കോഴിക്കോട്: 'വെള്ളിമൂങ്ങ' സിനിമയിൽ ബിജുമേനോൻ ചെയ്ത കഥാപാത്രത്തെ ഓർമ്മയില്ലേ. ആരെങ്കിലും മരിച്ചുവെന്ന് കേട്ടാലുടൻ അലക്കിതേച്ച ഖദറുമിട്ട് ഉടൻ റീത്തുമായി ഒറ്റയോട്ടമാണ്. പിന്നെ അവിടെക്കിടന്നങ്ങോട്ട് ആളാകണം.

അതൊന്നും കെട്ടുകഥയല്ലെന്ന് നമ്മെ വീണ്ടും വീണ്ടും ഓർമ്മിക്കുക്കയാണ് നാഷണലിസ്റ്റ് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് അഡ്വ: മുജീബ് റഹ്മാൻ. നടൻ മാമുക്കോയ മരിച്ചെന്നുള്ള വ്യാജ വാട്‌സാപ്പ് സന്ദേശങ്ങൾ പ്രചരിച്ചുകൊണ്ടിരിക്കെയാണ് ആദ്യം അനുശോചിനുള്ള വെപ്രാളത്തിൽ ഇദ്ദേഹം മേലുകീഴ് നോക്കാതെ മാമുക്കോയയുടെ മരണത്തിൽ അനുശോചിച്ചുകൊണ്ട് പ്രസ്താവന ഇറക്കി കോഴിക്കോട്ടെ എല്ലാ മാദ്ധ്യമ സ്ഥാപനങ്ങളുടെയും ഓഫീസുകളിൽ എത്തിച്ചത്.

പ്രശസ്ത നടൻ മാമുക്കോയയുടെ നിര്യാണത്തിൽ നാഷണലിസ്റ്റ് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് അഡ്വ: മുജീബ് റഹ്മാൻ അനുശോചിക്കുന്നു എന്ന റിലീസ് കണ്ടപാടെ ചില മാദ്ധ്യമ പ്രവർത്തകർ അദ്ദേഹത്തെ വിളിച്ചു. എന്നാൽ ഇതിനകം പലരുടെയും തെറിവിളി കേട്ട മുജീബ് നേതാവ് പിന്നെ ഫോണെടുക്കുകയുണ്ടായില്ല. സംഭവം അബദ്ധമായയെന്ന് ബോധ്യമായതോടെ വൈകാതെ തിരുത്തലുമായി മുജീബുമത്തെി.എൻ.വൈ.സിയുടെ ലെറ്റർ പാഡിൽ തന്റെ ഖേദപ്രകടനവും മാദ്ധ്യമ സ്ഥാപനങ്ങളിലത്തെി. വാട്‌സാപ്പ് സന്ദേശങ്ങളെ വിശ്വസിച്ചുപോയതാണ് തന്റെ തെറ്റെന്ന് അദ്ദേഹം തുറന്നു സമ്മതിക്കുന്നു.

പക്ഷേ ഒരുവാർത്ത സ്ഥിരീകരിക്കുന്നതിനുമുമ്പുതന്നെ അനുശോചിച്ചുപോയ ആക്രാന്തത്തെക്കുറിച്ച് അദ്ദേഹത്തിന് ഖേദമില്ല. കാളപെറ്റെന്ന് കേട്ടാൽ കയറെടുക്കുന്ന ഇത്തരം യുവനേതാക്കളാണ് കേരളത്തിന്റെ ശാപമെന്ന് സോഷ്യൽ മീഡിയയിലും വിമർശനം ഉയർന്നിട്ടുണ്ട്.