മലപ്പുറം: വേങ്ങര നിയമസഭാ മണ്ഡലം ഉപതെരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രികയുടെ സൂക്ഷ്മ പരിശോധന പൂർത്തിയായപ്പോൾ എട്ട് സ്ഥാനാർത്ഥികളാണ് പോർക്കളത്തിലുള്ളത്. 14 പേർ പത്രിക നൽകിയതിൽ ആറെണ്ണം സൂക്ഷ്മ പരിശോധനയിൽ തള്ളി. ഇതോടെ എട്ട് പേർ ആദ്യ കടമ്പ കടന്ന് തെരഞ്ഞെടുപ്പ് ഗോതയിലേക്കിറങ്ങിയിരിക്കുകയാണ്. പത്രിക പിൻവലിക്കാനുള്ള അവസാന ദിവസമായ നാളെ(ബുധൻ) സ്ഥാനാർത്ഥികളുടെ പട്ടിക തയ്യാറായാൽ മാത്രമേ അന്തിമ ചിത്രം തെളിയുകയുള്ളൂ.

പ്രധാന മുന്നണികളുടെ ഡമ്മി സ്ഥാനാർത്ഥികളടക്കമുള്ള ആറു പേരുടെ പത്രികയാണ് തള്ളിയത്. അലവിക്കുട്ടി(എൽ.ഡി.എഫ്), അബ്ദുൽ ഹഖ്( മുസ്ലിംലീഗ്), സുബ്രഹ്മണ്യൻ(ബിജെപി), കെ.പത്മരാജൻ(സ്വതന്ത്രൻ), ശിവദാസൻ (ശിവസേന), കെ.എം ശിവപ്രസാദ് (ഇന്ത്യൻ ഗാന്ധിയൻ പാർട്ടി) എന്നിവരുടെ പത്രികയാണ് സൂക്ഷ്മ പരിശോധനയിൽ തള്ളിയത്.

നിലവിൽ മത്സര രംഗത്തുള്ള എട്ടു പേർ ഇവരാണ്: കെ.എൻ.എ ഖാദർ (മുസ്ലിം ലീഗ്), പി.പി ബഷീർ (സിപിഐ.എം), കെ.ജനചന്ദ്രൻ (ബിജെപി), കെ.സി നസീർ (എസ്.ഡി.പി.ഐ), കെ.ഹംസ (സ്വതന്ത്രൻ), ശ്രീനിവാസ് (സ്വാഭിമാൻ പാർട്ടി), എം.വി ഇബ്രാഹീം (ഇന്ത്യൻ ഗാന്ധിയൻ പാർട്ടി), അബ്ദുൽ മജീദ് (സ്വതന്ത്രൻ).

സ്ഥാൻത്ഥികളുടെ എണ്ണത്തേക്കാൾ അപരന്മാർ മത്സര രംഗത്തുണ്ടാവുക മലപ്പുറത്തെ പതിവ് രീതിയാണ്. എന്നാൽ ഇത്തവണ അപരരായി ആരും പത്രിക സമർപ്പിച്ചില്ലെന്നതും 183ാം തവണ മത്സരിക്കാൻ പത്രിക സമർപ്പിച്ച തമിഴ്‌നാട് സ്വദേശി കെ പത്മരാജന്റെ പത്രിക തള്ളിയെന്നതും ഈ തെരഞ്ഞെടുപ്പിന്റെ പ്രത്യേകതയാണ്. അതേസമയം വിമത സ്ഥാനാർത്ഥിയായി എസ്.ടി.യു നേതാവ് അഡ്വ.കെ ഹംസ മത്സര രംഗത്തുള്ളത് മുസ്ലിംലീഗിന് തലവേദനയുമായിട്ടുണ്ട്. മത്സര രംഗത്ത് നിന്ന് പിന്മാററില്ലെന്ന തീരുമാനത്തിലാണ് ഹംസ. നാമനിർദേശ പത്രിക പിൻവലിക്കേണ്ട സാഹചര്യം നിലവിലില്ലെന്നും താൻ മത്സരിക്കുന്നത് കെ.എൻ.എ ഖാദറിനെതിരെയാണെന്നുമാണ് ഹംസ പറയുന്നത്. ഖാദറിനു പകരം മറ്റാര് നിന്നിരുന്നെങ്കിലും താൻ മത്സരിക്കില്ലായിരുന്നുവെന്നാണ് ഹംസയുടെ വാദം. എന്നാൽ ഹംസയെ അനുനയിപ്പിച്ച് പത്രിക പിൻവലിപ്പിക്കാനുള്ള ശ്രമവും നടക്കുന്നുണ്ട്.

