- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
2005ൽ സിവിൽ പൊലീസ് ഓഫീസർ; 2018ൽ ടെസ്റ്റ് എഴുതി എസ് ഐയായ പുത്തൂരുകാരൻ; ബളാലിൽ പിടികൂടിയത് ക്രൂര മനസ്സുള്ള കുട്ടിക്കുറ്റവാളിയെ; നിർണ്ണായകമായത് ബന്ധുവീട്ടിൽ വച്ച് ഫോൺ പരിശോധിച്ചപ്പോൾ വാൾ പേപ്പറായി കണ്ട 'വെനം' സിനിമയുടെ പോസ്റ്റർ; അശ്ലീല സൈറ്റുകളും വിഷം തിരഞ്ഞ ഗൂഗിൾ ഹിസ്റ്ററിയും തുണയായി; ആൻ മേരിയുടെ അരും കൊലയിൽ സഹോദരനെ കുടുക്കിയത് വെള്ളരിക്കുണ്ട് എസ് ഐ; കേരളാ പൊലീസിന്റെ അന്വേഷണ തൊപ്പിയിൽ പൊൻതൂവൽ സമ്മാനിച്ച് ശ്രീദാസും
കാസർഗോഡ്: കുടുംബാംഗങ്ങൾക്ക് എലിവിഷം നൽകുകയും പെൺകുട്ടി മരണപ്പെടുകയും ചെയ്ത സംഭവത്തിൽ സഹോദരൻ പ്രതിയാണെന്ന് കണ്ടെത്തിയതിന് പിന്നിൽ വെള്ളരിക്കുണ്ട് എസ്ഐ പി.പി ശ്രീദാസിന്റെ അന്വേഷണ മികവ്. പെൺകുട്ടിയുടെ മരണം നടന്ന് ദിവസങ്ങൾക്കകം തന്നെ സഹോദരനാണ് ഇതിന് പിന്നിലെന്ന് എസ്ഐ കണ്ടെത്തിയിരുന്നു.
വീട്ടിലുണ്ടാക്കിയ ഐസ്ക്രീം കഴിച്ച് അവശ നിലയിലായ കുടുംബാംഗങ്ങൾ ആശുപത്രിയിൽ പ്രവേശിച്ചപ്പോൾ പ്രതി ആൽബിന്റെ ശരീരത്തിൽ മാത്രം വിഷാംശം കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. എന്നാൽ ഇയാൾ ഐസ്ക്രീം കഴിച്ചതായും പറഞ്ഞിരുന്നു. അന്ന് തന്നെ ആൽബിൻ എസ്ഐയുടെ നീരിക്ഷണത്തിലായിരുന്നു. മാതാപിതാക്കളും സഹോദരിയും അത്യാസന്ന നിലയിൽ കഴിയുമ്പോഴും യാതൊരു ഭാവ വ്യത്യാസവുമില്ലാതിരുന്ന ഇയാളെ ഒരു ബന്ധു വീട്ടിലേക്ക് മാറ്റുകയായിരുന്നു. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് ആൽബിനാണ് ഇതിന് പിന്നിലെന്ന് കണ്ടെത്തിയത്.
ആൽബിന്റെ മുഖത്ത് സഹോദരി ഗുരുതരാവസ്ഥയിലാണെന്നറിഞ്ഞിട്ടും യാതൊരു ഭാവവ്യത്യാസവും ഇല്ലാതിരുന്നതാണ് എസ്ഐക്ക് സംശയത്തിനിടയാക്കിയത്. കൂടാതെ ഇയാളുടെ ശരീരത്തിൽ വിഷാംശം ലവലേശമില്ലായിരുന്നു. സഹോദരിയുടെ മരണാനന്തര ചടങ്ങിൽ പങ്കെടുക്കുമ്പോഴും ഒരു തുള്ളി കണ്ണു നീർ പോലും കാണാൻ കഴിഞ്ഞില്ല. ഇതോടെയാണ് ആൽബിനെ കൂടുതൽ ചോദ്യം ചെയ്യാൻ തീരുമാനിച്ചത്. 30 ന് ഐസ്ക്രീം ഉണ്ടാക്കിയ കാര്യവും കഴിച്ച കാര്യവും സമ്മതിച്ചു. എന്നാൽ വിഷം കലർത്തിയ കാര്യം സമ്മതിച്ചില്ല.
