കൊച്ചി:  വെള്ളരിക്കാപ്പട്ടണം... വെള്ളരിപട്ടണമായി. വെള്ളരിക്കാപ്പട്ടണം സിനിമയുടെ ടൈറ്റിൽ ദുരുപയോഗം ചെയ്യുകയും റിലീസിങ് തടയുകയും ചെയ്തുവെന്ന് ആരോപിച്ച് ചിത്രത്തിന്റെ സംവിധായകൻ മനീഷ് കുറുപ്പ് മഞ്ജു വാര്യർ, സൗബിൻ ഷാഹിർ, സംവിധായകൻ മഹേഷ് വെട്ടിയാർ, നിർമ്മാതാവ് എൽദോ പുഴുക്കലിൽ ഏലിയാസ് എന്നിവർക്ക് വക്കീൽ നോട്ടീസ് അയക്കുകയും ചെയ്തു. ഇതോടെ മഞ്ജുവിന്റെ ടീമിന്റെ തോൽവി നിയമ പ്രശ്‌നങ്ങളിലേക്കും വഴിമാറുകയാണ്. എന്നാൽ വക്കീൽ നോട്ടീസൊന്നും കിട്ടിയിട്ടില്ലെന്ന് മഞ്ജു വാര്യർ സിനിമയിലെ പ്രധാനി മറുനാടനോട് പറഞ്ഞു. 

സെൻസർ ലഭിച്ച തന്റെ സിനിമയുടെ ടൈറ്റിൽ ഉപയോഗിച്ചതുമൂലം വില്പനയും റിലീസിങ്ങും നടക്കാതെയാവുകയും സാമ്പത്തിക നഷ്ട്ടം സംഭവിക്കുകയും ചെയ്തതുകൊണ്ട് ടൈറ്റിൽ മൂന്ന് ദിവസത്തിനകം മാറ്റണമെന്നും അഞ്ച് കോടി രൂപ നഷ്ടപരിഹാരം നൽകുകയും വേണമെന്ന് ആവശ്യപ്പെട്ട് അഡ്വ. കെ.എൻ പ്രശാന്ത് മുഖേനയാണ് വക്കീൽ നോട്ടീസ് അയച്ചത്. വിജയ് ബാബുവിനെതിരായ പീഡനാരോപണത്തിനൊപ്പം വെള്ളരിക്കാപ്പട്ടണമെന്ന സിനിമാ വിവാദവും ചർച്ചകളിൽ സജീവമാകുകയാണ്.

ഫുൾ ഓൺസ്റ്റുഡിയോസ് നിർമ്മിച്ച് മഹേഷ് വെട്ടിയാർ സംവിധാനം ചെയ്ത് മഞ്ജുവാര്യരും സൗബിൻഷാഹിറും പ്രധാനവേഷങ്ങളിൽ അഭിനയിക്കുന്ന ചിത്രത്തിന്റെ പേര് 'വെള്ളരിപട്ടണം' എന്ന് മാറ്റിയിരുന്നു. 'വെള്ളരിക്കാപട്ടണം' എന്ന പേരിലാണ് ചിത്രം പ്രഖ്യാപിച്ചിരുന്നത്. ഇതേ പേരിൽ മറ്റൊരു ചിത്രം സെൻസർ ചെയ്യപ്പെട്ടതുകൊണ്ടാണ് പേരുമാറ്റം എന്ന് അണിയറ പ്രവർത്തകരും അറിയിച്ചു. 'വെള്ളരിപട്ടണ'ത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ടീസറും ഉടൻ റിലീസ് ചെയ്യും. ഇതിന് പിന്നാലെയാണ് കേസിലേക്ക് കാര്യങ്ങൾ എത്തിയത്. ഈ വിഷയത്തിൽ മഹേഷ് വെട്ടിയാറും വിശദീകരണവുമായി രംഗത്ത് എത്തിയിട്ടുണ്ട്.