1991ൽ കുറ്റിപ്പുറത്ത് പി.കെ കുഞ്ഞാലിക്കുട്ടിക്കെതിരെയും റിബൽ സ്ഥാനാർത്ഥിയായി ഹംസ പത്രിക സമർപ്പിച്ചിരുന്നു. എന്നാൽ ഹംസയെ അനുനയിപ്പിച്ച് അന്ന് മത്സരത്തിൽ നിന്ന് പിന്മാറ്റുകയായിരുന്നു. വെൽഫെയർ പാർട്ടി വേങ്ങര ഉപതെരഞ്ഞെടുപ്പിലും മത്സര രംഗത്തില്ല. നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ വേങ്ങര ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് പ്രത്യേക സ്വാധീനമോ ഗുണമോ ചെയ്യില്ലെന്ന നിലപാടിലാണ് വെൽഫെയർ പാർട്ടി. മണ്ഡലത്തിൽ 2300ൽ അധികം വോട്ടുകളുണ്ടെന്ന് കണക്കാക്കുന്ന വെൽഫെയർ പാർട്ടി ആർക്കു പിന്തുണ നൽകണം എന്നത് തീരുമാനിച്ചിട്ടില്ല. ഇക്കഴിഞ്ഞ മലപ്പുറം ഉപതെരഞ്ഞെടുപ്പിൽ ആർക്കും പിന്തുണ നൽകേണ്ടെന്ന നിലപാടായിരുന്നു വെൽഫെയർ പാർട്ടി സ്വീകരിച്ചത്.

സ്ഥാനാർത്ഥികളുടെ അന്തിമ ചിത്രം തെളിയാൻ മണിക്കൂറുകൾ ബാക്കിയുള്ളപ്പോൾ ഒന്നാം ഘട്ട പ്രചാരണത്തിന്റെ അവസാന ലാപ്പിലാണ് മുന്നണികളും സ്ഥാനാർത്ഥികളും. കുടുംബയോഗങ്ങൾ, കൺവെൺഷനുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, പ്രധാന വ്യക്തികൾ കേന്ദ്രീകരിച്ചായിരുന്നു സ്ഥാനാർത്ഥി പര്യടനം. കൺവെൺഷനുകളിൽ ആരോപണ പ്രത്യാരോപണങ്ങൾ നിറഞ്ഞുനിന്നു.

വേങ്ങര മണ്ഡലത്തിൽ ഇതുവരെ നടത്തിയ വികസനങ്ങൾ മുഖം മിനുക്കൽ മാത്രമാണെന്നും ഇത് ജനങ്ങൾ തിരിച്ചറിയുമെന്നുമുള്ള പ്രചാരണമാണ് ഇടത് ക്യാമ്പിൽ. ഒപ്പം സംസ്ഥാന സർക്കാറിന്റെ ഭരണ നേട്ടങ്ങളും എണ്ണിപ്പറയുന്നുണ്ട്. എന്നാൽ കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ ഭരണത്തിനെതിരെ ഒരുപോലെ ആഞ്ഞടിക്കുന്നതായിരുന്നു യു.ഡി.എഫ് ക്യാമ്പിലെ പ്രചാരണം. മണ്ഡലത്തിൽ അനുകൂല തരംഗമാണെന്നും തികഞ്ഞ ആത്മവിശ്വാസമുണ്ടെന്നുമാണ് ബിജെപി ക്യാമ്പിൽ നിന്നുള്ള പ്രതികരണം.