തിരുവനന്തപുരം: കഴിഞ്ഞ സർക്കാർ ഉത്തരവിന് മുമ്പ് വരെ എത്തിച്ച നിർണ്ണായകമായ ഒരു തീരുമാനം ജനോപകാരപ്രധമെന്ന് കണ്ട് വീഴ്ച വരാതെ പുതിയ സർക്കാർ നടപ്പാക്കി. പാവങ്ങളും സമ്പന്നരും അടക്കം എല്ലാ പൗരന്മാരേയും ബാധിക്കുന്ന ഒരു വിഷയമാണ് ഈ ഉത്തരവിലൂടെ സർക്കാർ പരിഹരിച്ചത്. ആധാരം എഴുതാൻ ലൈസൻസുകർ വേണ്ടെന്നും ഏത് സാധാരണക്കാരനും ആധാരം എഴുതാൻ അനുവദിക്കുന്ന ഉത്തവരാണ് ഇന്നലെ പുറത്തിറങ്ങിയത്.

വസ്തുവകകൾ വിൽക്കുകയോ വാങ്ങുകയോ ചെയ്യുന്നവർക്ക് സ്വന്തമായി ആധാരമെഴുതുന്നതിന് അധികാരം നൽകിയാണ് സർക്കാർ ഉത്തരവായി. ആധാരമെഴുത്ത് ലൈസൻസുള്ളവർക്കും അഭിഭാഷകർക്കുമായിരുന്നു ഇതുവരെ ആധാരമെഴുതുന്നതിനുള്ള അധികാരം. ഇനിമുതൽ ആർക്കും അതിനുള്ള അധികാരം കൈവന്നു. ഏറെ സാമൂഹികപ്രസക്തിയുള്ള ഈ തീരുമാനംവഴി, ആധാരമെഴുത്തിന് കനത്ത ഫീസ് നൽകാതെതന്നെ ഇടപാടുകൾ നിയമപരമായി രജിസ്റ്റർ ചെയ്യാൻ കഴിയും. നിലവിൽ ആന്ധ്രപ്രദേശ്, തമിഴ്‌നാട്, മഹാരാഷ്ട്ര, ഹരിയാണ, പഞ്ചാബ് സംസ്ഥാനങ്ങളിൽ ഈ പരിഷ്‌കാരം നേരത്തേ നടപ്പാക്കിയിട്ടുണ്ട്. ഈ മാതൃക പിന്തുടർന്നാണ് കേരളവും ആധാരമെഴുത്തുരംഗത്ത് മാറ്റത്തിന് തുടക്കംകുറിച്ചത്.

രജിസ്‌ട്രേഷൻ വകുപ്പിന്റെ വെബ്‌സൈറ്റിൽ മാതൃകാ ആധാരമുണ്ടാകും. വിൽക്കുകയോ വാങ്ങുകയോ ചെയ്യുന്നയാളിന് ഇതു നോക്കി നിശ്ചിത മുദ്രപ്പത്രത്തിൽ ആധാരമെഴുതാം. നിലവിൽ എഴുതിയ ആളിന്റെ സ്ഥാനത്ത് ലൈസൻസുള്ള ആധാരമെഴുത്തുകാരന്റെ പേരാണ് രേഖപ്പെടുത്തുക.
ഇനിമുതൽ ആരാണോ ആധാരമെഴുതുന്നത് ആ ആളിന്റെ പേര് ചേർത്താൽ മതിയാകും. ഇതിനൊപ്പം രജിസ്‌ട്രേഷൻ വകുപ്പ് ജീവനക്കാർക്ക് ആധാരമെഴുതാൻ നൽകിയിരുന്ന ലൈസൻസും സർക്കാർ റദ്ദാക്കി. വിരമിക്കുന്ന രജിസ്‌ട്രേഷൻ വകുപ്പ് ജീവനക്കാർക്ക്, അപേക്ഷിച്ചാൽ ആധാരമെഴുതാൻ ലൈസൻസ് നൽകിയിരുന്നു. ആധാരമെഴുതാൻ എല്ലാവർക്കും അധികാരം നൽകുന്ന ഉത്തരവിനൊപ്പമാണ് ഈ ഉത്തരവും സർക്കാർ ഇറക്കിയത്.

മൂന്നുലക്ഷംമുതൽ അഞ്ചുലക്ഷംവരെയുള്ള ആധാരങ്ങൾക്ക് 5000 രൂപയാണ് ആധാരമെഴുത്തുകാർക്കായി സർക്കാർ നിശ്ചയിച്ച ഫീസ്. എട്ടുലക്ഷത്തിന് മുകളിൽ എത്ര രൂപയാണെങ്കിലും 7500 രൂപ നൽകിയാൽ മതിയാകും. എന്നാൽ, സാധാരണ ജനങ്ങളുടെ അജ്ഞത മുതലെടുത്ത് കനത്ത ഫീസ് ആധാരമെഴുത്തുകാർ ഈടാക്കിയിരുന്നു. എട്ടുലക്ഷത്തിന് മുകളിലുള്ള ആധാരങ്ങൾക്ക് ഓരോ എട്ട് ലക്ഷത്തിനും 7500 രൂപ വീതം ഈടാക്കിയിരുന്നു. ഇതുസംബന്ധിച്ച് വ്യാപകമായ പരാതിയുയർന്നതിനെത്തുടർന്നാണ് സർക്കാർ ആധാരമെഴുത്ത് മേഖലയിൽ സുതാര്യത ഉറപ്പാക്കാനും നടപടിക്രമം ലളിതമാക്കാനും തീരുമാനിച്ചത്. ആധാരമെഴുത്തിന്റെ ഭാഷ ക്ലിഷ്ടമാണെന്ന പരാതിയുള്ളതിനാലാണ് മാതൃക വെബ്‌സൈറ്റിൽ ലഭ്യമാക്കുന്നത്.

1958ലെ നിയമംവഴിയാണ് ആധാരമെഴുതുന്നതിന് ലൈസൻസ് ഏർപ്പെടുത്തിയിരുന്നത്. ഈരംഗത്ത് അമിതചൂഷണമാണ് നടക്കുന്നതെന്ന പരാതി ഏറെക്കാലമായി നിലനിന്നിരുന്നു. യു.ഡി.എഫ്. സർക്കാറിന്റെ കാലത്തുതന്നെ ഇതുസംബന്ധിച്ച് തീരുമാനമായിരുന്നു. നികുതിസെക്രട്ടറിയായിരുന്ന ഡബ്ല്യു.ആർ.റെഡ്ഡിയാണ് ഇതിന് മുൻകൈയെടുത്തത്. മന്ത്രി അനൂപ് ജേക്കബും പിന്തുണച്ചു. എന്നാൽ, തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനാൽ ഇതുമായി ബന്ധപ്പെട്ട ഗസറ്റ് വിജ്ഞാപനം ഇറങ്ങിയില്ല. ജനങ്ങൾക്ക് ആനുകൂല്യം ലഭ്യമാകുന്ന നടപടിയായതിനാൽ തെരഞ്ഞെടുപ്പ് കമ്മിഷന്റെ അനുമതി ലഭിച്ചതുമില്ല.

പിണറായി വിജയൻ മന്ത്രിസഭ അധികാരത്തിൽ എത്തിയതോടെ ഇക്കാര്യത്തിൽ പുനർചിന്തനമുണ്ടാകുമോ എന്ന സംശയം വ്യാപകമായി. എന്നാൽ ജനക്ഷേമ തീരുമാനം നടപ്പാക്കാൻ തന്നെയായിരുന്നു പിണറായിയുടേയും തീരുമാനം.