പാവം കശ്മീരി പണ്ഡിറ്റുകൾ. അവരുടെ പേരും പറഞ്ഞു കുറേ നാളായി ബിജെപി.യും സംഘ പരിവാറുകാരും മുതലെടുക്കാൻ തുടങ്ങിയിട്ട്. പൊലീസും, അർദ്ധ സൈനിക വിഭാഗവും, പട്ടാളവുമായി ഏകദേശം എട്ടു ലക്ഷത്തോളം പേരുള്ള സ്ഥലത്താണ് കഴിഞ്ഞ കുറെയേറെ ദിവസങ്ങളായി കൊലപാതകങ്ങൾ നടക്കുന്നത്. 14 പേർക്ക് ഒരു പട്ടാളക്കാരൻ ഉണ്ട് കാശ്മീർ താഴ് വരയിൽ. എന്നിട്ടും തീവ്രവാദത്തെ മെരുക്കാൻ പറ്റുന്നില്ലെങ്കിൽ, അത് കേന്ദ്ര സർക്കാരിന്റെ കാശ്മീർ പോളിസി പരാജയമാണെന്നാണ് കാണിക്കുന്നത്.

2008-ൽ ആരംഭിച്ച പ്രധാനമന്ത്രിയുടെ പുനരധിവാസ പദ്ധതിയുടെ ഭാഗമായി കശ്മീരി പണ്ഡിറ്റുകളെ, ജമ്മു കശ്മീരിൽ വിവിധ സർക്കാർ സ്ഥാപനങ്ങളിൽ ജീവനക്കാരായി നിയോഗിച്ചിരുന്നു. ഇത്തരത്തിൽ ജോലിക്ക് കയറിയവരും കഴിഞ്ഞ കുറേ ദിവസങ്ങളിലായി കൊല്ലപ്പെട്ടിട്ടുണ്ട്.

കാശ്മീരിലെ ഇപ്പോഴത്തെ തീവ്രവാദത്തിന്റെ എസ്‌കലേഷൻ തുടങ്ങിയത് 2014-ന് ശേഷമാണെന്നത് സ്റ്റാറ്റിസ്റ്റിക്‌സ് നോക്കിയാൽ ആർക്കും മനസ്സിലാകും. അടൽ ബിഹാരി വാജ്‌പേയ് തണുപ്പിച്ചു തുടങ്ങിയതായിരുന്നു കശ്മീരിനെ. അതേ നയം ഡോക്ടർ മന്മോഹൻ സിങ്ങും പിന്തുടർന്നു. 40 ശതമാനത്തിലേറെ പേരെ പോളിങ് ബൂത്തിൽ എത്തിക്കാൻ ഡോക്ടർ മന്മോഹൻ സിങ്ങിന് സാധിച്ചു. ഇങ്ങനെ ജനാധിപത്യ പ്രക്രിയ കാശ്മീരിൽ കൂടുതൽ കൂടുതൽ ഉയരങ്ങളിൽ എത്തി.

പിന്നീടാണ് എല്ലാം കീഴ്‌മേൽ മറിഞ്ഞത്. മതവും, തീവ്ര ദേശീയതയും തിരഞ്ഞെടുപ്പ് വിജയത്തിന് ഉപയോഗിക്കുന്ന ആളുകൾ അവിടെ ജനങ്ങളുമായി സംവദിക്കേണ്ടതിന് പകരം മസിൽ പെരുപ്പിക്കാൻ തുടങ്ങി. അതോടെ കാശ്മീരിൽ വിലപ്പെട്ട ജീവനുകൾ പൊലിയാനും തുടങ്ങി.

2014 -ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ വൻ പോളിങ് രേഖപ്പെടുത്തിയത് കാശ്മീരിൽ വളർന്നുവരുന്ന ജനാധിപത്യാവബോധത്തെക്കുറിച്ചുള്ള പ്രതീക്ഷയാണ് നൽകിയത്. അഞ്ച് ഘട്ടങ്ങളിലായി നടന്ന തിരഞ്ഞെടുപ്പിൽ കൊടും തണുപ്പിനെ അവഗണിച്ച് പോളിങ് ബൂത്തിലെത്തിയത് 65.23 ശതമാനം വോട്ടർമാരാണ്. പക്ഷെ 2019 ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഷോപ്പിയാനിലും പുൽവാമയിലും വോട്ടിങ് ശതമാനം 2. 81 ശതമാനമായി കുറഞ്ഞു. ലഡാക്കിൽ 63 ശതമാനം വോട്ട് രേഖപ്പെടുത്തിയപ്പോൾ ബാരാമുള്ളയിൽ 35 ശതമാനവും, തെക്കൻ കാശ്മീരിൽ 13.63 ശതമാനവും ആയിരുന്നു കണക്ക്. കുൽഗാം ജില്ലയിലാവട്ടെ 10.3 ശതമാനം ജനങ്ങൾ മാത്രമേ വോട്ട് രേഖപ്പെടുത്തിയുള്ളൂ. കാശ്മീർ താഴ് വരയിൽ 2014-ൽ 56.49 ശതമാനം പേര് ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്തപ്പോൾ 2019 ആയപ്പോൾ അത് 22.5 ശതമാനമായി ചുരുങ്ങി.

