കോട്ടയം: വീട് നിർമ്മിക്കാൻ ബോബി ചെമ്മണ്ണൂർ വലിയ സാമ്പത്തിക സഹായം നൽകിയില്ലെന്ന് പ്രധാനമന്ത്രിയുടെ പ്രശംസ ഏറ്റുവാങ്ങിയ മഞ്ചാടിക്കരി നടുവിലേത്ത് എൻ.എസ് രാജപ്പനും കുടുംബവും. 25 ലക്ഷം രൂപ ബോബി ചെമ്മണ്ണൂർ നൽകി എന്ന് നാട്ടുകാർ പറഞ്ഞു പരത്തുന്നുണ്ട്. 50,000 രൂപയാണ് അദ്ദേഹം സഹായം നൽകിയത്. വീട് നിർമ്മിക്കുന്ന കാര്യം പറഞ്ഞിട്ടില്ല എന്നും രാജപ്പനും കുടുംബവും മറുനാടനോട് പ്രതികരിച്ചു.

നാട്ടുകാരെല്ലാം പറഞ്ഞത് എനിക്ക് 25 ലക്ഷം രൂപയുടെ ചെക്കാണ് ബോബി നൽകിയത് എന്നാണ്. എന്നാൽ 50,000 രൂപ മാത്രമാണ് നൽകിയത്. ചെറിയൊരു സഹായം എന്ന് പറഞ്ഞ് ഒരു കവറിലിട്ടാണ് പണം നൽകിയത്. പിന്നീട് നാടു നന്നാക്കുന്ന രാജപ്പൻ ചേട്ടനാണ് വലിയവൻ എന്നും കോട്ടയത്തു നിന്നും സഹായിക്കാനായി കുറച്ചാളുകളെ അയക്കാമെന്നും പറഞ്ഞിരുന്നു. ഇത് മാത്രമാണ് ബോബി ചെയ്തത്. പിന്നീട് പത്രങ്ങളിൽ വീട് വയ്ക്കാൻ ധനസഹായം നൽകി എന്ന വാർത്തകൾ കൂടി വന്നതോടെ എല്ലാവരും എനിക്ക് വലിയ തുകയാണ് കിട്ടിയത് എന്ന് വിശ്വസിച്ചു. അതിന്റെ യാഥാർത്ഥ്യം ജനങ്ങൾ അറിയാനാണ് ഇപ്പോൾ ഇത് പറയുന്നതെന്നും രാജപ്പൻ മറുനാടനോട് പറഞ്ഞു.

മോട്ടോർ പുരയോട് ചേർന്നുള്ള ഒരു പൊട്ടി പൊളിഞ്ഞ കൂരയിലാണ് അന്തിയുറക്കം. ഭക്ഷണം കഴിക്കാൻ സഹോദരിയുടെ വീട്ടിലേക്ക് വരും. ചിലപ്പോഴൊക്കെ വള്ളത്തിൽ കായലിൽ തന്നെ കിടക്കും. മരിക്കുന്നതിന് മുൻപ് സ്വന്തമായുള്ള ഒരു വീട്ടിൽ കിടക്കണമെന്നാണ് ആഗ്രഹം. സർക്കാരിന് പല തവണ അപേക്ഷ നൽകിയിട്ടും ഫലമുണ്ടായില്ല. വീട് അനുവദിക്കാമെന്ന് എല്ലാവരും പറയും. എന്നാൽ പിന്നെ ആരെയും ഈ വഴി കാണാറില്ല. ഇപ്പോൾ ബോബി വീട് വയ്ക്കാൻ ധനസഹായം നൽകി എന്ന വാർത്ത വന്നതോടെ ഇനി സഹായം ലഭിക്കുമെന്ന് പ്രതീക്ഷ ഇല്ല. പക്ഷേ ആകെ ലഭിച്ചത് 50,000 രൂപ മാത്രമാണെന്ന് എല്ലാവരും അറിയണം-രാജപ്പൻ പറയുന്നു.

പണം നൽകിയതിന് ഒരുപാട് സന്തോഷമുണ്ട്. ആളുകളുടെ തെറ്റിദ്ധാരണ മാറ്റാൻ വേണ്ടി മാത്രമാണ് ഇങ്ങനെ ഒരു തുറന്ന് പറച്ചിൽ. ബോബിയെ ഒരിക്കലും കുറ്റപ്പെടുത്തുകയുമല്ല എന്നും രാജപ്പൻ പറഞ്ഞു. എല്ലാവരും 25 ലക്ഷം രൂപ ബോബി ചെമ്മണ്ണൂർ നൽകി എന്ന് പറഞ്ഞു പരത്തുമ്പോൾ സഹോദരിയായ ഞാൻ അത് തട്ടിയെടുത്തു എന്ന് എല്ലാവരും കരുതും. അത്തരത്തിൽ ഒരു പേരുദോഷം കേൾക്കാതിരിക്കാനാണ് ഇത് തുറന്ന് പറഞ്ഞത് എന്ന് സഹോദരിയും ഭർത്താവും പറഞ്ഞു.

