തിരുവനന്തപുരം: വെള്ളായണി കായലിലെ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് മുപ്പതിലധികം കുടുംബങ്ങളെ ദുരിതാശ്വാസ ക്യാംപിലേക്ക് മാറ്റി. വെള്ളായണി എൽപി സ്‌കൂളിലെ ദുരിതാശ്വാസ ക്യാംപിലേക്കാണ് മാറ്റിപ്പാർപ്പിച്ചത്. കായലിലെ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ശനിയാഴ്ച രാവിലെയാണ് വീടുകളിലേക്ക് വെള്ളം കയറി തുടങ്ങിയത്.

അടുത്ത മൂന്നു മണിക്കൂറിൽ സംസ്ഥാനത്ത് കനത്ത മഴയ്ക്കും 60 കിലോമീറ്റർ വേഗത്തിൽ കാറ്റിനും സാധ്യതയുണെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അതീവ ജാഗ്രതപാലിക്കണമെന്ന് ദുരന്തനിവാരണ വകുപ്പ് മുന്നറിയിപ്പ് നൽകി.

അറബിക്കടലിൽ രൂപം കൊണ്ട ന്യൂനമർദത്തിൽ വൻതോതിൽ മേഘപാളികൾ സംസ്ഥാനത്തിനു മുകളിലായി നിലകൊള്ളുകയാണ്. ബംഗാൾ ഉൾക്കടലിൽ നിലവിലുള്ള ന്യൂനമർദത്തിന്റെ സ്വാധീനവും മഴയുടെ തീവ്രത രൂക്ഷമാക്കുന്നു.