ചുരുക്കം പറഞ്ഞാൽ ഒരു 'പൊളിറ്റിക്കൽ പ്രോസസ്' ഇപ്പോഴത്തെ ബിജെപി. സർക്കാരിന് കശ്മീരിൽ ഇതുവരെ തുടങ്ങിവെക്കാൻ സാധിച്ചിട്ടില്ല. പഞ്ചാബിലും തമിഴ്‌നാട്ടിലും കോൺഗ്രസ്സ് സർക്കാരുകൾ പണ്ട് ശക്തമായി തീവ്രവാദത്തെ നേരിട്ടതാണ്. പക്ഷെ അതിനോടൊപ്പം കോൺഗ്രസ്സ് ഒന്നുകൂടി ചെയ്തു. അവിടെയൊക്കെ 'പൊളിറ്റിക്കൽ പ്രോസസ്' എന്നുള്ളതും തുടങ്ങിവെച്ചു. അതാണിപ്പോൾ കശ്മീരിൽ കാണാത്തത്.

കാശ്മീരിന്റെ കാര്യത്തിൽ ഉയരുന്ന ഒരു ചോദ്യമുണ്ട്. മുഫ്തി മുഹമ്മദ് സയ്യിദിന്റെയും, ഷെയ്ക്ക് അബ്ദുള്ളയുടെ കുടുംബക്കാരേയും, വിഘടനവാദി നേതാക്കളേയും മാറ്റി നിർത്തിയാൽ പിന്നെ ആർക്ക് കാശ്മീർ താഴ് വരയിൽ ജനാധിപത്യ പ്രക്രിയ മുന്നോട്ട് നയിക്കാൻ പറ്റും എന്നതാണ് ആ ചോദ്യം. ബിജെപി.ക്ക് കാശ്മീർ താഴ് വരയിൽ കാര്യമായ സ്വാധീനമില്ല. കോൺഗ്രസിന്റെ സംഘടനാ സെറ്റപ്പ് ഇന്ത്യയിലെ ബാക്കി സ്ഥലങ്ങളിലെ പോലെ തന്നെ തീർത്തും ദുർബലവുമാണ്. ഗുലാം നബി ആസാദിനൊന്നും പഴയ പോലെ സ്വാധീനം കശ്മീർ താഴ് വരയിൽ ഇപ്പോഴില്ല. തീവ്രവാദികളെ പേടിച്ചിട്ട് മുഖ്യധാരാ രാഷ്ട്രീയ പാർട്ടികളിൽ പെട്ടവർക്ക് അങ്ങനെ എളുപ്പത്തിൽ സംഘടനാ പ്രവർത്തനങ്ങളിൽ അവിടെ ഏർപ്പെടാനും സാധിക്കില്ല. ജനാധിപത്യം പുനഃസ്ഥാപിക്കാതെ കശ്മീർ ശാന്തമാകുമെന്ന് തോന്നുന്നില്ല.

ഇപ്പോൾ ആര് കാശ്മീരിൽ ഒരു 'പൊളിറ്റിക്കൽ പ്രോസസ്' തുടങ്ങിവെക്കും എന്ന് ചോദിച്ചാൽ കേന്ദ്രം ഭരിക്കുന്ന ബിജെപി. ക്ക് ഉത്തരമില്ല. ചുരുക്കം പറഞ്ഞാൽ പ്രശ്‌നങ്ങളുണ്ടാക്കാനേ ബിജെപി ക്ക് താൽപര്യമുള്ളൂ. പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി അവർക്ക് വോട്ട് പിടിക്കണം. പ്രശ്‌നങ്ങൾ പരിഹരിക്കണമെങ്കിൽ ജനങ്ങളെ വിശ്വാസിത്തിലെടുത്തുള്ള സമീപനങ്ങൾ വേണം. അത്തരം രീതികളൊന്നും ബിജെപി ക്ക് പറഞ്ഞിട്ടുള്ളതല്ല.

ഉത്തരേന്ത്യയുടെ ഭാഗമായുള്ള 'സ്ട്രക്ച്ചറൽ വയലൻസിൽ' മുസ്ലിം കമ്യൂണിറ്റിയിൽ പെട്ട ആരെങ്കിലും ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ 'മുസ്ലീമിന് ഇവിടെ ജീവിക്കാൻ വയ്യാ, നാട്ടുകാരേ ഓടിവായോ' എന്ന് അലമുറ ഇടുന്നവരാണ് കേരളത്തിലെ ഇസ്ലാമിസ്റ്റുകൾ. ഇങ്ങനെ കേരളത്തിൽ ഇരുന്നു പോലും അലമുറ ഇടുന്നവർ കശ്മീരിൽ കഴിഞ്ഞ കുറെയേറെ ദിവസങ്ങളായി ഉണ്ടാകുന്ന കൊലപാതകങ്ങളോട് മൗനം അവലംബിക്കുന്നതും ശ്രദ്ധിക്കപ്പെടേണ്ടതുണ്ട്.

