കോഴിക്കോട്: വെള്ളിമാട്കുന്ന് ചിൽഡ്രൻസ് ഹോമിൽ നിന്ന് കാണാതായ ആറ് പെൺകുട്ടികളിൽ ഒരാളെ കൂടി കണ്ടെത്തി. ഇതോടെ കാണാതായവരിൽ രണ്ട് പേരെ പൊലീസിന് കണ്ടെത്താനായി. മൈസൂരുവിലെ മാണ്ഡ്യയിൽ വച്ചാണ് രണ്ടാമത്തെ പെൺകുട്ടിയെ കണ്ടെത്തിയത്. ഒരാളെ വ്യാഴാഴ്ച തന്നെ കണ്ടെത്തിയിരുന്നു.

ബെംഗളൂരുവിലെ ഹോട്ടലിൽനിന്ന് പെൺകുട്ടിക്കൊപ്പം കസ്റ്റഡിയിലെടുത്ത രണ്ട് യുവാക്കളെയും ചേവായൂർ പൊലീസ് കോഴിക്കോടെത്തിക്കും. ട്രെയിൻ മാർഗമാണ് ബംഗളൂരുവിൽ എത്തിയതെന്ന് പെൺകുട്ടി പൊലീസിനോട് പറഞ്ഞു. യുവാക്കളെ ട്രെയിനിൽ വച്ചാണ് പരിചയപ്പെട്ടതെന്നും കുട്ടി മടിവാള പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. എന്നാൽ ഇത് പൊലീസ് കാര്യമായി എടുത്തിട്ടില്ല. കോഴിക്കോട് നിന്നെത്തിയ പൊലീസ് സംഘത്തിന്റെ നേതൃത്വത്തിൽ ഒന്നുകൂടി ചോദ്യം ചെയ്ത ശേഷം ആയിരിക്കും കേരളത്തിലേക്ക് കൊണ്ടുവരിക. മറ്റ് അഞ്ച് പെൺകുട്ടികളെയും ഇവർക്കൊപ്പം ഉണ്ടായിരുന്ന യുവാക്കളെയും കണ്ടെത്താനുള്ള ശ്രമം കർണാടക പൊലീസിന്റെ സഹകരണത്തോടെ തുടരുകയാണ്.

ബുധനാഴ്ച വൈകുന്നേരമാണ് ചിൽഡ്രൻസ് ഹോമിൽനിന്ന് ആറ് പെൺകുട്ടികൾ കടന്നു കളഞ്ഞത്. മടിവാളയിൽ ഹോട്ടലിൽ റൂം എടുക്കാനെത്തിയപ്പോൾ സംശയം തോന്നിയ ജീവനക്കാർ പെൺകുട്ടികളെ തടഞ്ഞു നിർത്തി പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. ഒരാൾ പിടിയിലായപ്പോൾ മറ്റുള്ളവർ ഓടി രക്ഷപ്പെടുകയായിരുന്നു. ഹോട്ടലിൽ മുറി എടുക്കാനെത്തിയതായിരുന്നു കുട്ടികൾ. തിരിച്ചറിയൽ രേഖകളൊന്നും ഇവരുടെ കൈവശമുണ്ടായിരുന്നില്ല. തുടർന്ന് സംശയം തോന്നിയ ഹോട്ടൽ ജീവനക്കാർ പെൺകുട്ടികളെ തടഞ്ഞുവെക്കുകയായിരുന്നു. അഞ്ചുപേർ പൊലീസ് എത്തുമ്പോഴേക്കും രക്ഷപ്പെട്ടതായി ഹോട്ടൽ ജീവനക്കാർ പറഞ്ഞു. ഒരാളെ പൊലീസിൽ ഏൽപ്പിച്ചു.