തുടർന്നാണ് ആൽബിന്റെ ഫോൺ പരിശോധിച്ചത്. വാൾ പേപ്പറായി ഇട്ടിരുന്നത് 'വെനം' എന്ന സിനിമയുടെ പേടിക്കുന്ന തരത്തിലുള്ള ഒരു ചിത്രമായിരുന്നു. പിന്നീട് സെർച്ച് ഹിസ്റ്ററി പരിശോധിച്ചപ്പോൾ വിഷത്തെപറ്റി വിവരങ്ങൾ ശേഖരിച്ചിരുന്നതായി കണ്ടെത്തി. തുടർന്ന് ഈ വിവരങ്ങൾ എല്ലാം നിരത്തി വിശദമായി ചോദ്യം ചെയ്തതോടെയാണ് അൽബിൻ കുറ്റം ചെയ്തതായി സമ്മതിച്ചത്.
ആഡംബര ജീവിതം നയിക്കാൻ സ്വത്ത് തട്ടിയെടുക്കാൻ വേണ്ടിയാണ് കൊലപാതകം നടത്തിയതെന്നാണ് ആൽബിൻ പൊലീസിനോട് പറഞ്ഞത്. ആഴ്ചകൾക്ക് മുൻപ് ചിക്കൻ കറിയിൽ വിഷം ചേർത്തു നൽകാനും ആൽബിൻ ശ്രമിച്ചിരുന്നു. എന്നാൽ വിഷത്തിന്റെ അളവ് കുറഞ്ഞതിനാൽ മരണം സംഭവിച്ചില്ല. തുടർന്നാണ് ഇന്റർനെറ്റിൽ പരതി വിവരങ്ങൾ ശേഖരിച്ച് ഐസ്ക്രീമിൽ വിഷം കലർത്തി കുടുംബാഗങ്ങൾക്ക് നൽകിയത്.
ആന്മേരിയുടെ മരണാനന്തര ചടങ്ങുകൾക്കിയയിലാണ് ബെന്നിയെയും ബെസിയെയും ഛർദിയെ തുടർന്ന് സ്വകാര്യ ആശുപത്രിയിലാക്കിയത്. അസ്വാസ്ഥ്യമുണ്ടെന്ന് അഭിനയിച്ച് എത്തിയ ആൽബിന്റെ രക്തത്തിൽ വിഷാംശം കണ്ടെത്തിയതുമില്ല. ആൻ മരിയയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിലും വിഷസാന്നിധ്യമാണ് മരണകാരണമായി ഉണ്ടായിരുന്നത്. തുടർന്ന് പൊലീസ് വീട്ടിലെത്തി ഐസ്ക്രീം ഉൾപ്പെടെയുള്ളവ ശേഖരിച്ച് പരിശോധന നടത്തി. ഒടുവിൽ ആൽബിൻ അറസ്റ്റിലായി. ബെന്നി ഗുരുതരാവസ്ഥയിൽ കോഴിക്കോട് മിംസ് ആശുപത്രിയിലും ബെസ് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലും ചികിത്സയിലാണ്.
ചെറുപുഴയിലെ ആശുപത്രിയിൽ വച്ചാണ് ആന്മേരി മരിക്കുന്നത്. ചെറുപുഴ പൊലീസാണ് ആദ്യം കേസെടുത്തിരുന്നത്. കുട്ടിയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ, എലിവിഷം ഉള്ളിൽ ചെന്നതാണ് മരണ കാരണമെന്ന് വ്യക്തമായതോടെ കൂടുതൽ അന്വേഷണങ്ങൾക്കായി ചെറുപുഴ പൊലീസ് വെള്ളരിക്കുണ്ട് പൊലീസിന് കേസ് കൈമാറുകയായിരുന്നു. സംഭവം സഹോദരൻ ആൽബിൻ ബെന്നി (22) നടത്തിയ ആസൂത്രിതമായ കൊലപാതകമാണെന്നാണ് പൊലീസ് പറയുന്നത്. ആർഭാട ജീവിതത്തിനും കൂട്ടുകാരുമൊത്ത് അതിരുവിട്ടുള്ള ബന്ധങ്ങൾക്കും വീട്ടുകാർ എതിരായതാണ് ഇവരെ ഇല്ലാതാക്കാൻ പ്രേരിപ്പിച്ചത്.
