൻ ടീമിനെ വിലയ്‌ക്കെടുത്തുവെന്നാണ് പൊലീസിന് ലഭിച്ച സൂചന. പുറത്തുനിന്ന വന്ന ആളാണ് അക്രമിയെന്നതിനാൽ ആർക്കും ഇയാളെ തിരിച്ചറിയാനോ മറ്റും കഴിയുന്നുമില്ല. അതുകൊണ്ട് തന്നെ സൂചനകളുണ്ടെങ്കിലും ക്വാറി മാഫിയയിലേക്ക് അന്വേഷണം എത്തിക്കാനാവാത്ത അവസ്ഥയിലാണ് പൊലീസ്.

തൊടുപുഴയിൽ മദ്യ കച്ചവടവും മറ്റും നടത്തുന്ന പ്രമുഖൻ വെള്ളറടയിലെ ക്വാറികളെ ലക്ഷ്യമിട്ട് രംഗത്ത് വന്നിരുന്നു. വഴിഞ്ഞം തുറമുഖ നിർമ്മാണവുമായി ബന്ധപ്പെട്ട് പാറയ്ക്കുള്ള സാധ്യത തിരിച്ചറിഞ്ഞായിരുന്നു ഇത്. എന്നാൽ വില്ലേജ് ഓഫീസറടക്കമുള്ളവരുടെ കർശന നിലപാട് കാര്യങ്ങൾ മാറ്റി മറിച്ചു. ഇതോടെ പാറമടയെന്ന സ്വപ്‌നം നടക്കാതെ പോയി. ഇതിനുള്ള പ്രതികാരമാണ് വില്ലേജ് ഓഫീസ് അക്രമമെന്നാണ് സൂചന. ജാതി സർട്ടിഫിക്കറ്റ് വിതരണവുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമണത്തിന് കാരണമെന്ന് വരുത്താൻ ശ്രമമുണ്ടായിരുന്നു. എന്നാൽ സാധാരണക്കാരായ വെള്ളറടയിലുള്ളവർ ഇത് ചെയ്യാനുള്ള സാധ്യത പൊലീസിന് ചിന്തിക്കാൻ പോലും കഴിയുന്നില്ല. ബൈക്കിലെത്തി ഹെൽമറ്റ് ധരിച്ച് ഇത്തരമൊരു ആക്രമണം നടത്താൻ ക്രിമിനലുകൾക്കേ കഴിയൂ എന്നാണ് നിഗമനം.

ഇതോടെയാണ് പാറമടയുമായി ബന്ധപ്പെട്ടവരിലേക്ക് അന്വേഷണം നീണ്ടത്. ബോധപൂർവ്വം നടത്തിയ ആക്രമണമാണ് ഇത്. വില്ലേജ് ഓഫീസിലെ രേഖകൾ നശിക്കുകയെന്ന ഉദ്ദേശവും ഉണ്ട്. ജീവനക്കാരെ ഭീഷണിപ്പെടുത്തി സമ്മർദ്ദത്തിലാക്കാനാണ് ശ്രമം. തെരഞ്ഞെടുപ്പ് കാലമാകുമ്പോൾ എല്ലാം രാഷ്ട്രീയ വിവാദമായി മാറും. വലിയ തോതിൽ ചർച്ച ചെയ്താലും കുറ്റവാളിക്ക് രക്ഷപ്പെടാനാകും. ഈ സാധ്യതയാണ് വെള്ളറടയിൽ പരീക്ഷിക്കപ്പെട്ടത്. വില്ലേജ് ഓഫീസിൽ അക്രമം നടത്തിയ ആളിനെ കണ്ടെത്തിയാൽ മാത്രമേ അന്വേഷണം മുന്നോട്ട് പോകൂ. എന്നാൽ അതിനുള്ള ഒരു തെളിവും ലഭിച്ചുമില്ല. പാറമടയുമായി ബന്ധപ്പെട്ട ഫയൽ ഇല്ലാതാക്കാനുള്ള ബോധപൂർവ്വമായ ശ്രമമാണ് നടന്നത്. പുതിയ വില്ലേജ് ഓഫീസറെത്തുമ്പോൾ അനുമതി ലഭിക്കാൻ തടസ്സങ്ങൾ ഇല്ലാതിക്കാനാകും ഇതെന്നും പൊലീസ് വിലയിരുത്തുന്നു.

