കോഴിക്കോട്: വയനാട്ടിൽ പൊലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട മാവോയിസ്റ്റിന്റെ പോസ്റ്റുമോർട്ടം റിപ്പോർട്ടിന്റെ കൂടുതൽ വിശദാംശങ്ങൾ പുറത്തുവന്നു. വെടിയേറ്റ് മരിച്ച മാവോയിസ്റ്റ് വേൽമുരുകന്റെ ശരീരത്തിൽ നിന്ന് നാല് വെടിയുണ്ടകൾ കണ്ടെടുത്തുവെന്നതാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിലെ പ്രധാനപ്പെട്ടകാര്യം. കോഴിക്കോട് മെഡിക്കൽ കോളേജിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിലാണ് വെടിയുണ്ടകൾ കണ്ടെടുത്തത്.

ശരീരത്തിൽ നാൽപത് മുറിവുകളും കണ്ടെത്തിയിട്ടുണ്ട്. എക്സറേ പരിശോധനയിലാണ് വെടിയുണ്ടകൾ കണ്ടെത്തിയത്. നെഞ്ചിലും വയറിലും നാൽപതിലധികം മുറിവുകൾ ഉണ്ടെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നുണ്ട്. പരിക്കുകൾ പൊലീസുമായുണ്ടായ ഏറ്റമുട്ടലിലുണ്ടായതാണെന്നും പോസ്റ്റ്മോർട്ടത്തിൽ പറയുന്നു. ശരീരത്തിൽ ബുള്ളറ്റ് തുളച്ചുകയറിയ പാടുകളുണ്ടായിരുന്നു. തുടർന്നായിരുന്നു എക്സ്റേ പരിശോധനയ്ക്ക് വിധേയമാക്കിയത്. ഇത് പ്രാഥമിക പരിശോധന റിപ്പോർട്ടാണ്. കൂടുതൽ വിവരങ്ങൾ പിന്നീട് പുറത്തുവിടും.

അതേസമയം പൊലീസ് വാദത്തിന് ഘടകവിരുദ്ധമായാണ് പ്രദേശവാസികൾ നൽകുന്ന മൊഴി. ചൊവ്വാഴ്ച രാവിലെ ഒൻപത് മണിയോടെയാണ് ഏറ്റുമുട്ടൽ നടന്നതെന്ന വാദം തെറ്റാണെന്നാണ് ആദിവാസികൾ പറയുന്നത്. രാവിലെ ഏഴുമണിയോടെ തന്നെ തുടരെയുള്ള വെടിയൊച്ചകൾ കാട്ടിൽ കേട്ടിരുന്നതായി കോളനിവാസികൾ പറയുന്നതായി ഏഷ്യാനെറ്റ് റിപ്പോർട്ട് ചെയ്യുന്നു.

ഏറ്റുമുട്ടലിൽ തമിഴ്‌നാട് സ്വദേശിയായ വേൽമുരുകനാണ് കൊല്ലപ്പെട്ടത്. ഇത് ചൂണ്ടിക്കാട്ടി മാവോയിസ്റ്റുകൾ ഇവിടെ ക്യാംപ് ചെയ്തിരുന്നില്ലെന്നും മറ്റൊരു സ്ഥലത്തേക്ക് നീങ്ങുമ്പോൾ തണ്ടർബോൾട്ട് സംഘത്തിന്റെ മുന്നിൽപെടുകയായിരുന്നുവെന്നും ജില്ലാ പൊലീസ് മേധാവി ജി. പൂങ്കുഴലി വിശദീകരിച്ചു.

നവംബർ മൂന്നിനായിരുന്നു മാവോയിസ്റ്റുകൾക്കെതിരെ പൊലീസിന്റെ ഏറ്റുമുട്ടൽ. ഒൻപത് മണിയോടെ ആദ്യം മാവോയിസ്റ്റ് സംഘമാണ് വെടിവെച്ചതെന്നും തിരിച്ചുള്ള വെടിവെയ്‌പ്പിലാണ് വേൽമുരുകൻ കൊല്ലപ്പെട്ടതെന്നുമാണ് എസ്. പി പറഞ്ഞത്. മാനന്തവാടി എസ്‌ഐ ബിജു ആന്റണിക്കും തണ്ടർബോൾട്ട് അംഗങ്ങൾക്കും നേരെയാണ് മാവോയിസ്റ്റ് സംഘം വെടിയുതിർത്തതെന്ന് പൊലീസ് നേരത്തെ പറഞ്ഞിരുന്നു.

മഞ്ചക്കണ്ടി ഏറ്റുമുട്ടൽ കൊല നടന്ന വാർഷികത്തിൽ മാവോയിസ്റ്റുകൾ ആക്രമണത്തിന് പദ്ധതിയിട്ടിരുന്നതായും പൊലീസ് നേരത്തെ പറഞ്ഞിരുന്നു. വനം വകുപ്പ് ഓഫീസ്, പൊലീസ് സ്റ്റേഷൻ എന്നിവ ആക്രമിക്കാൻ പദ്ധതിയിട്ടു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ തെരച്ചിലിലാണ് ഏറ്റുമുട്ടലുണ്ടായതെന്നും പൊലീസ് പറഞ്ഞിരുന്നു.

അതേസമയം ഏറ്റുമുട്ടൽ വ്യാജമാണെന്ന് കാണിച്ച് പ്രതിപക്ഷ കക്ഷികളടക്കമുള്ളവർ രംഗത്തെത്തിയിരുന്നു. ഇതിനിടയിലാണ് വെടിയൊച്ച കേട്ടത് സംബന്ധിച്ച കാര്യത്തിലും തർക്കമുണ്ടാവുന്നത്.