2018ലാണ് മനീഷ് കുറുപ്പ് വെള്ളരിക്കാപ്പട്ടണം ആരംഭിച്ചത്. വെള്ളരിക്കാപ്പട്ടണം എന്ന പേരിൽ ഫിലിം ആന്റെ ടെലിവിഷൻ പ്രൊഡ്യൂസേഴ്‌സ് ഗിൽഡ് ഓഫ് സൗത്ത് ഇന്ത്യ, ചെന്നൈ എന്ന സംഘടനയിൽ രജിസ്റ്റർ ചെയ്തിരുന്നു. സിനിമയുടെ എല്ലാ പ്രവൃത്തികളും പൂർത്തീകരിച്ചിരിക്കേ മഞ്ജു വാര്യരെയും സൗബിൻ ഷാഹിറിനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി വെള്ളരിക്കാപ്പട്ടണം എന്ന പേരിൽ മറ്റൊരു സിനിമയുടെ പ്രവർത്തനം ആരംഭിച്ചു. തുടർന്ന് മനീഷ് കുറുപ്പിന്റെ വെള്ളരിക്കാപ്പട്ടണത്തിനെതിരെ മഞ്ജു വാര്യരെ കേന്ദ്രകഥാപാത്രമാക്കിയ ചിത്രത്തിന്റെ സംവിധായകനും നിർമ്മാതാവും മനീഷ് കുറുപ്പിനെ ഭീഷണിപ്പെടുത്തുകയും തന്റെ സിനിമയുടെ പ്രദർശനത്തിനെതിരെ തിരിയുകയായിരുന്നുവെന്നാണ് ആരോപണം. സെൻസർ തടയാനുള്ള ശ്രമങ്ങളും നടന്നിരുന്നു. ഈ സാഹചര്യത്തിലാണ് സംവിധായകൻ മനീഷ് കുറുപ്പ് നിയമനടപടിക്കൊരുങ്ങിയതെന്നാണ് വിശദീകരണം.

മംഗലശ്ശേരി മൂവീസിന്റെ ബാനറിൽ മോഹൻ കെ കുറുപ്പ് നിർമ്മിച്ച് നവാഗത സംവിധായകൻ മനീഷ് കുറുപ്പാണ് 'വെള്ളിക്കാപ്പട്ടണം' സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റേതായി പുറത്തുവിട്ട ഗാനങ്ങൾ യുട്യൂബിൽ കോടിക്കണക്കിനുപേർ കണ്ടിരുന്നു. ചിത്രത്തിലെ അഞ്ച് പാട്ടുകളിൽ രണ്ട് പാട്ടുകൾ പ്രശസ്തഗാനരചയിതാവ് കെ ജയകുമാർ ഐ എ എസും മൂന്ന് പാട്ടുകൾ സംവിധായകൻ മനീഷ് കുറുപ്പുമാണ് രചിച്ചിരിക്കുന്നത്. അതിന് ശേഷമാണ് മഞ്ജു വാര്യർ ചിത്രവും ചർച്ചകളിലേക്ക് എത്തുന്നത്.

പേര് മാറ്റാനുള്ള കാരണത്തെക്കുറിച്ച് സംവിധായകൻ മഹേഷ് വെട്ടിയാർ വിശദീകരിക്കുന്നത് ഇങ്ങനെ

