മലപ്പുറം: വേങ്ങര നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ പ്രതീക്ഷിച്ചതു പോലെ മുസ്ലിംലീഗ് സ്ഥാനാർത്ഥി കെഎൻഎ ഖാദർ ലീഡ് നില ഉയർത്തി മുന്നേറുന്നു. വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ലീഗ് സ്ഥാനാർത്ഥിയുടെ ഭൂരിപക്ഷം എണ്ണായിരം പിന്നിടുന്നു. കുഞ്ഞാലിക്കുട്ടിയുടെ ഭൂരിപക്ഷത്തിന് സമാനമായ ഭൂരിപക്ഷം ഇല്ലെങ്കിലും ഖാദർ വിജയം ഉറപ്പിച്ച നിലയിലാണ്. വോട്ടെണ്ണൽ തിരൂരങ്ങാടി പിഎസ്എംഒ കോളജിൽ പുരോഗമിക്കുകയാണ്. ലീഗ് സ്ഥാനാർത്ഥിയുടെ ഭൂരിപക്ഷം കുറയ്ക്കാൻ സാദിച്ചതിന്റെ ആഹ്ലാദത്തിലാണ് ഇടതു കേന്ദ്രങ്ങൾ.

അതേസമയം മൂന്നാം സ്ഥാനത്തിനായി ബിജെപിയും എസ്ഡിപിഐും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. എസ്ഡിപിഐ നേരത്തെ മൂന്നാം സ്ഥാനത്ത് എത്തിയിരുന്നു. പിന്നീട് ബിജെപി ലീഡ് തിരിച്ചു പിടിച്ചു. ഇപ്പോൾ വീണ്ടും എസ്ഡിപിഐയാണ് മുന്നിൽ നിൽക്കുന്നത്. എ ആർ നഗറിലെ ബൂത്തിലെ വോട്ടുകളാണ് എണ്ണുന്നത്. ഇവിടെ കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കുഞ്ഞാലിക്കുട്ടിക്ക് ലഭിച്ചതിനേക്കാൾ വോട്ടുകൾ കുറവാണ് ഖാദറിന് ലഭിച്ചത്. ഉച്ചയ്ക്കു പന്ത്രണ്ടോടെ അന്തിമഫലമറിയാമെന്നാണു കരുതുന്നത്.

165 ബൂത്തുകളിലെ വോട്ട് 12 റൗണ്ടുകളിലായി എണ്ണും. എട്ടുമണിക്കാണ് വോട്ടെണ്ണൽ തുടങ്ങിയത്. ബുധനാഴ്ചയായിരുന്നു വോട്ടെടുപ്പ്. കനത്ത സുരക്ഷയാണ് വോട്ടെണ്ണലിന്റെ ഭാഗമായി ഒരുക്കിയിരിക്കുന്നത്. യുഡിഎഫിന്റെ സിറ്റിങ് സീറ്റായ വേങ്ങരയിൽ ഇത്തവണ എൽഡിഎഫും ശക്തമായ പ്രചാരണമാണു കാഴ്ചവച്ചത്. ബിജെപിയും മത്സരരംഗത്തുണ്ട്. ഉച്ചയ്ക്കു പന്ത്രണ്ടോടെ അന്തിമഫലമറിയാമെന്നാണു കരുതുന്നത്.

തപാൽ വോട്ട് രാവിലെ എട്ടുവരെ സ്വീകരിക്കും. 7.45ന് വോട്ടിങ് യന്ത്രങ്ങൾ സൂക്ഷിച്ച സ്‌ട്രോങ് റൂം തുറക്കും. നിരീക്ഷകൻ അമിത് ചൗധരി, കലക്ടർ അമിത് മീണ, വരണാധികാരി സജീവ് ദാമോദർ എന്നിവരുടെയും സ്ഥാനാർത്ഥികളുടെയും സാന്നിധ്യത്തിലാണ് മുറി തുറക്കുക. വോട്ടെണ്ണലിന് 14 മേശകളാണ് സജ്ജീകരിച്ചിരിക്കുന്നത്. നിരീക്ഷകന് ആവശ്യമെങ്കിൽ ഉപയോഗിക്കുന്നതിന് ഒരു മേശകൂടിയുണ്ടാകും. സൂപ്പർവൈസർ, സൂക്ഷ്മനിരീക്ഷകൻ, കൗണ്ടിങ് അസിസ്റ്റന്റ് എന്നിങ്ങനെ മൂന്ന് ഉദ്യോഗസ്ഥരാണ് ഓരോ മേശയിലുമുണ്ടാവുക.

യുഡിഎഫ് സ്ഥാനാർത്ഥിയായി കെ.എൻ.എ. ഖാദറും, എൽഡിഎഫ് സ്ഥാനാർത്ഥിയായി പി.പി.ബഷീറും ബിജെപി സ്ഥാനാർത്ഥിയായി കെ. ജനചന്ദ്രനുമാണ് രംഗത്തുള്ളത്. സ്വതന്ത്രരുൾപ്പെടെ ആകെ ആറു സ്ഥാനാർത്ഥികൾ ജനവിധി തേടി. ലോക്സഭാംഗമായതിനെത്തുടർന്ന് മുസ്ലിം ലീഗിലെ പി.കെ.കുഞ്ഞാലിക്കുട്ടി രാജിവച്ച സീറ്റിലേക്കാണ് തിരഞ്ഞെടുപ്പു വേണ്ടിവന്നത്. മുസ്ലിം ലീഗിന്റെ കുത്തക സീറ്റിൽ ആരും അട്ടിമറി പ്രതീക്ഷിക്കുന്നില്ല. ഭൂരിപക്ഷത്തിൽ മാത്രമാണ് ചർച്ച നടക്കുന്നത്. ബിജെപി വോട്ടുകൾ കൂടുന്നുണ്ടോ എന്നതും ചർച്ചയാകും.