നാട്ടിൽ അധികമാരോടും സംസാരിക്കാത്ത പ്രകൃതമായിരുന്നു ആൽബിന്റെത്. പ്ലസ്ടു കഴിഞ്ഞയുടൻ വെള്ളരിക്കുണ്ടിലെ ബേക്കറിയിൽ ജോലി ചെയ്തിരുന്ന ആൽബിൻ പിന്നീട് നാട്ടിൽ നിന്നു പോയി. ഇതിനിടയിൽ തൊഴിലധിഷ്ഠിത കോഴ്സും ഇയാൾ പൂർത്തിയാക്കിയിരുന്നു. പിന്നീട് കോട്ടയം ജില്ലയിലെ ഹോട്ടലിൽ ജോലിക്ക് കയറി. ഏറെ കാലം അവിടെ ജോലിയെടുത്ത ശേഷം ഈ ലോക്ഡൗൺ കാലത്താണ് നാട്ടിലേക്ക് വരുന്നത്. വീട്ടിൽ തന്നെ ഒതുങ്ങി കഴിഞ്ഞിരുന്ന ആൽബിക്ക് നാട്ടിനു പുറത്ത് ഒട്ടെറെ സുഹൃത്തുകളുണ്ടെന്നാണ് പൊലീസ് പറയുന്നത്.
അധിക സമയവും മൊബൈൽ ഫോൺ ഉപയോഗിച്ചിരുന്ന ആൽബിന് പ്രണയവും ഉണ്ടായിരുന്നതായി അന്വേഷണത്തിൽ വ്യക്തമായി. വാട്സാപ് ചാറ്റിങ് നടത്തുന്നത് പതിവായിരുന്നു. ആൽബിന്റെ ഫോൺ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് കൊലപാതക രഹസ്യങ്ങൾ പുറത്തേക്ക് എത്തിച്ചത്. അന്വേഷണം നടത്തി വളരെ വേഗം തന്നെ പ്രതിയെ കണ്ടെത്തിയ എസ്ഐ പി.പി ശ്രീദാസിന് നാട്ടുകാരുടെ അഭിനന്ദന പ്രവാഹമാണ്.
2005 ൽ സിവിൽ പൊലീസ് ഓഫീസറായി ജോലിയിൽ പ്രവേശിച്ച ശ്രീദാസ് എസ്ഐ ടെസ്റ്റ് എഴുതിയിരുന്നു. എസ്ഐ ടെസ്റ്റിൽ വിജയം കൈവരിച്ച ശേഷം 2016 ലാണ് എസ്ഐ ആകുന്നത്. വിജയ നഗർ, നീലേശ്വരം, വെളഅളരിക്കുണ്ട് എന്നിവിടങ്ങലിൽ എസ്ഐ ആയി ജോലി ചെയ്തിരുന്നു. 2019 ലാണ് വെള്ളരിക്കുണ്ടിൽ എസ്ഐ ആയി ഇരുന്നത്. പിന്നീട് സ്ഥലം മാറി പോയെങ്കിലും വീണ്ടും ഇവിടേക്ക് വരികയായിരുന്നു. പുത്തൂർ സ്വദേശിയാണ് ശ്രീദാസ്.
തന്റെ സർവ്വീസിനിടയിൽ ഇത്രയും ക്രൂരമനസ്സുള്ള കുട്ടിക്കുറ്റവാളിയെ കണ്ടിട്ടില്ല എന്നാണ് ശ്രീദാസ് മറുനാടൻ മലയാളിയോട് പറഞ്ഞത്. അമിതമായ മൊബൈൽ ഫോൺ ഉപയോഗവും അനാവശ്യ കൂട്ടുക്കെട്ടുകളുമാണ് ഇത്തരം ഒരു മാനസികാവസ്ഥയിലേക്ക് എത്താൻ കാരണമെന്നും അദ്ദേഹം പറയുന്നു.