ഇതിനുപിന്നാലെയാണ് പെൺകുട്ടികൾക്ക് ഒപ്പമുണ്ടായിരുന്ന രണ്ട് യുവാക്കളെ മടിവാള പൊലീസ് കസ്റ്റഡിയിലെടുത്തത്. തൃശ്ശൂർ, കൊല്ലം സ്വദേശികളാണ് കസ്റ്റഡിയിലായതെന്ന് പൊലീസ് വ്യക്തമാക്കി. മൈസൂരുവിൽ നിന്ന് കോഴിക്കോട്ടേക്ക് വരാനുള്ള തയ്യാറെടുപ്പിലായിരുന്നു മാണ്ഡ്യയിൽ പിടിയിലായ പെൺകുട്ടി. രക്ഷപ്പെട്ട് മറ്റ് നാല് പെൺകുട്ടികളും അധികം ദൂരമൊന്നും പോവാൻ സാധ്യതയില്ലെന്നാണ് പൊലീസ് വിലയിരുത്തുന്നത്. കുട്ടികളുടെ കയ്യിൽ പണമില്ലാത്തതിനാൽ വഴിയിൽ പരിചയപ്പെട്ടവരിൽ നിന്ന് കടം വാങ്ങിയും മറ്റുമാണ് യാത്ര.

അതുകൊണ്ട് തന്നെ മറ്റുള്ളവരേയും ഉടൻ പൊലീസിന് കണ്ടെത്താനാവുമെന്നാണ് പ്രതീക്ഷ. ഇവരെ കണ്ടെത്താനും കണ്ടെത്തിയവരെ നാട്ടിലെത്തിക്കാനുമായി കേരള പൊലീസിന്റെ രണ്ട് സംഘങ്ങൾ ബെംഗളൂരുവിലേക്ക് പോയിട്ടുണ്ട്. റിപ്പബ്ലിക്ക് ഡേ ആഘോഷത്തിനിടേയായിരുന്നു കെട്ടിടത്തിന് മേൽ കോണി വെച്ച് ആറ് പേരും രക്ഷപ്പെട്ടത്. പിന്നീട് ബെംഗളൂരുവിൽ എത്തിയെന്ന വിവരം പൊലീസിന് ലഭിക്കുകയായിരുന്നു.

വ്യാഴാഴ്ച ഉച്ചയ്ക്ക് ഒന്നോടെ യുവാക്കൾ ഹോട്ടലിലെത്തി മുറി അന്വേഷിച്ചിരുന്നു. പിന്നീട് ഉച്ചയ്ക്ക് രണ്ടരയോടെ വീണ്ടും വന്ന് തിരിച്ചറിയൽ കാർഡ് കാണിച്ച് മുറി ബുക്കുചെയ്യാനൊരുങ്ങി. കുറച്ച് സന്ദർശകരുണ്ടാകുമെന്നും അറിയിച്ചു. അധികം താമസിയാതെ ആറു പെൺകുട്ടികൾ ലോബിയിലേക്ക് കയറിവന്നു. തിരിച്ചറിയൽ കാർഡ് ചോദിച്ചപ്പോൾ കൈയിലില്ലെന്നും എല്ലാവരുടെയും മൊബൈൽ ഫോൺ കളവുപോയെന്നുമായിരുന്നു മറുപടി. ഇതോടെ ജീവനക്കാർക്ക് സംശയംതോന്നി.

കേരളത്തിൽനിന്ന് പെൺകുട്ടികളെ കാണാതായത് സംബന്ധിച്ച് നേരത്തേ മലയാളി സംഘടനാ പ്രവർത്തകർ ഹോട്ടലുകാർക്ക് മുന്നറിയിപ്പുനൽകിയിരുന്നു. അതിനാൽ ഹോട്ടൽ ജീവനക്കാർ മഡിവാള പൊലീസിനെയും കെ.എം.സി.സി, എം.എം.എ. പ്രവർത്തകരെയും വിവരമറിയിച്ചു. ഇതിനിടെ പെൺകുട്ടികൾ ഇറങ്ങി ഓടാൻ ശ്രമിച്ചപ്പോൾ സെക്യൂരിറ്റി ജീവനക്കാരൻ ഗേറ്റ് അടച്ചെങ്കിലും അഞ്ചുപേർ സമീപത്തെ മതിൽചാടി രക്ഷപ്പെടുകയായിരുന്നു.

മൊബൈൽ ഫോൺ നഷ്ടമായെന്നു പറഞ്ഞാണ് പെൺകുട്ടികൾ സഹായം തേടിയതെന്നാണ് യുവാക്കൾ അറിയിച്ചത്. കാണാതായ കുട്ടികളിൽ രണ്ടുപേർ ഈ മാസം 25-ന് ചിൽഡ്രൻസ് ഹോമിൽ എത്തിയതാണ്. മറ്റു നാലുപേർ ഒരു മാസത്തിനിടയിലും എത്തിയവരാണ്.