മലപ്പുറം; 2016ൽ പികെ കുഞ്ഞാലിക്കുട്ടി വേങ്ങര പിടിച്ചത് 38057 വോട്ടിനാണ്. എന്നാൽ ഈ വിജയം ആവർത്തിക്കാനുള്ള കരുത്ത് കെഎൻഎ ഖാദറിനില്ല. വേങ്ങരയിലെ ഖാദറിന്റെ വിജയം 20000 വോട്ടുകൾക്ക് മുകളിൽ മാത്രമാകും. വോട്ടുകളുടെ ഈ കുറവ് ലീഗ് ക്യാമ്പിനെ ഞെട്ടിച്ചിട്ടുണ്ട്. 30,000ലേറെ വോട്ടുകളുടെ ഭൂരിപക്ഷം മുസ്ലിം ലീഗ് പ്രതീക്ഷിച്ചിരുന്നു. എന്നാൽ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ഇതിന്റെ അടുത്ത് കെഎൻഎ ഖാദർ എത്തില്ലെന്നാണ് സൂചന. അപ്പോഴും ജയിക്കാനാകുന്നതിന്റെ പ്രതീക്ഷയിലാണ് ഖാദർ. ഇതുകൊണ്ട് തന്നെ നേട്ടം അവകാശപ്പെട്ട് ഇടതു പക്ഷം എത്തുകയാണ്. ലീഗ് കോട്ടയിൽ 2015നേക്കാൾ വോട്ട് കൂടിയത് പിണറായി സർക്കാരിന്റെ മികവാണെന്ന വാദം സി.പി.എം മുന്നോട്ട് വയ്ക്കും.

ഏറ്റവും വലിയ തിരിച്ചടി ബിജെപിക്കാണ്. വേങ്ങരയിൽ ബിജെപിക്ക് വോട്ട് കുറയുമെന്നും വ്യക്തമാണ്. നേട്ടം പോപ്പുലർ ഫ്രണ്ട് പിന്തുണയുള്ള എസ് ഡിപിഐയ്ക്കും. കഴിഞ്ഞ തെരഞ്ഞടുപ്പിനേക്കാൾ കൂടുതൽ വോട്ട് എസ് ഡി പി ഐ ഇതിനോടകം പെട്ടിയിലാക്കി കഴിഞ്ഞു. മൂന്നാം സ്ഥാനത്തിനായുള്ള ബിജെപിയുടേയും എസ് ഡി പി ഐയുടേയും ശക്തമായ പോരാട്ടമാണ് വേങ്ങരിയിൽ കാണുന്നത്. പരമാവധി വോട്ടുകൾ പിടിക്കാനുള്ള ശ്രമമാണ് സി.പി.എം നടത്തിയതെന്നും വ്യക്തം. ഖാദറിന്റെ ഭൂരിപക്ഷം കുറയുന്നത് ലീഗ് കേന്ദ്രങ്ങളെ ഞെട്ടിച്ചിട്ടുണ്ട്. യു.ഡി.എഫിനായി അഡ്വ. കെ.എൻ.എ. ഖാദർ, എൽ.ഡി.എഫിന് അഡ്വ. പി.പി. ബഷീർ, ബിജെപിക്ക് കെ. ജനചന്ദ്രൻ എന്നിവരാണ് മത്സരിച്ചത്. കനത്ത സുരക്ഷയാണ് വോട്ടെണ്ണലിന്റെ ഭാഗമായി വേങ്ങരയിൽ ഒരുക്കിയിരിക്കുന്നത്.