കേരളത്തിലെ രാഷ്ട്രീയമാണ് ഇവിടെ കശ്മീരിൽ അടക്കമുള്ള ഇസ്ലാമിക തീവ്രവാദം ചർച്ച ചെയ്യപ്പെടാതെ പോകുന്നതിനുള്ള കാരണം. കേരളത്തിലെ ഏറ്റവും വലിയ വോട്ട് ബാങ്കിനെ പിണക്കാൻ ഒരു രാഷ്ട്രീയ കക്ഷിയും മാധ്യമങ്ങളും തയാറല്ല. ചേകന്നൂർ മൗലവിയുടെ കൊലപാതകമോ, കൈവെട്ടോ, അഭിമന്യുവിന്റെ കൊലപാതകമോ, കേരളത്തിൽ നിന്ന് ആളുകൾ ഐസിസിൽ പോയതോ, അഫ്ഗാനിസ്ഥാനിൽ പോയി പൊട്ടിത്തെറിച്ചതോ ചർച്ച ചെയ്യുമ്പോൾ ആദ്യം അംഗീകരിക്കേണ്ടത് ഇവിടെ ഇസ്ലാമിക തീവ്രവാദം എന്നൊന്നുള്ളത് ഉണ്ട് എന്ന വസ്തുതയാണ്. അത് മലയാള മാധ്യമങ്ങൾ സത്യസന്ധതയോടെ അംഗീകരിക്കുകയില്ല. കേരളത്തിലെ ഒരു മതേതരക്കാരും അംഗീകരിക്കില്ല. അതിനു പകരം ഗൗരി ലങ്കേഷ്, കൽബുർഗി എന്നിവരെ കുറിച്ച് നാഴികയ്ക്ക് നാല്പത് വട്ടം പറയും.

താലിബാനെ വിസ്മയം ആക്കുന്ന അനേകരുള്ള സ്ഥലമാണ് കേരളം. അത്തരക്കാരാണ് ഹിജാബിന്റെ പേരിൽ സ്ത്രീകളുടെ വസ്ത്ര സ്വാതന്ത്ര്യത്തിന് വേണ്ടി വന്നതെന്നുള്ളതാണ് ഏറ്റവും വലിയ വൈരുദ്ധ്യം. കഴിഞ്ഞ വർഷമാണ് കേരളത്തിൽ ജനിച്ചു വളർന്ന ഒരാൾ അഫ്ഗാനിസ്ഥാനിലെ ഗുരുദ്വാരയിൽ പോയി ചാവേറായി പൊട്ടിത്തെറിച്ച് ഇരുപത് പേരെ കൊന്നത്. ദേശീയ മാധ്യമങ്ങളിൽ അക്കാര്യം വലിയ പ്രാധാന്യത്തോടെ വന്നു. പക്ഷെ മലയാള മാധ്യമങ്ങൾ ആ വാർത്തയെ പൂർണമായും അവഗണിച്ചു.

കേരളത്തിൽ ജനിച്ചു വളർന്നിട്ട് 5000 കിലോമീറ്റർ അപ്പുറത്തുള്ള കാബൂളിലെ ഗുരുദ്വാരയിൽ പോയി ഇവനൊക്കെ എന്തിന് 20 പേരെ കൊല്ലണം എന്ന് സുബൊധത്തിന്റെ ഒരു കണികയെങ്കിലുമുണ്ടെങ്കിൽ ആർക്കും ചോദിക്കാം. പക്ഷെ അതാരും ഇവിടെ ചോദിക്കില്ല. ആ സംഭവം കഴിഞ്ഞും കേരളത്തിൽ ജനിച്ചു വളർന്ന ഒരാൾ അഫ്ഗാനിസ്ഥാനിലെ ഒരു ജയിൽ ഭേദനത്തിന്റെ ഭാഗമായി അവിടെ ചെന്ന് പൊട്ടിത്തെറിച്ചു. കശ്മീരിൽ പോയി മരിക്കേണ്ട കാര്യമൊന്നും കേരളത്തിലെ മുസ്ലിം യുവാക്കൾക്കില്ല. കേരളത്തിൽ ജനിച്ചിട്ട് യമനിൽ ആട് മെയ്‌ക്കാൻ പോവേണ്ട കാര്യവുമില്ല. അഹമ്മദാബാദിൽ പോയി സ്ഫോടനം നടത്തേണ്ട കാര്യവും മലയാളിക്കില്ല. പക്ഷെ ഇതൊക്കെ ആരോട് പറയാനാണ്?

(ലേഖകന്റെ ഈ അഭിപ്രായങ്ങൾ തീർത്തും വ്യക്തിപരമാണ്. അതിന് ലേഖകന്റെ ജോലിയുമായി ഒരു ബന്ധവുമില്ല)