വെള്ളറടയിൽ ഖനനം തുടങ്ങാൻ തൊടുപുഴയിലെ മാഫിയ രണ്ട് വർഷമായി ശ്രമിക്കുകയാണ്. എന്നാൽ നടന്നില്ല. വില്ലേജ് ഓഫീസറെ ഭയപ്പെടുത്തി സ്ഥലം മാറ്റം വാങ്ങി പോയാൽ മാത്രമേ ഇത് നടക്കൂവെന്ന് ഈ സംഘം തിരിച്ചറിഞ്ഞു. ഈ ഗൂഢാലോചനയുടെ ഫലമാണ് ആക്രമം. എന്നാൽ ഇതിലേക്ക് അന്വേഷണമെത്തിക്കാനുള്ള തെളിവുകളൊന്നും ലഭിച്ചതുമില്ല. ഓവർ കോട്ടും ഹെൽമറ്റും ധരിച്ചെത്തിയ ഇയാൾ വില്ലേജ് ഓഫീസറെ ഭീഷണിപ്പെടുത്തിയ ശേഷം കൈയിൽ കരുതിയ ദ്രാവകം നിലത്തൊഴിക്കുകയും പിന്നീട് ഇതിന് തീ കൊളുത്തുകയുമായിരുന്നു. തീപിടിച്ച ശേഷം ഇയാൾ വില്ലേജ് ഓഫീസ് അകത്തു നിന്ന് പൂട്ടുകയും ചെയ്തു.

ജീവനക്കാർ ബഹളം വച്ചതിനെ തുടർന്ന് പിന്നീട് ഓടി രക്ഷപ്പെട്ട ഈ യുവാവിന് സാരമായ പരിക്കേറ്റിട്ടുണ്ടെന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്. ഓഫീസിൽ ആക്രമം നടത്തിയത് മൂന്നംഗ സംഘമാണെന്നും വിവരങ്ങളുണ്ട്. ഇതിൽ ഹെൽമെറ്റ് ധരിച്ചെത്തിയ ആളാണ് ഓഫീസിനകത്ത് തീയിട്ടത്. തീപിടുത്തതിൽ വില്ലേജ് ഓഫീസിലെ 75 ശതമാനതോളം രേഖകൾ കത്തിനശിച്ചതായി ജില്ലാ കളക്ടർ ബിജു പ്രഭാകർ അറിയിച്ചു. എന്നാൽ ഇവയുടെ പകർപ്പുകൾ താലൂക്കോഫീസിൽ ഉള്ളതിനാൽ ഭൂരിപക്ഷം രേഖകളും വീണ്ടെടുക്കാൻ സാധിക്കുമെന്നാണ് കരുതുന്നതെന്നും അദേഹം പറഞ്ഞു. എന്നാൽ പാറമടയുടെ ഫയലുകൾ വില്ലേജ് ഓഫീസിൽ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അത് വീണ്ടെടുക്കാൻ കഴിയില്ലെന്നാണ് സൂചന. ഇതു തന്നെയാണ് അക്രമം നടത്തിയവർ ലക്ഷ്യമിട്ടതും.

