- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഫ്രഷ് ആകാമെന്ന്' പറഞ്ഞ് മഡിവാളയിലെ ഫ്‌ളാറ്റിലേക്ക് ക്ഷണിച്ചു; യുവാക്കൾക്ക് ഒപ്പം ഒരു പെൺകുട്ടി മദ്യപിച്ചു; സ്വബോധമില്ലാതെ വന്നതോടെ പീഡിപ്പിക്കാൻ ശ്രമിച്ചു'; അറസ്റ്റിലായ യുവാക്കൾക്ക് എതിരെ പോക്‌സോ ചുമത്തി; പെൺകുട്ടികൾക്ക് ഗൂഗിൾ പേയിലൂടെ പണം നൽകിയത് മലപ്പുറം എടക്കരയിലുള്ള യുവാവ്
കോഴിക്കോട്: വെള്ളിമാടുകുന്ന് ചിൽഡ്രൻസ് ഗേൾസ് ഹോമിൽനിന്നു ഒളിച്ചോടിയ പെൺകുട്ടികളിൽ ഒരാളെ മഡിവാളയിലെ ഫ്‌ളാറ്റിലെത്തിച്ച് പീഡിപ്പിക്കാൻ ശ്രമിച്ചെന്ന് പെൺകുട്ടികൾ മൊഴി നൽകി. സംഭവത്തിൽ രണ്ട് യുവാക്കളെ അറസ്റ്റ് ചെയ്തു. ഇവർക്കെതിരെ പോക്‌സോ, ജുവനൈൽ ജസ്റ്റിസ് വകുപ്പുകൾ പ്രകാരം കേസെടുത്തു. കൊല്ലം കണ്ണനല്ലൂർ സ്വദേശി ടോം തോമസ്, കൊടുങ്ങല്ലൂർ സ്വദേശി ഫെബിൻ റാഫി എന്നിവരെയാണു ചേവായൂർ പൊലീസ് അറസ്റ്റ് ചെയ്തത്.
പെൺകുട്ടികൾക്ക് ബംഗളൂരുവിലേക്ക് പോകാൻ പണം നൽകിയ യുവാവിനെയും തിരിച്ചറിഞ്ഞു. മലപ്പുറം എടക്കരയിലെ യുവാവാണ് പണം നൽകിയത്. ചിൽഡ്രൻസ് ഹോമിലെ അവസ്ഥ മോശമായതിനാലാണ് പുറത്തുപോയതെന്ന് പെൺകുട്ടികൾ പൊലീസിനോട് പറഞ്ഞു.
26നു വൈകിട്ട് ഗേൾസ് ഹോമിൽനിന്നു പുറത്തുകടന്ന ആറ് പെൺകുട്ടികൾ പാലക്കാടുനിന്നും ട്രെയിൻ മാർഗം ബെംഗളൂരു വൈറ്റ് ഫീൽഡിൽ എത്തുകയായിരുന്നു. അവിടെവച്ചാണു ടോം തോമസിനെയും ഫെബിൻ റാഫിയെയും പരിചയപ്പെടുന്നത്. ഗോവയിലേക്കു പോകുകയാണെന്നും ബാഗ് നഷ്ടപ്പെട്ടെന്നും പെൺകുട്ടികൾ പറഞ്ഞു. 'ഫ്രഷ് ആകാമെന്ന്' പറഞ്ഞ് മഡിവാളയിലെ ഫ്‌ളാറ്റിലേക്ക് കുട്ടികളെ ടോം തോമസ് ക്ഷണിച്ചു. കുട്ടികൾ സമ്മതിച്ചതോടെ അവരെ ബസിൽ കയറ്റി വിട്ട ശേഷം ടോം തോമസും ഫെബിൻ റാഫിയും ബൈക്കിൽ പുറകേ പോയി.
പെൺകുട്ടികളെ ഫ്‌ളാറ്റിൽ എത്തിച്ചശേഷം ഇരുവരും പുറത്തേക്ക് പോയി. പിന്നീട് ടോമും ഫെബിനും മദ്യവും ഭക്ഷണവുമായി തിരിച്ചെത്തി. പെൺകുട്ടികളിൽ ഒരാൾക്ക് മദ്യപിക്കുന്ന ശീലമുണ്ടെന്നു പൊലീസ് പറയുന്നു. യുവാക്കൾക്കൊപ്പം മദ്യപിച്ച് സ്വബോധമില്ലാതെ പെരുമാറാൻ തുടങ്ങിയപ്പോൾ ടോം തോമസും ഫെബിൻ റാഫിയും ചേർന്ന് പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചു. മറ്റു പെൺകുട്ടികൾ ബഹളമുണ്ടാക്കി പുറത്തേക്ക് ഓടിയതോടെ നാട്ടുകാർ വിവരം അറിഞ്ഞു.
പൊലീസ് എത്തുമ്പോഴേക്കും അഞ്ച് പെൺകുട്ടികൾ രക്ഷപ്പെട്ടിരുന്നു. ഒരു കുട്ടിയെയും രണ്ടു യുവാക്കളെയും കസ്റ്റഡിയിലെടുത്തു. ബസ് മാർഗം നിലമ്പൂർ എടക്കരയിൽ എത്തിയപ്പോഴാണ് നാല് പെൺകുട്ടികളെ പിടികൂടിയത്. ഒരു പെൺകുട്ടിയെ പിന്നീട് ബെംഗളൂരുവിൽനിന്നു കോഴിക്കോട്ടേക്കുള്ള സ്വകാര്യ ബസിൽ മാണ്ഡ്യയിൽ വച്ചു കണ്ടെത്തി.