കേരളത്തിൽ സിനിമാ നിർമ്മാണത്തിന് അനുമതി നല്കുന്നതിനും ടൈറ്റിൽ രജിസ്ട്രേഷനുമുള്ള അധികാരം ഫിലിംചേംബറിനാണ്. ഇതനുസരിച്ച് 2019 നവംബർ 5ന് ഫുൾ ഓൺ സ്റ്റുഡിയോസ് ഫിലിംചേംബറിൽ 'വെള്ളരിക്കാപട്ടണം' എന്ന പേര് രജിസ്റ്റർ ചെയ്തു. ചേംബറിന്റെ നിർദ്ദേശപ്രകാരം, ഇതേപേരിൽ 1985-ൽ പുറത്തിറങ്ങിയ ചിത്രത്തിന്റെ നിർമ്മാതാവും സംവിധായകനുമായ ശ്രീ.തോമസ് ബെർളിയുടെ അനുമതിപത്രം ഉൾപ്പെടെയാണ് ഫുൾഓൺ സ്റ്റുഡിയോസ് രജിസ്ട്രേഷന് അപേക്ഷിച്ചത്. ഈ രേഖകളെല്ലാം ഇപ്പോഴും ഫിലിം ചേംബറിൽ തന്നെയുണ്ട്. എന്നാണ് ഫുൾ ഓൺ സ്റ്റുഡിയോസ് പേര് രജിസ്റ്റർ ചെയ്തത് എന്നതിനും അപേക്ഷയ്ക്കൊപ്പം ശ്രീ. തോമസ് ബെർളിയുടെ കത്ത് ഉണ്ടായിരുന്നോ എന്നതിനുമെല്ലാം ഫിലിം ചേംബർ രേഖകൾ സാക്ഷ്യം പറയും. ഫുൾ ഓൺസ്റ്റുഡിയോസ് പേരിനായി അപേക്ഷിക്കുമ്പോൾ ഫിലിം ചേംബറിലോ സൗത്ത് ഇന്ത്യൻ ഫിലിം ചേംബറിലോ 'വെള്ളരിക്കാപട്ടണം'എന്ന പേര് മറ്റാരും രജിസ്റ്റർ ചെയ്തിരുന്നില്ല. അതുകൊണ്ടുതന്നെ ഈ പേര് ഫുൾഓൺ സ്റ്റുഡിയോസിന് അനുവദിച്ച് കിട്ടി.

വസ്തുതകൾ ഇതായിരിക്കെ തമിഴ്‌നാട്ടിലെ ഒരു സംഘടനയിലെ രജിസ്ട്രേഷന്റെ ബലത്തിൽ 'വെള്ളരിക്കാപട്ടണം' എന്ന പേരിൽ മറ്റൊരാൾ കേരളത്തിൽ നിന്ന് സെൻസർ ബോർഡ് സർട്ടിഫിക്കറ്റ് സ്വന്തമാക്കി. ആ സിനിമയുടെ സംവിധായകൻ കൂടിയായ ഇദ്ദേഹം ഞങ്ങളുടെ ചിത്രത്തിലെ പ്രധാന അഭിനേതാക്കളായ മഞ്ജുവാര്യർക്കും സൗബിൻ ഷാഹിർക്കും എതിരേ സമൂഹമാധ്യമങ്ങളിലൂടെയും ചില യൂട്യൂബ് ചാനലുകളിലൂടെയും അപവാദപ്രചാരണം നടത്തുകയും ഞങ്ങളുടെ ചിത്രത്തെക്കുറിച്ച് സത്യവിരുദ്ധമായ കാര്യങ്ങൾ പ്രചരിപ്പിക്കുകയും ചെയ്തു. ഇത് ഇപ്പോഴും തുടരുകയാണ്. ഒരു ചിത്രത്തിന്റെ പേരിന്റെ രജിസ്ട്രേഷനുമായി അതിലെ അഭിനേതാക്കൾക്ക് യാതൊരു ബന്ധവുമില്ല. എന്നിട്ടും അവരെ വ്യക്തിഹത്യ ചെയ്യാനുള്ള ശ്രമമാണ് മേൽപ്പറഞ്ഞ സംവിധായകൻ നടത്തുന്നത്. ഇതിന് പിന്നിൽ ഗൂഢലക്ഷ്യങ്ങളുണ്ടെന്ന് ഞങ്ങൾ സംശയിക്കുന്നു.

