- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊല നടത്തിയ ശേഷം പ്രതികൾ വിളിച്ചത് ആറ്റിങ്ങൽ എംപിയെ എന്ന് ആരോപണം; ലക്ഷ്യം നിറവേറ്റിയെന്ന സന്ദേശം അടൂർ പ്രകാശിന് അയച്ചുവെന്നാണ് മനസ്സിലാക്കുന്നതെന്ന് മന്ത്രി ഇപി ജയരാജൻ; വെഞ്ഞാറമൂട് കൊലപാതകത്തിൽ അടൂർ പ്രകാശിന്റെ പങ്ക് അന്വേഷിക്കണം; മറ്റൊരു കേസിൽ പ്രതികളെ ജാമ്യത്തിൽ ഇറങ്ങാൻ അനുവദിച്ചതും എംപിയെന്ന് സിപിഎം ജില്ലാ സെക്രട്ടറി; വെഞ്ഞാറമൂട്ടിലെ ഇരട്ടക്കൊലയിൽ കോൺഗ്രസിനെ പ്രതിക്കൂട്ടിൽ നിർത്തി ആരോപണങ്ങൾ; അപലപിച്ച് മുല്ലപ്പള്ളിയും ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും
തിരുവനന്തപുരം: വെഞ്ഞാറമൂട്ടിലെ ഇരട്ടക്കൊലയ്ക്ക് പിന്നിൽ കോൺഗ്രസ് പ്രവർത്തകർ തന്നെയാണെന്ന് കൊല്ലപ്പെട്ട മിഥിലാജിന്റെ കുടുംബം. കൊല്ലാൻ ഉദ്ദേശിച്ച് തന്നെയാണ് പത്തോളം വരുന്ന കോൺഗ്രസ് പ്രവർത്തകർ മിഥിലാജിനെയും ഹഖിനെയും ആക്രമിച്ചതെന്നും രാഷ്ട്രീയ വൈരാഗ്യമാണ് ഇതിന് കാരണമെന്നും മിഥിലാജിന്റെ സഹോദരൻ നിസാം പറയുന്നു. ഇതിന് പിന്നാലെ ആറ്റിങ്ങൽ എപി അടൂർ പ്രകാശിനെതിരെ ആരോപണവുമായി മന്ത്രി ഇപി ജയരാജനും രംഗത്തു വന്നു.
കൊല നടത്തിയ ശേഷം പ്രതികൾ വിളിച്ചത് ആറ്റിങ്ങൽ എംപിയെയാണെന്നാണ് ജയരാജൻ പറയുന്നത്. ലക്ഷ്യം നിറവേറ്റിയെന്ന സന്ദേശം അടൂർ പ്രകാശിന് അയച്ചുവെന്നാണ് മനസ്സിലാക്കുന്നതെന്ന് മന്ത്രി ഇപി ജയരാജൻ ആരോപിച്ചു. വെഞ്ഞാറമൂട് കൊലപാതകത്തിൽ അടൂർ പ്രകാശിന്റെ പങ്ക് അന്വേഷിക്കണമെന്ന ആവശ്യവും സംസ്ഥാന മന്ത്രിസഭയിലെ പ്രമുഖൻ മുമ്പോട്ടു വച്ചു. മറ്റൊരു കേസിൽ പ്രതികളെ ജാമ്യത്തിൽ ഇറങ്ങാൻ അനുവദിച്ചതും എംപിയെന്ന് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ ആരോപിച്ചിരുന്നു. ഇതോടെ വെഞ്ഞാറമൂട്ടിലെ ഇരട്ടക്കൊലയിൽ കോൺഗ്രസിനെ പ്രതിക്കൂട്ടിൽ നിർത്തി മുമ്പോട്ട് പോകാനാണ് സിപിഎം നീക്കം. അതിനിടെ കൊലപാതകത്തിൽ കോൺഗ്രസിന് പങ്കില്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രനും രമേശ് ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും അറിയിച്ചു.
കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിനിടയിലെ കലാശക്കൊട്ട് മുതൽ ആരംഭിച്ച രാഷ്ട്രീയ സംഘർഷം ആണ് ഇരട്ട കൊലപാതകത്തിലേക്ക് നയിച്ചത്. കോൺഗ്രസ് പ്രവർത്തകനായ വെള്ളി സജീവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കൊലപാതകം നടത്തിയത്. രണ്ടു മാസങ്ങൾക്കു മുമ്പ് ഡിവൈഎഫ്ഐ നേതാവ് ഫൈസലിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ജയിലിൽ കഴിഞ്ഞ് ജാമ്യത്തിൽ ഇറങ്ങിയവരാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് പറയുന്നു. ഈ കേസിൽ പ്രതികൾക്ക് ജാമ്യം കിട്ടാൻ കാരണം കോൺഗ്രസ് നേതാവാണെന്നാണ് സിപിഎം ആരോപണം. ഇത് തന്നെയാണ് കുടുംബവും മാധ്യമങ്ങളോട് പറയുന്നത്. മൂന്ന് മാസം മുൻപ് പ്രതികൾ സിപിഎം പ്രവർത്തകൻ ഫൈസലിനെ വധിക്കാൻ ശ്രമിച്ചിരുന്നു. അന്ന് പ്രതികളെ രക്ഷിക്കാൻ അടൂർ പ്രകാശ് പൊലീസ് സ്റ്റേഷനിലെത്തിയിട്ടുണ്ട്. അവർ തന്നെയാണ് ഈ കൊലപാതകവും നടത്തിയിരിക്കുന്നതെന്നും ആനാവൂർ നാഗപ്പൻ ആരോപിച്ചിട്ടുണ്ട്.
കോൺഗ്രസ് രാഷ്ട്രീയ ഗൂഢാലോചനയാണ് വെഞ്ഞാറമൂട് തേമ്പാംമൂടിൽ ഡിവൈഎഫ്ഐ പ്രവർത്തകരുടെ കൊലപാതകത്തിന് പിന്നിലെന്ന് സിപിഎം. പറയുന്നു. കേരളത്തിന്റെ സമാധാന അന്തരീക്ഷം തകർത്ത് കലാപം സൃഷ്ടിക്കാനുള്ള കോൺഗ്രസ് നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയരണമെന്നും അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിക്കണമെന്നും സിപിഎം ജില്ല സെക്രട്ടറി ആനാവൂർ നാഗപ്പൻ ആവശ്യപ്പെട്ടു. ഡിവൈഎഫ്ഐ കലിങ്ങിൻ മുഖം യൂനിറ്റ് പ്രസിഡന്റ് ഹഖ് മുഹമ്മദ് (24) തേവലക്കാട് യൂനിറ്റ് ജോയിന്റ് സെക്രട്ടറി മിഥിലാജ് ( 30 ) എന്നിവരാണ് തിങ്കളാഴ്ച പുലർച്ചെ കൊല്ലപ്പെട്ടത്. സംഭവത്തിൽ പ്രതികളെ എല്ലാം പൊലീസ് പിടികൂടിയിട്ടുണ്ട്. ഹഖ് മുഹമ്മദിനെ തേമ്പാംമൂട് ഉള്ള വീട്ടിലേക്ക് കൊണ്ടുവിടാൻ എത്തിയതായിരുന്നു മിഥിലാജ് എന്ന് സിപിഎം പറയുന്നു.
ഡിവൈഎഫ്ഐ. തേലക്കാട് യൂണിറ്റ് ജോ. സെക്രട്ടറിയായ മിഥിലാജും കല്ലിങ്ങിന്മുഖം യൂണിറ്റ് പ്രസിഡന്റായ ഹഖ് മുഹമ്മദും പൊതുപ്രവർത്തന രംഗത്ത് സജീവമായിരുന്നു. ഏതൊരാവശ്യത്തിനും ഓടിയെത്തുന്നവരാണ് ഇരുവരും. ഏറെക്കാലമായി ഡിവൈഎഫ്ഐയിലും പാർട്ടിയിലും പ്രവർത്തിക്കുന്ന ഇരുവരെയും ഇല്ലാതാക്കിയാൽ സിപിഎമ്മിന്റെ വളർച്ച തടയാമെന്ന് അവർ വിചാരിച്ചിരിക്കാം. കൊല്ലുക എന്ന ഉദ്ദേശ്യത്തോടെ തന്നെയാണ് കോൺഗ്രസ് പ്രവർത്തകർ ഇരുവരെയും ക്രൂരമായി ആക്രമിച്ചത്- മിഥിലാജിന്റെ സഹോദരനും തേവലക്കാട് ഡിവൈഎഫ്ഐ. യൂണിറ്റ് സെക്രട്ടറിയുമായ നിസാം വിശദീകരിച്ചു.
മിഥിലാജും ഹഖും നാട്ടിൽ എല്ലാവരുമായി നല്ല ബന്ധമുള്ളവരാണ്. ഹഖിനെ വീട്ടിൽ കൊണ്ടുവിടാൻ പോകുന്നതിനിടെയാണ് കോൺഗ്രസ് പ്രവർത്തകർ മാരകായുധങ്ങളുമായി ആക്രമിച്ചത്. നേരത്തെ ഡിവൈഎഫ്ഐ. പ്രവർത്തകനായ ഫൈസലിനെ വെട്ടിപരിക്കേൽപ്പിച്ച യൂത്ത് കോൺഗ്രസുകാർ തന്നെയാണ് ഇരുവരെയും റോഡിൽ കാത്തിരുന്ന് വെട്ടിവീഴ്ത്തിയത്. ഫൈസലിനെ ആക്രമിക്കാനിടയായ സംഭവത്തിന്റെ തുടർച്ചയായിട്ടാകാം അവർ ഹഖിനെ ലക്ഷ്യമിട്ടെത്തിയത്. ഹഖിനെ സംരക്ഷിക്കാൻ ശ്രമിച്ചപ്പോഴാണ് മിഥിലാജിനെയും കുത്തിവീഴ്ത്തിയത്. അവന്റെ നെഞ്ചിൽ മാരകായുധം കുത്തിയിറക്കിയിരുന്നു. ഹൃദയത്തിൽ ഏഴ് ഇഞ്ച് ആഴത്തിലാണ് കുത്തേറ്റത്.
