പള്ളുരുത്തി: പള്ളുരുത്തി ഭവാനീശ്വരൻ ക്ഷേത്രം ഇന്നലെ വേദിയായത് അപൂർവ്വമായ ഒരു വിവാഹത്തിനായിരുന്നു. കസവുസാരി ചുറ്റി മുല്ലപ്പൂവും ചൂടി തനി നാടൻ പെണ്ണായി എത്തിയ ആ വധു വെനസ്വേലക്കാരി മേഴ്‌സ് മെർലീൻ ആയിരുന്നു. വരനാവട്ടെ കൊച്ചിക്കാരൻ അർജുനും. ഒരിക്കൽ പോലും നേരിൽ കാണാത്ത ഇരുവരുടേയും പ്രണയത്തിനാണ് ഇന്നലെ കൊച്ചി സാക്ഷിയായാത്. പള്ളുരുത്തി ഭവാനീശ്വര ക്ഷേത്രമുറ്റത്തായിരുന്നു വിവാഹം.

ഫേസ്‌ബുക്കിലൂടെയുള്ള പരിചയമാണ് പ്രണയമായി വളർന്നതും വിവാഹത്തിൽ എത്തിയതും. ഇരവുരടേയും പ്രണയ സാഫല്യത്തിന് സാക്ഷ്യം വഹിക്കാൻ ക്ഷേത്രമുറ്റത്ത് അർജുന്റെ ബന്ധുക്കളും സുഹൃത്തക്കളുമൊക്കെ ഉണ്ടായിരുന്നു. ക്ഷേത്ര മേൽശാന്തി പി.കെ. മധുവിന്റെ കാർമികത്വത്തിലായിരുന്നു ചടങ്ങ്.

കൊച്ചി സ്വദേശി മംഗളാനന്ദന്റെയും ആശയുടേയു മകനായ അർജുൻ ഫേസ്‌ബുക്കിലൂടെ ആറു വർഷങ്ങൾക്ക് മുമ്പാണ് മെർലീനെ പരിചയപ്പെടുന്നത്. അന്ന് ദുബായിൽ ജോലി ചെയ്യുകയായിരുന്നു അർജുൻ. ഫേസ്‌ബുക്കിലൂടെയുള്ള ആ പരിചയം വളർന്നു പ്രണയത്തിന് വഴിമാറി. ഒടുവിൽ തന്റെ കാമുകനെ കാണാനാവാതെ ജീവിക്കാൻ കഴിയില്ല എന്ന് മനസ്സിലായതോടെയാണ് മെർലീൻ വേനസ്വേലയിൽ നിന്നും കൊച്ചിയിലേക്ക് വിമാനം കയറിയത്.

വെനസ്വേലയിൽ റൂംബേറാ നെറ്റ്‌വർക്ക് റേഡിയോയിൽ റിപ്പോർട്ടറായിരുന്നു മെർലീൻ. ഒരുമാസം മുമ്പാണ് അർജുനെ കാണാൻ കടലുകൾ കടന്ന് മെർലീൻ കൊച്ചിയിലെത്തിയത്. തന്റെ ബന്ധുവിനൊപ്പമാണ് മെർലീൻ കൊച്ചിയിലെത്തിയത്. പിന്നീട് വിവാഹം തീരുമാനിക്കുകയായിരുന്നു. ഞായറാഴ്ച രാവിലെ ശുഭമുഹൂർത്തത്തിൽ ക്ഷേത്രമുറ്റത്ത് ചടങ്ങ് നടത്താനും തീരുമാനിച്ചു.

വിവാഹത്തിന് ശേഷം കൊച്ചിയിൽ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും സൽക്കാരവുമുണ്ടായിരുന്നു. മെർലീന്റെ ബന്ധുക്കൾ അടുത്തദിവസം കൊച്ചിയിലെത്തും. നേരത്തെ മട്ടാഞ്ചേരി സബ് രജിസ്ട്രാർ ഓഫീസിൽ വിവാഹം രജിസ്റ്റർ ചെയ്തിരുന്നു.