പോളിയോ ബാധിച്ച് ജന്മനാതന്നെ കാലുകൾ തളർന്നായിരുന്നു ജനനമെന്നു രാജപ്പൻ പറയുന്നു. അതു കാരണം സ്‌കൂളിൽപ്പോയി വിദ്യാഭ്യാസം നേടാനും സാധിച്ചില്ല. കുമരകത്തും പരിസരത്തുമായിട്ടായിരുന്നു ജീവിതം. കാൽവലിച്ച് കൈകുത്തി യാത്ര ചെയ്യും. 15 വർഷങ്ങൾക്കു മുൻപാണു കായലിലെ മാലിന്യങ്ങൾ വാരാൻ തീരുമാനിക്കുന്നത്. ചെറിയ വരുമാനത്തിനായിട്ടാണു തുടക്കം.

ദിവസക്കൂലിക്ക് വള്ളമെടുത്ത് യാത്ര തുടങ്ങി. കുപ്പിയും പ്ലാസ്റ്റിക് മാലിന്യങ്ങളും ശേഖരിക്കും. അത് ഒരിടത്തു കൂട്ടിവയ്ക്കും. ആക്രി പെറുക്കുകാർക്ക് കൊടുക്കും. അങ്ങനെയായിരുന്നു വേമ്പനാട്ടു കായലിൽ 'ശുചീകരണ' ദൗത്യം ആരംഭിച്ചത്. പുലർച്ചെ അഞ്ചോടെ വീട്ടിൽനിന്നിറങ്ങും. ചില ദിവസം ദൂരം കൂടിയാൽ ഏതെങ്കിലും പാലത്തിന്റെ കീഴിൽ വള്ളം അടുപ്പിച്ച് അതിൽക്കിടന്നുറങ്ങും. ഭക്ഷണത്തിൽ നിർബന്ധമൊന്നുമില്ല. ഇടയ്ക്ക് എപ്പോഴെങ്കിലും എന്തെങ്കിലും കഴിക്കും.

സ്ഥിരമായി കായലിലും ഇടത്തോടുകളിലും കുപ്പിയും പ്ലാസ്റ്റിക്കും പെറുക്കി നടക്കുന്നയാൾ കുമരകത്ത് എത്തുന്നവരുടെ ശ്രദ്ധയിൽപ്പെട്ടു. പലരും രാജപ്പന്റെ ഫോട്ടോ എടുക്കാനായി കൂടെച്ചേർന്നു. എല്ലാവരെയും നോക്കി ചിരിച്ചു കാണിച്ചു രാജപ്പൻ കായൽ ദൗത്യം തുടർന്നു. നിരങ്ങിയാണു വള്ളത്തിൽ കയറുന്നത്. കടവിൽ അടുക്കി വച്ചിരിക്കുന്ന മണൽച്ചാക്കുകളുടെ സഹായത്തോടെ വള്ളത്തിലേക്ക് കയറും. രാജപ്പന്റെ ഈ ജീവിതം പലരുടെയും ശ്രദ്ധയിൽ എത്തി. ദേശീയ തലത്തിൽ വരെ വാർത്തയായി. ഇപ്പോൾ പ്രധാനമന്ത്രിയുടെ അഭിനന്ദനവും എത്തിയിരിക്കുന്നു.

'ഞങ്ങളുടെ ഉത്തരവാദിത്തങ്ങൾ സാക്ഷാത്കരിക്കുന്ന മറ്റൊരു വാർത്ത കേരളത്തിൽനിന്നു ഞാൻ കണ്ടു. കോട്ടയത്ത് എൻ.എസ്.രാജപ്പൻ എന്ന വയോധികനായ ഭിന്നശേഷിക്കാരനുണ്ട്. ശരീരം തളർന്ന രാജപ്പനു നടക്കാൻ സാധിക്കില്ല. പക്ഷെ ശുചിത്വത്തോടുള്ള പ്രതിബദ്ധതയെ ഇതു ബാധിച്ചിട്ടില്ല. കഴിഞ്ഞ കുറെ വർഷങ്ങളായി അദ്ദേഹം വേമ്പനാട് തടാകത്തിൽ വള്ളത്തിൽ പോയി ആളുകൾ വലിച്ചെറിഞ്ഞ പ്ലാസ്റ്റിക് കുപ്പികൾ ശേഖരിക്കുകയാണ്. ചിന്തിക്കുക, രാജപ്പൻജിയുടെ ചിന്ത എത്ര വലുതാണെന്ന് ! രാജപ്പൻ ജിയിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട് നാമും സാധ്യമാകുന്നിടത്തെല്ലാം ശുചിത്വത്തിനു സംഭാവന നൽകണം.'- പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്തു സംസാരിച്ച മൻ കി ബാത്തിൽ രാജപ്പനെ പറ്റി പറഞ്ഞത് ഇങ്ങനെയായിരുന്നു.