ആക്ഷൻ ഹീറോ ബിജു,അലമാര,മോഹൻലാൽ,കുങ്ഫുമാസ്റ്റർ തുടങ്ങിയ സിനിമകളിലൂടെ ഇതിനകം പ്രേക്ഷകപ്രശംസയും വിശ്വാസ്യതയും നേടിയ ബാനറാണ് ഫുൾഓൺ സ്റ്റുഡിയോസ്. കേരളത്തിൽ സിനിമാനിർമ്മാണത്തിനുള്ള ഫിലിം ചേംബറിന്റെ എല്ലാ നിബന്ധനകളും പാലിച്ചാണ് ഞങ്ങൾ മുന്നോട്ടു പോകുന്നത്. 'വെള്ളരിക്കാപട്ടണം' എന്ന പേരിലുള്ള ഫിലിംചേംബറിന്റെ ഔദ്യോഗിക രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് ഇപ്പോഴും ഫുൾ ഓൺസ്റ്റുഡിയോസിനാണ്. കേരളത്തിൽ സിനിമകളുടെ ടൈറ്റിൽ രജിസ്ട്രേഷനുള്ള ഔദ്യോഗികസ്ഥാപനം ഫിലിംചേംബർ ആണെന്നുതന്നെയാണ് ഇപ്പോഴും ഞങ്ങളുടെ വിശ്വാസം. എന്നിരിക്കിലും ഞങ്ങളുടെ സിനിമയുടെ റിലീസിങ് അനാവശ്യ വിവാദങ്ങൽലക്ക് വലിച്ചിഴക്കപ്പെടാതിരിക്കാനും അതിലെ അഭിനേതാക്കൾ ഇനിയും സമൂഹമധ്യത്തിൽ നുണകൾകൊണ്ട് ആക്രമിക്കപ്പെടാതിരിക്കാനുമായി ഞങ്ങൾ പേരുമാറ്റത്തിന് തയ്യാറാകുകയാണ്.

മഞ്ജുവാര്യർക്കും സൗബിൻ ഷാഹിറിനും പുറമേ സലിംകുമാർ, സുരേഷ്‌കൃഷ്ണ, കൃഷ്ണശങ്കർ, ശബരീഷ് വർമ, അഭിരാമി ഭാർഗവൻ, കോട്ടയം രമേശ്, മാലപാർവതി, വീണനായർ, പ്രമോദ് വെളിയനാട്, തുടങ്ങിയവരാണ് 'വെള്ളരിപട്ടണ'ത്തിലെ പ്രധാന അഭിനേതാക്കൾ. മാധ്യമപ്രവർത്തകനായ ശരത്കൃഷ്ണയും സംവിധായകനും ചേർന്നാണ് രചന. അലക്സ് ജെ.പുളിക്കൽ ആണ് ഛായാഗ്രഹണം. എഡിറ്റിങ് അപ്പു എൻ.ഭട്ടതിരി. മധുവാസുദേവനും വിനായക് ശശികുമാറുമാണ് ഗാനരചയിതാക്കൾ. സച്ചിൻ ശങ്കർ മന്നത്ത് സംഗീതം പകരുന്നു. ജ്യോതിഷ് ശങ്കറാണ് കലാസംവിധായകൻ. പ്രൊഡക്ഷൻ കൺട്രോളർ ബെന്നി കട്ടപ്പന. ശ്രീജിത് ബി.നായരും കെ.ജി.രാജേഷ് കുമാറുമാണ് അസോസിയേറ്റ് ഡയറക്ടർമാർ. പി.ആർ.ഒ. എ.എസ്.ദിനേശ്.

(മെയ്ദിനവും മറുനാടൻ മലയാളിയുടെ വാർഷികവും പ്രമാണിച്ച് മറുനാടൻ മലയാളിയുടെ ഓഫീസിന് അവധി ആയതു കൊണ്ട് നാളെ(01-05-2022) അപ്ഡേഷൻ ഉണ്ടായിരിക്കില്ല-എഡിറ്റർ)