തിരിച്ചറിയാൻ ഇതുവരെ പൊലീസിനായില്ല. കേസന്വേഷണത്തിന് തിരുവനന്തപുരം റൂറൽ എസ്‌പിയുടെ മേൽനോട്ടത്തിൽ ഡിവൈ.എസ്‌പി മാരായ അജിത്കുമാർ, നസീർ എന്നിവരുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. അക്രമത്തിനുശേഷം തമിഴ്‌നാട്ടിലേക്ക് ബൈക്കിൽ രക്ഷപ്പെട്ട അക്രമിയെ കണ്ടെത്താൻ ഷാഡോ പൊലീസ് സഹായത്തോടെ അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. നമ്പർ പ്ലേറ്റില്ലാത്ത ബൈക്കിലെത്തിയായിരുന്നു ആക്രമണം. പൊള്ളലേറ്റ് ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ കഴിയുന്ന വില്ലേജ് അസിസ്റ്റന്റ് വേണുഗോപാലിന്റെ മൊഴി നെയ്യാറ്റിൻകര മജിസ്‌ട്രേട്ട് ഇന്നലെ ആശുപത്രിയിലെത്തി രേഖപ്പെടുത്തി. അക്രമത്തെ സംബന്ധിച്ച വിവരമല്ലാതെ അക്രമിയെപ്പറ്റിയോ ഇതിന് കാരണമായേക്കാവുന്ന സംഭവങ്ങളെപ്പറ്റിയോ ജീവനക്കാർ ഏന്തെങ്കിലും വിധത്തിലുള്ള സംശയങ്ങളോ സന്ദേഹങ്ങളോ മൊഴിയിൽ വ്യക്തമായിട്ടില്ല. ഇത് അന്വേഷണ സംഘത്തെയും വിഷമത്തിലാക്കിയിട്ടുണ്ട്.

മണ്ണെണ്ണയുൾപ്പെട്ട മിശ്രിതമാണ് തീ കത്തിക്കാനുപയോഗിച്ചതെന്നാണ് ഇന്നലെ ഫോറൻസിക് അന്വേഷണത്തിൽ വ്യക്തമായത്. മറ്റ് രാസവസ്തുക്കളോ സ്‌ഫോടക വസ്തുക്കളോ ഉപയോഗിച്ചിട്ടില്ലെന്നാണ് പ്രാഥമിക വിവരം. ഉദ്ദേശം 155 സെന്റി മീറ്റർ ഉയരവും 45നും 50നും മദ്ധ്യേ പ്രായവുമുള്ളയാളാണ് ഹെൽമറ്റ് ധരിച്ചെത്തി അക്രമം നടത്തിയതെന്നാണ് സൂചന. അക്രമസംഭവത്തിൽ പൊള്ളലേറ്റ് മെഡി.കോളേജ് ആശുപത്രിയിൽ കഴിയുന്ന വില്ലേജ് ഓഫീസറുൾപ്പെടെയുള്ള ജീവനക്കാരുടെ നില മെച്ചപ്പെട്ടുവരുന്നു. വില്ലേജ് ഓഫീസർ മോഹനൻ, സ്‌പെഷ്യൽ വില്ലേജ് ഓഫീസർ കൃഷ്ണകുമാർ, വില്ലേജ് അസിസ്റ്റന്റ് വേണുഗോപാൽ, ഫീൽഡ് അസിസ്റ്റന്റ് പ്രഭാകരൻനായർ എന്നിവരാണ് മെഡിക്കൽ കോളേജ് ആശുപത്രിയിലുള്ളത്. കൈയ്ക്ക് സാരമായി പരിക്കേറ്റ വേണുഗോപാലൊഴികെ എല്ലാവരും ഒന്നാം വാർഡിൽ ചികിത്സയിലാണ്.

ബേൺസ് ഐ.സിയിൽ കഴിയുന്ന വേണുഗോപാലിന്റെ നിലയും മെച്ചപ്പെട്ടുവരുന്നതായി ആശുപത്രി അധികൃതർ അറിയിച്ചു. അഗ്‌നിക്കിരയായ വെള്ളറട വില്ലേജ് ഓഫീസിൽ റവന്യൂ പൊതുമരാമത്ത് ഉദ്യോഗസ്ഥർ സംയുക്തമായി പരിശോധിച്ച് ഓഫീസിനും ഉപകരണങ്ങൾക്കും ഫയലുകൾക്കുമുണ്ടായ നാശനഷ്ടങ്ങൾ തിട്ടപ്പെടുത്തി. ഓഫീസിലെ കമ്പ്യൂട്ടർ, ഫർണിച്ചറുകൾ, ഫയലുകൾ തുടങ്ങിയവ കത്തി നശിച്ചിട്ടുണ്ട് . ഫോറൻസിക് വിഭാഗത്തിന്റെ തെളിവെടുപ്പിനുശേഷം ചാമ്പലും അവശിഷ്ടങ്ങളും നീക്കം ചെയ്തു.