- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നക്ഷത്ര വേശ്യാലയത്തിലെ കണ്ണികൾ വഴി മാസപ്പടി വാങ്ങുന്ന പൊലീസുകാർ കണ്ണടച്ചു; പരാതി കമ്മീഷണർക്ക് മുമ്പിലെത്തിയപ്പോൾ നടിക്ക് പിടി വീണു; ഇടപ്പഴിഞ്ഞി സെക്സ് റാക്കറ്റ് കേസിൽ സീരിയൽ താരം വേണിയടക്കമുള്ള പ്രതികൾക്കെതിരെ കുറ്റം ചുമത്തും
തിരുവനന്തപുരം : മലയാള ടെലിവിഷൻ സീരിയൽ താരമുൾപ്പെട്ട തലസ്ഥാനത്തെ ഇടപ്പഴിഞ്ഞി പെൺ വാണിഭക്കേസിൽ സീരിയൽ നടിയടക്കം നാലു പ്രതികളെ ജൂൺ 10 ന് ഹാജരാക്കാൻ തിരുവനന്തപുരം ഒന്നാം അഡീഷണൽ അസിസ്റ്റന്റ് സെഷൻസ് കോടതി ഉത്തരവിട്ടു. സീരിയൽ നടി കിളിമാനൂർ സ്വദേശിനി വേണി എന്ന ആവണിയടക്കം 4 പേരെ കുറ്റം ചുമത്തലിന് ഹാജരാക്കാൻ മ്യൂസിയം പൊലീസ് സർക്കിൾ ഇൻസ്പെക്ടറോടാണ് കോടതി നിർദേശിച്ചത്.
കേസിൽ 1 മുതൽ 4 വരെ പ്രതികളായ അനാശാസ്യ കേന്ദ്ര നടത്തിപ്പുകാരും ഇടപാടുകാരുമായ ജഗതി സ്വദേശി ശ്രീകുമാരൻ നായർ , മഴവിൽ മനോരമ ചാനലിലടക്കം ശ്രദ്ധേയമായ വേഷം ചെയ്ത ആവണി , ബിന്ദു എന്ന ലൗലി , പുനലൂർ സ്വദേശി മാത്യു ജേക്കബ്ബ് എന്ന വിനോദ് എന്നിവരെയാണ് ഹാജരാക്കേണ്ടത്. എറണാകുളം , തിരുവനന്തപുരം ജില്ലകളിലെ വൻകിട ഹോട്ടലുകളും ഫ്ളാറ്റുകളും കേന്ദ്രീകരിച്ച് നക്ഷത്ര വേശ്യാലയം നടത്തുന്ന സംഘത്തിലെ കണ്ണിയാണ് സീരിയൽ താരം എന്നാണ് ആരോപണം.
2009 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഇടപ്പഴിഞ്ഞിയിൽ കുടുംബസമേതം താമസിക്കുന്ന ശ്രീകുമാരൻ നായർ വൻ തുക ഈടാക്കി അനാശാസ്യ പ്രവർത്തനങ്ങൾക്ക് വീട് നൽകി വരികയായിരുന്നു. നാട്ടുകാർ പല ആവർത്തി പരാതിപ്പെട്ടിട്ടും മ്യൂസിയം പൊലീസ് അനങ്ങിയില്ല. നക്ഷത്ര വേശ്യാലയത്തിലെ കണ്ണികൾ വഴി മാസപ്പടി പറ്റുന്നതിനാലാണ് മ്യൂസിയം പൊലീസ് നിഷ്ക്രിയമായതെന്ന് ചൂണ്ടിക്കാട്ടി സ്ഥലവാസികൾ സിറ്റി പൊലീസ് കമ്മീഷണർക്ക് രഹസ്യവിവരം നൽകി.
മ്യൂസിയം പൊലീസ് റെയ്ഡ് വിവരം സെക്സ് റാക്കറ്റിന് ചോർത്തി നൽകി റെയ്ഡ് പൊളിക്കുമെന്ന് മനസ്സിലാക്കിയ കമ്മീഷണർ അതീവ രഹസ്യമായി കന്റോൺമെന്റ് അസി. കമ്മീഷണറെക്കൊണ്ട് റെയ്ഡ് ചെയ്താണ് സംഘത്തെ വലയിലാക്കിയത്. മ്യൂസിയത്തറിയിച്ചാൽ വല പൊട്ടുമെന്ന് ബോധ്യപ്പെട്ടാണ് കമ്മീഷണർ നേരിട്ട് ഓപ്പറേഷൻ നടത്തിയത്. കമ്മീഷണറാഫീസിൽ എത്തിച്ച വാണിഭ സംഘത്തെ ചോദ്യം ചെയ്ത ശേഷം സംഘത്തിനെതിരെ കേസെടുക്കാൻ മ്യൂസിയം പൊലീസിന് കൈമാറുകയായിരുന്നു.