എ.ആർ ഗനർ പഞ്ചായത്തിലെ 28 ബൂത്തുകളും എണ്ണിക്കഴിഞ്ഞപ്പോൾ ഖാദറിന്റെ ലീഡ് 3349 ആയി. വോട്ടിങ് നില: യു.ഡി.എഫ് 10,308 , എൽ.ഡി.എഫ്-7111, ബിജെപി-1359. 2016ൽ കുഞ്ഞാലിക്കുട്ടി അയ്യായിരത്തിൽ ഏറെ ലീഡ് നേടിയിരുന്നു. മലപ്പുറം ലോക്സഭ ഉപതെരഞ്ഞെടുപ്പിൽ ആറായിരത്തിൽ അധികം വോട്ടുകളുടെ ലീഡ് നേടിയിരുന്നു. നിലവിലെ ട്രെൻഡ് നോക്കിയാൽ യു.ഡി.എഫിന് 2016ൽ കിട്ടിയ ഭൂരിപക്ഷം ലഭിക്കാൻ സാധ്യതയില്ലെന്ന സൂചനയാണ് പുറത്തുവരുന്നത്. ആദ്യ റൗണ്ടിൽ എൻ.ഡി.എ സ്ഥാനാർത്ഥി നാലാം സ്ഥാനത്തേക്ക് തള്ളപ്പെട്ടുവെങ്കിലും പിന്നീട് മൂന്നാം സ്ഥാനത്ത് തിരിച്ചെത്തി. വീണ്ടും പിന്നോട്ട് പോയി. എസ്.ഡി.പി.ഐയിലെ കെ.സി നസീർ ആണ് ബിജെപിക്ക് വലിയ വെല്ലുവിളി ഉയർത്തി മുന്നേറുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ എസ് ഡിപി ഐ 3049 വോട്ടാണ് നേടുന്നത്. ഇത് ഉയരുമെന്ന വ്യക്തമായ സൂചനയാണ് പുറത്തുവരുന്നത്.

വോട്ടെണ്ണലിന്റെ ഒരു ഘട്ടത്തിൽ പോലും എൽഡിഎഫ് സ്ഥാനാർത്ഥി പി പി ബഷീറിന് മുന്നിലെത്താൻ സാധിച്ചിട്ടില്ല. വോട്ടെണ്ണൽ പൂർത്തിയായ എല്ലാ പഞ്ചായത്തുകളിലും യുഡിഎഫിന്റെ ഭൂരിപക്ഷത്തിൽ കുറവുണ്ട്. പിഎസ്എംഒ കോളേജിലാണ് വോട്ടെണ്ണൽ പുരോഗമിക്കുന്നത്. പോസ്റ്റൽ വോട്ടുകളും സർവീസ് വോട്ടുകളുമാണ് ആദ്യം എണ്ണിയത്. സർവ്വീസ് വോട്ട് എൽഡിഎഫിന് അനുകൂലമായിരുന്നു. സർവീസ് വോട്ട് ഒരെണ്ണം മാത്രമാണുള്ളത്. പോസ്റ്റൽ വോട്ടുകൾ 20 ഓളം മാത്രമാണ് തിരിച്ചെത്തിയിട്ടുള്ളത്. ഒരു റൗണ്ടിൽ 14 ബൂത്തുകൾ വീതം ആകെ 12 റൗണ്ടുകളിലായി 165 ബൂത്തുകളാണുള്ളത്. പോളിങ് ദിവസം രാവിലെ മുഖ്യമന്ത്രി പൊട്ടിച്ച സോളാർ അന്വേഷണം എന്ന ബോംബ് എങ്ങനെ ബാധിക്കുമെന്ന ആകാംക്ഷയുണ്ടായിരുന്നു.പക്ഷെ ഇതൊന്നും യുഡിഎഫിന്റെ ഭൂരിപക്ഷത്തെ കാര്യമായി ബാധിച്ചില്ലെന്ന് വേണം കരുതാൻ.

ബിജെപി നേതാക്കൾ വിജയം എന്ന അവകാശവാദം തന്നെ ഉയർത്തുന്നില്ല. കഴിഞ്ഞ മലപ്പുറം ഉപതിരഞ്ഞെടുപ്പിൽ വേങ്ങരയിലെ വോട്ട് കുറഞ്ഞത് തിരിച്ചുപിടിക്കുക ബിജെപിക്ക് അഭിമാനപ്രശ്‌നമായിരുന്നെങ്കിലും വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ മൂന്നാം സ്ഥാനത്ത് പോലും ബിജെപിക്ക് എത്താൻ സാധിച്ചിട്ടില്ല.