- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചാടിയ ആറുപേരിൽ കിട്ടിയത് ഒരാളെ മാത്രം; ഹോട്ടലിൽ നിന്ന് ഓടിപ്പോയ അഞ്ചു പേരുടെ കൈയിൽ പണമോ മൊബൈലോ ഇല്ലെന്ന് സൂചന; മടിവാളയിലെ ഹോട്ടലിന്റെ പരിസരം അരിച്ചു പെറുക്കി പൊലീസ്; വെള്ളിമാടുകുന്ന് ചിൽഡ്രൻസ് ഹോമിലെ ചാട്ടത്തിന് പിന്നിലെ കാരണം കണ്ടെത്താൻ പൊലീസ്
കോഴിക്കോട്: വെള്ളിമാടുകുന്ന് ചിൽഡ്രൻസ് ഹോമിൽനിന്നു കാണാതായ സഹോദരിമാരടക്കം ആറു പെൺകുട്ടികളിൽ അഞ്ചു പേരെ കുറിച്ച് ഒരു വിവരവുമില്ല. ഒരാളെ ബെംഗളൂരുവിൽ കണ്ടെത്തി. മടിവാളയിലെ ഹോട്ടലിൽനിന്നാണ് കണ്ടെത്തിയത്. ഒരാളെ കസ്റ്റഡിയിലെടുത്തെങ്കിലും മറ്റ് അഞ്ച് പേർ ഓടിരക്ഷപ്പെട്ടു. ഇവർ നടന്നുപോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു.
രക്ഷപ്പെട്ടവരുടെ കൈയിൽ പണമോ മൊബൈൽ ഫോണോ ഇല്ല. അതു കൊണ്ടു തന്നെ ഇവരെ അതിവേഗം കണ്ടെത്താനാണ് ശ്രമം. ബുധനാഴ്ച വൈകിട്ട് നാലുമണിക്ക് ശേഷമാണ് ഇവർ ചിൽഡ്രൻസ് ഹോമിൽനിന്നു കടന്നുകളഞ്ഞത്. കാണാതായ കേസുകളിൽ ഉൾപ്പെട്ട ഇവരെ ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ നിർദേശപ്രകാരമാണ് ചിൽഡ്രൻസ് ഹോമിൽ പാർപ്പിച്ചിരുന്നത്. കാണാതായ ആറു പേർക്കും പ്രായപൂർത്തിയായിട്ടില്ല.
രണ്ട് ആൺകുട്ടികളുടെ സഹായം ഇവർക്ക് കിട്ടിയിരുന്നു. ഇവരും പൊലീസ് കസറ്റഡിയിലാണ്, സംഭവത്തിൽ സംസ്ഥാന ബാലാവകാശ കമ്മിഷൻ കേസെടുത്തിരുന്നു. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ ചെയർമാൻ കെ.വി.മനോജ് കുമാർ സ്വമേധയാ നടപടി എടുക്കുകയായിരുന്നു. കമ്മിഷൻ അംഗം ബി.ബബിത ചിൽഡ്രൻസ് ഹോം സന്ദർശിച്ചു.
ഹോട്ടലിൽ മുറിയെടുക്കാനെത്തിയ പെൺകുട്ടികളോട് ഹോട്ടൽ ജീവനക്കാർ തിരിച്ചറിയൽ രേഖകൾ ആവശ്യപ്പെടുകയായിരുന്നു. എന്നാൽ തിരിച്ചറിയൽ രേഖകളോ മറ്റു രേഖകളോ കയ്യിൽ ഇല്ലാതിരുന്ന കുട്ടികളെ ഹോട്ടൽ ജീവനക്കാർ തടഞ്ഞു വെക്കുകയായിരുന്നു. ഇവരിൽ അഞ്ചു കുട്ടികൾ ഹോട്ടലിൽ നിന്നും ഓടി രക്ഷപ്പെടുകയായിരുന്നുവെന്ന് ജീവനക്കാർ പറയുന്നു. ഇവരിൽ ഒരാളെ ഹോട്ടൽ ജീവനക്കാർ പൊലീസിൽ ഏൽപിക്കുകയായിരുന്നു.
ഇവർക്കൊപ്പം രണ്ട് ആൺകുട്ടികളും ഉണ്ടായിരുന്നുവെന്ന് ഹോട്ടൽ ജീവക്കാരൻ സ്ഥിരീകരിച്ചു. കോഴിക്കോട് നിന്നും കാണാതായ കുട്ടികൾ തന്നെയാണിതെന്നാണ് മടിവാള പൊലീസ് പറയുന്നത്. ആറ് പെൺകുട്ടികളും ബെംഗളൂരുവിലുണ്ടെന്ന സൂചന പൊലീസിന് നേരത്തെ ലഭിച്ചിരുന്നു. ഇതനുസരിച്ച് അന്വേഷണ സംഘം ബെംഗളൂരുവിലേക്ക് പുറപ്പെടുകയായിരുന്നു. പെൺകുട്ടികളുടെ സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു. ആറ് പേരും സംഘങ്ങളായി നീങ്ങുന്ന ദൃശ്യമാണ് ലഭിച്ചത്.