ഹഖിന്റെ തല വെട്ടിപ്പൊളിച്ചനിലയിലായിരുന്നു. സ്പൈനൽ കോഡിനും വെട്ടേറ്റു. അതിക്രൂരമായിട്ടായിരുന്നു അവരുടെ ആക്രമണം. മിഥിലാജ് ഒരു ഗുണ്ടയോ കൂലിത്തല്ലിന് പോകുന്ന ആളോ അല്ല. അവൻ അധ്വാനിച്ച് കുടുംബം പോറ്റുന്നവനാണ്. ഒന്നോ രണ്ടോ പേർ വന്നാലൊന്നും അവനെ കീഴ്പ്പെടുത്താനാവില്ല. അതിനാലാകാം പത്തോളം പേർ ഒരുമിച്ചെത്തി ഇരുവരെയും ആക്രമിച്ചതെന്നും നിസാം പറഞ്ഞു. കോൺഗ്രസ് പാർട്ടിയുടെ മേൽഘടകങ്ങളുടെ അറിവോടെയല്ലാതെ ഇതൊന്നും നടക്കില്ലെന്നും കോൺഗ്രസ് നേതാക്കൾക്കെല്ലാം അറിവുണ്ടായിരിക്കുമെന്നും അദ്ദേഹം ആരോപിച്ചു.
കൊല്ലപ്പെട്ട മിഥിലാജ് പഴം, പച്ചക്കറി വിൽപ്പനയിലൂടെയാണ് കുടുംബം പോറ്റിയിരുന്നത്. ഭാര്യയും അഞ്ച്, ആറ് വയസ് പ്രായമുള്ള രണ്ടുകുട്ടികളുമുണ്ട്. സഹോദരൻ നിസാം സെക്രട്ടറിയായ ഡിവൈഎഫ്ഐ. തേവലക്കാട് യൂണിറ്റ് കമ്മിറ്റിയിൽ തന്നെയാണ് മിഥിലാജ് ജോ. സെക്രട്ടറിയായി പ്രവർത്തിച്ചിരുന്നത്. സംഭവത്തെ അപലപിച്ച് മുഖ്യമന്ത്രി പിണറായി രംഗത്തു വന്നിരുന്നു. കൊലപാതകത്തിന് നേതൃത്വം നൽകിയവരെ പിടികൂടുന്നതിന് സമഗ്രമായ അന്വേഷണം നടത്തും. ഇക്കാര്യത്തിൽ പൊലീസിന് നിർദ്ദേശം നൽകിയിട്ടുണ്ട്. കൊലപാതകത്തിന് കാരണമായ വിഷയങ്ങളേയും പിന്നിൽ പ്രവർത്തിച്ചവരേയും കണ്ടെത്തുമെന്നും മുഖ്യമന്ത്രി സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കി.
ഇരട്ടക്കൊലപാതകക്കേസിൽ 4 പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. കോൺഗ്രസ് പ്രവർത്തകരായ നജീബ്, അജിത്, ഷജിത്ത്, സതിമോൻ എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. ഗൂഢാലോചനയിൽ പങ്കെടുത്തു, പ്രതികളെ സഹായിച്ചു എന്നീ വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ്.നാലുപേർക്കും ഗൂഢാലോചനയിലും, പ്രതികളെ സഹായിച്ചതിലും പങ്കുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. അതേസമയം മുഖ്യപ്രതികളായ സജീവ്, സനൽ തുടങ്ങിയവരുടെ അറസ്റ്റ് ഉച്ചയോടെ രേഖപ്പെടുത്തും. പ്രതികളെ ചോദ്യം ചെയ്യൽ തുടരുകയാണ്. സജീവ്,സനൽ, അൻസർ, ഉണ്ണി എന്നിവർ ചേർന്നാണ് യുവാക്കളെ വെട്ടിയതെന്ന് പൊലീസ് വ്യക്തമാക്കി. അൻസറും ഉണ്ണിയും അടക്കമുള്ളവരും പിടിയിലായിട്ടുണ്ട്.
മറുനാടന് മലയാളി ബ്യൂറോ