ഒരുമിച്ചപ്പോഴൊക്കെ വിസ്മയം സൃഷ്ടിച്ച ടീമാണ് ഗൗതം മേനോനും ചിമ്പുവും എ ആർ റഹ്‌മാനും. മൂവരും വീണ്ടും ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് 'വെന്ത് തുണിന്തത് കാട്. ഇന്നിത ചിത്രത്തിന്റെ ടീസർ അപ്രതീക്ഷിതമായി പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.ആക്ഷൻ പശ്ചാത്തലത്തിലാണ് ചിത്രമൊരുങ്ങുന്നത് എന്നാണ് ടീസർ നൽകുന്ന സൂചന.

അധികം സംഭാഷണങ്ങളില്ലാത്ത ടീസറിൽ എ.ആർ. റഹ്‌മാൻ ആലപിച്ച ഗാനമാണ് പശ്ചാത്തലത്തിൽ. എ.ആർ. റഹ്‌മാൻ തന്നെയാണ് സംഗീതസംവിധാനവും. ജയമോഹനാണ് ചിത്രത്തിന്റെ രചന. സിദ്ധാർത്ഥ നൂനി ഛായാഗ്രഹണവും അന്തോണി എഡിറ്റിങ്ങും താമരൈ ഗാനരചനയും നിർവഹിച്ചിരിക്കുന്നു. ലീ വിറ്റേക്കർ ആണ് സംഘട്ടന സംവിധാനം.

വേൽസ് ഫിലിം ഇന്റർനാഷണലിന്റെ ഭാഗമായി ഡോ. ഇഷാരി കെ ഗണേശ് ആണ് ചിത്രം നിർമ്മിക്കുന്നത്. വിണ്ണൈത്താണ്ടി വരുവായാ, അച്ചം യെൺപത് മടമൈയെടാ എന്നീ ചിത്രങ്ങൾക്ക് ശേഷം ഗൗതം മേനോനും ചിമ്പുവും ഒന്നിക്കുന്ന ചിത്രമാണിത്. മാനാട് ആണ് ചിമ്പുവിന്റേതായി ഈയിടെ പുറത്തിറങ്ങിയ ചിത്രം.