വെള്ളിമാടുകുന്നിൽ നിന്ന് നേരത്തെ കുട്ടികൾ ചാടിപ്പോയ സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും അടുത്തകാലത്തൊന്നും ഇങ്ങനെയൊന്ന് ഉണ്ടായിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. വെള്ളിമാട് കുന്നിലെ ചിൽഡ്രൻസ് ഹോമിൽ നിന്ന് ബുധനാഴ്ച വൈകിട്ടോടെയാണ് പെൺകുട്ടികളെ കാണാതായത്. കാണാതായ ആറ് പേരും കോഴിക്കോട് ജില്ലക്കാരാണെന്നാണ് പൊലീസ് പറയുന്നത്. കുട്ടികൾ ചിൽഡ്രൻസ് ഹോമിൽ നിന്നും ചാടി പോകാനുണ്ടായ കാരണമെന്താണെന്നാണ് ബാലാവകാശ കമ്മീഷൻ പ്രധാനമായും പരിശോധിക്കുന്നത്. സർക്കാർ സംവിധാനത്തിനു കീഴിൽ കുട്ടികൾക്ക് ഏതെങ്കിലും പ്രയാസകരമായ സാഹചര്യം ഉണ്ടായിട്ടുണ്ടോ എന്നുള്ള പരിശോധനയാണ് ഉണ്ടാവുക. സുരക്ഷാ ചുറ്റുമതിലും കാവൽക്കാരും ഉണ്ടെങ്കിൽ കുട്ടികൾ എങ്ങിനെ പുറത്തുകടന്നു എന്ന ചോദ്യവും പ്രധാനമാണ്.
ബാലനീതി നിയമവും വ്യവസ്ഥകളും പ്രകാരം ഇത്തരം കേന്ദ്രങ്ങളിൽ കഴിയുന്ന കുട്ടികൾക്ക് മെച്ചപ്പെട്ട ശ്രദ്ധയും പരിചരണവും ഉറപ്പാക്കണമെന്നു വ്യവസ്ഥ ചെയ്യുന്നുണ്ട്. 50 കുട്ടികൾക്ക് 8,495 ചതുരശ്ര അടി എന്ന കണക്കിൽ താമസ സൗകര്യവും ഒരു ജീവനക്കാരനും വേണം. കുട്ടികൾക്ക് ആനുപാതികമായി നിശ്ചിത എണ്ണം ജോലിക്കാർ, അദ്ധ്യാപകർ, കെയർ ടേക്കർ, ഡോക്ടർ, സൈക്കോളജിസ്റ്റ് തുടങ്ങിയവരുടെ സേവനം ഉറപ്പാക്കണമെന്നതടക്കമുള്ള വ്യവസ്ഥകളാണ് ജുവനൈൽ ജസ്റ്റിസ് ആക്ടിൽ പറഞ്ഞിരിക്കുന്നത്. എം എസ് ഡബ്ല്യു യോഗ്യതയുള്ള സാമൂഹിക പ്രവർത്തകർ, സുരക്ഷാ ഉദ്യോഗസ്ഥൻ, പരിശീലകൻ എന്നിങ്ങനെ 100 കുട്ടികളുള്ള ഒരു സ്ഥാപനത്തിൽ ആകെ 25 ജീവനക്കാരെ നിയമിക്കണം. 19 പേർക്ക് അവിടെത്തന്നെ താമസ സൗകര്യം ഒരുക്കണം. നിർദേശങ്ങൾ പാലിക്കാത്ത സ്ഥാപനങ്ങളുടെ നടത്തിപ്പുകാർക്ക് ഒരു വർഷം തടവും ഒരു ലക്ഷം രൂപ പിഴയുമാണ് ശിക്ഷ.
കുട്ടികൾക്ക് അസഹ്യമായ തരത്തിൽ ഏതെങ്കിലും അനുഭവങ്ങൾ സ്ഥാപനത്തിൽ ഉണ്ടായിട്ടുണ്ടോ എന്ന ചോദ്യം പ്രധാനമായി ഉയർന്നിട്ടുണ്ട്. മാതാപിതാക്കൾ ജീവിച്ചിരിപ്പുണ്ടായിട്ടും ഛിദ്രമായ കുടുംബ ജീവിതത്തിൽ നിന്നും കടുത്ത ദാരിദ്ര്യത്തിൽ നിന്നും രക്ഷ തേടിയാണ് നേരത്തെ കുട്ടികളെ ഇത്തരം കേന്ദ്രങ്ങളിൽ എത്തിച്ചിരുന്നത്. കുറ്റകൃത്യങ്ങളിൽ പെട്ട് ജയിലിലായ മാതാപിതാക്കളുടെ കുട്ടികളും ഇത്തരം കേന്ദ്രങ്ങളിൽ എത്താറുണ്ട്.
മറുനാടന് മലയാളി ബ്യൂറോ