അതേ സമയം 2009 ൽ രജിസ്റ്റർ ചെയ്ത അനാശാസ്യ കേസിൽ 5 വർഷം പിന്നിട്ട ശേഷം 2014 ജൂൺ 30 നാണ് മ്യൂസിയം പൊലീസ് കുറ്റപത്രം സമർപ്പിച്ചത്. ആഴത്തിലുള്ള അന്വേഷണം നടത്തി മുഴുവൻ കണ്ണികളെയും അറസ്റ്റ് ചെയ്ത് റാക്കറ്റിനെ വേരോടെ നിയമത്തിന് മുന്നിൽ ഹാജരാക്കാൻ കമ്മീഷണർ നിർദ്ദേശിച്ചിട്ടും മ്യൂസിയം പൊലീസ് അനങ്ങിയില്ലെന്ന ആക്ഷേപം ഉയർന്നിട്ടുണ്ട്. കേസ് ഡയറി ഫയൽ പൂഴ്ത്തി വച്ച് തെളിവുകൾക്ക് മേൽ ഉറങ്ങിയ മ്യൂസിയം പൊലീസ് ഒടുവിൽ കമ്മീഷണർ സ്ഥലം മാറിപ്പോയ ശേഷം റാക്കറ്റിലെ ഉന്നതരെ ഒഴിവാക്കി ആദ്യ 4 പ്രതികളെ മാത്രം വച്ച് നാമമാത്ര കുറ്റപത്രം കോടതിയിൽ ഹാജരാക്കുകയായിരുന്നു.
ഇമ്മോറൽ ട്രാഫിക് (പ്രിവൻഷൻ) (അസാന്മാർഗിക പ്രവർത്തനം തടയൽ) നിയമത്തിലെ 3 , 4 , 5 (1) , (6) എന്നീ വകുപ്പുകൾ പ്രകാരം 7 വർഷത്തിന് മേൽ ശിക്ഷ വിധിക്കാവുന്ന കുറ്റകൃത്യമായതിനാൽ സെഷൻസ് കോടതി വിചാരണ ചെയ്യേണ്ട ഗൗരവമേറിയ കുറ്റകൃത്യമാണെന്ന് നിരീക്ഷിച്ച തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി കേസ് വിചാരണക്കായി തിരുവനന്തപുരം സെഷൻസ് കോടതിയിലേക്ക് കേസ് കമ്മിറ്റ് ചെയ്യുകയായിരുന്നു. ക്രിമിനൽ നടപടി ക്രമത്തിലെ 193 , 209 എന്നീ വകുപ്പുകൾ പ്രകാരമാണ് വിചാരണക്കായി കമ്മിറ്റ് ചെയ്തയച്ചത്. ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റിന് 7 വർഷം വരെ തടവും പരിധിയില്ലാത്ത പിഴയും ശിക്ഷ വിധിക്കാനധികാരമുണ്ട്. ഇമ്മോറൽ ട്രാഫിക് ( പ്രിവൻഷൻ ) നിയമ പ്രകാരം ചാർജ് ഷീറ്റ് ചെയ്യപ്പെട്ട കേസ് മജിസ്ട്രേട്ട് കോടതി വിചാരണ ചെയ്യേണ്ട കേസാണ്.
വിചാരണക്കൊടുവിൽ തെളിവു മൂല്യം വിലയിരുത്തിയുള്ള കുറ്റ സ്ഥാപനത്തിൽ പ്രതിക്ക് 7 വർഷത്തിന് മേൽ ശിക്ഷ കൊടുക്കണമെന്ന് സി.ജെ.എമ്മിന് തോന്നുന്ന പക്ഷം ശിക്ഷ വിധിക്കാനായി കേസ് റെക്കോർഡുകൾ സെഷൻസ് കോടതിയിലേക്ക് കമ്മിറ്റ് ചെയ്തയച്ചാൽ മതിയാകും. എന്നാൽ കുറ്റകൃത്യത്തിന്റെ ഗൗരവവും രീതിയും സ്വഭാവവും കണക്കിലെടുത്ത സിജെഎം സെഷൻസ് കോടതി വിചാരണ ചെയ്യണമെന്ന് നിരീക്ഷിച്ച് തുടക്കത്തിലേ കേസ് വിചാരണക്കായി കേസ് റെക്കോഡുകൾ 2014 ൽ തന്നെ കമ്മിറ്റ് ചെയ്തയക്കുകയായിരുന്നു. ക്രിമിനൽ നടപടി ക്രമത്തിലെ വകുപ്പ് 323 പ്രകാരമാണ് സി ജെ എം ജില്ലാ സെഷൻസ് കോടതിക്ക് കമ്മിറ്റ് ചെയ്തത്.
മജിസ്ട്രേട്ട് കോടതിയിൽ നിക്ഷിപ്തമായ ഈ വകുപ്പു പ്രകാരം സെഷൻസ് കോടതി വിചാരണ ചെയ്യേണ്ട കേസല്ലെങ്കിൽ പോലും മജിസ്ട്രേട്ടിന് തന്റെ ജയിൽ , പിഴ ശിക്ഷാ അധികാര പരിധിക്ക് മുകളിൽ ശിക്ഷ വിധിക്കാവുന്ന കേസാണെന്ന് തോന്നുന്ന പക്ഷം കേസ് സെഷൻസ് കോടതിക്ക് കമ്മിറ്റ് ചെയ്തയക്കാവുന്നതാണ്. ക്രിമിനൽ നടപടി ക്രമം മജിസ്ട്രേട്ടിന് നൽകുന്ന സവിശേഷമായ അധികാരമാണ് വകുപ്പ് 323 ൽ വിവക്ഷിക്കുന്നത്. കേസിന്റെ എൻക്വയറി , വിചാരണ ഘട്ടത്തിലോ വിധിന്യായത്തിയൽ ഒപ്പിടും മുമ്പുള്ള ഏതു ഘട്ടത്തിലും ഇത്തരത്തിൽ സെഷൻസ് കോടതിക്ക് കമ്മിറ്റ് ചെയ്യാൻ മജിസ്ട്രേട്ടിന് അധികാരമുണ്ട്.