എടക്കരയിൽ പിടിയിലായ നാല് പെൺകുട്ടികളെ ഇന്നലെ വൈകിട്ടും കർണാടകയിൽ പിടിയിലായ പെൺകുട്ടികളെയും ടോം തോമസ്, ഫെബിൻ റാഫി എന്നിവരെയും ഇന്നു പുലർച്ചെയുമാണ് കോഴിക്കോട്ടെത്തിച്ചത്. വൈകീട്ടോടെ ചേവായൂർ പൊലീസ് സ്റ്റേഷനിലെത്തിച്ച കുട്ടികളെ വൈദ്യപരിശോധനയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കി ജുവനൈൽ ഹോമിലെത്തിച്ചു. ബെംഗളൂരുവിൽ കണ്ടെത്തിയ കുട്ടികളെയും ഇവർക്കൊപ്പമുള്ള യുവാക്കളെയും കൊണ്ട് പൊലീസ് സംഘം പുലർച്ചെ രണ്ടുമണിയോടെയാണ് കോഴിക്കോട്ട് എത്തിയത്.
ബംഗളൂരുവിൽ നിന്ന് ഗോവയിലേക്ക് പോകാനായിരുന്നു പദ്ധതിയെന്നും പെൺകുട്ടികൾ പൊലീസിനോട് പറഞ്ഞു. പെൺകുട്ടികളിൽ ഒരാൾക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. കൂടെയുള്ളവരെയും വൈദ്യപരിശോധനയ്ക്ക് വിധേയമാക്കും.
വെള്ളിമാടുകുന്നിലെ ചിൽഡ്രൻസ് ഹോമിൽ നിന്ന് ഒളിച്ചോടിയ കുട്ടികളുടെ രഹസ്യമൊഴി രേഖപ്പെടുത്താനാണ് തീരുമാനം. ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റാണ് മൊഴി രേഖപ്പെടുത്തുക. ബാലികാമന്ദിരത്തിൽ നിന്ന് രക്ഷപ്പെട്ട് ബെംഗളൂരുവിലെത്തിയ ആറ് പെൺകുട്ടികളിൽ നാലുപേരാണ് ഇന്നലെ ഐലന്റ് എക്സ്‌പ്രസ് വഴി പാലക്കാട്ടെത്തിയത്. തുടർന്ന് മലപ്പുറം എടക്കരയിലേക്ക് ബസിലെത്തിയ കുട്ടികളെ എടക്കര പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
കോഴിക്കോട് വെള്ളിമാടുകുന്നിലെ ചിൽഡ്രൻസ് ഹോമിന് സുരക്ഷാ സംവിധാനം ഒരുക്കണമെന്ന സിഡബ്ല്യുസി നിർദ്ദേശം ഒരു വർഷമായിട്ടും നടപ്പിലാക്കിയിട്ടില്ല. പലതവണ അന്തേവാസികൾ ഒളിച്ചോടിയിട്ടും ബാലികാമന്ദിരം അധികൃതർ ഗുരുതര അലംഭാവം പുലർത്തിയെന്നാണ് ബാലക്ഷേമ സമിതിയുടെ വിലയിരുത്തൽ. സുരക്ഷ ഒരുക്കുന്നതിന് തടസം സാങ്കേതിക കാരണങ്ങളാണെന്ന് പറഞ്ഞ് തടിയൂരുകയാണ് അധികൃതർ. ആറ് പെൺകുട്ടികൾ ബാലികാമന്ദിരത്തിൽ നിന്ന് പുറത്ത് കടന്നതിന് പിന്നാലെയാണ് വെള്ളിമാടുകുന്നിലെ സുരക്ഷാ വീഴ്‌ച്ചയെപ്പറ്റി റിപ്പോർട്ടുകൾ പുറത്തുവരുന്ന്.
17 വയസ് വരെയുള്ള പെൺകുട്ടികളെ താമസിപ്പിക്കുന്ന ഗേൾസ് ഹോമിന് വേണ്ടത്ര സുരക്ഷാ സംവിധാനം ഒരുക്കിയിട്ടില്ല. ചുറ്റുമതിൽ പലയിടത്തും തകർന്ന നിലയിലാണ്. അനായാസമായി ആർക്കും എപ്പോൾ വേണമെങ്കിലും പുറത്ത് കടക്കാനും അകത്തേക്ക് കയറാനുമാകും. ആവശ്യത്തിന് സുരക്ഷാ ജീവനക്കാരോ, അന്തേവാസികളെ പരിപാലിക്കാൻ വാർഡർമാരോ ഇല്ല.
ജെൻഡർ പാർക്ക് അടക്കമുള്ള പൊതുഇടങ്ങളുള്ള ഇവിടെ നിരീക്ഷണത്തിനായി ഒരു ജീവനക്കാരൻ മാത്രമാണുള്ളത്. അകത്ത് കയറുന്നവർ എവിടേക്ക് പോകുന്നെന്ന് നിരീക്ഷിക്കാൻ മറ്റ് സംവിധാനങ്ങളൊന്നുമില്ല. നേരത്തെയും സമാനരീതിയിൽ കുട്ടികൾ ഒളിച്ചോടാൻ ശ്രമിച്ചിട്ടും അധികാരികൾ നിസ്സംഗത പുലർത്തുകയാണ്. ഗുരുതര വീഴ്‌ച്ചയാണ് ജീവനക്കാരിൽ നിന്നുണ്ടായതെന്നാണ് ബാലക്ഷേമ സമിതിയുടെ നിരീക്ഷണം.
മറുനാടന് മലയാളി ബ്യൂറോ