തിരുവനന്തപുരം: വെഞ്ഞാറമൂട് കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ആറു പേരിൽ മൂന്ന് പേർ അറിയപ്പെടുന്ന സിപിഎം പ്രവർത്തകരാണെന്ന ആരോപണവുമായി കോൺഗ്രസും. സിപിഎമ്മിന്റെ രാഷ്ട്രീയ മുതലെടുപ്പ് തുറന്നു കാട്ടാനാണ് ശ്രമം. കോൺഗ്രസ് നേതാവ് ബിആർഎം ഷെരീഫ് ഇതുമായി ബന്ധപ്പെട്ട വിശദാംശങ്ങളും പുറത്തു വിട്ടിട്ടുണ്ട്. ആറ്റിങ്ങൽ എംപി അടൂർ പ്രകാശിനെതിരെ ആരോപണങ്ങൾ സിപിഎം ഉന്നയിക്കുമ്പോഴാണ് ഇത്. ബിആർഎം ഷെരീഫിനെതിരേയും വധ ഭീഷണി ഉയർത്തുന്നുണ്ട്.

വെഞ്ഞാറമൂട് ഇരട്ടക്കൊലക്കേസിലെ പ്രതികളിൽ ചിലരുടെ സിപിഎം ബന്ധം വ്യക്തമാക്കുന്ന ചിത്രങ്ങളും കോൺഗ്രസ് നേതാക്കൾ പുറത്ത് വിട്ടു. പ്രതികളായ സതിമോൻ, നജീബ് എന്നിവരുടെ സിപിഎം ബന്ധമാണ് കോൺഗ്രസ് ഉന്നയിക്കുന്നത്. കൊല്ലപ്പെട്ട മിഥിലാജ് സിപിഎം പ്രവർത്തകരെ ആക്രമിച്ച സംഭവവും കോൺഗ്രസ് ചർച്ചയാക്കുന്നു. വെഞ്ഞാറമൂട് ഇരട്ടക്കൊലക്കേസിലെ പ്രതിയായ സതി സിഐടിയു ബന്ധമുള്ളയാണെന്നാണ് ആരോപണം. സതിയുടെ ഫേസ്‌ബുക്കിലെ ചിത്രങ്ങൾ സിപിഎം ബന്ധത്തിന് തെളിവായി കോൺഗ്രസ് നേതാക്കൾ ഉന്നയിക്കുന്നു. കേസിലെ മറ്റൊരു പ്രതിയും പ്രതികൾ എത്തിയ ബുള്ളറ്റിന്റെ ഉടമയുമായ നജീബിനും സിപിഎം ബന്ധമാണുള്ളത്. എൽഡിഎഫ് മനുഷ്യശൃംഖലയുടെ ചിത്രമാണ് നജീബും ഫേസ്‌ബുക്ക്പ്രൊഫൈലാക്കിയിരിക്കുന്നത്.

കൊല്ലപ്പെട്ട മിഥിലാജ് ആകട്ടെ ഏറെ നാളായി സിപിഎമ്മിന്റെ കണ്ണിലെ കരടും. ഡിവൈഎഫ്ഐ ഏരിയ ജോയിന്റ് സെക്രട്ടറിയും വെഞ്ഞാറമൂട്ടിലെ അറിയപ്പെടുന്ന സിപിഎം ഗുണ്ടയും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ.എ റഹീമിന്റെ അടുത്ത അനുയിയുമായ സഞ്ജയനെ കൊലപ്പെടുത്താൻ ശ്രമിച്ചതടക്കം നിരവധി കേസുകളിലെ ഒന്നാം പ്രതിയാണ് മിഥിലാജ്. കൊലപാതകത്തിന് പിന്നിലെ യഥാർത്ഥ ഗൂഢാലോചനയിലേക്ക് വിരൽ ചൂണ്ടുന്നതാണ് പ്രതികളുടെ സിപിഎം ബന്ധമെന്നാണ് കോൺഗ്രസ് പറയുന്നത്.

വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷനിൽ ക്രൈം നമ്പർ 861/19 എന്ന കേസിൽ ഐ.പി.സി 143, 147, 148, 149, 323, 324, 307 എന്നീ വകുപ്പുകൾ പ്രകാരം മിഥിലാജിനെതിരെ കേസ് നിലനിൽക്കുന്നുണ്ട്. മജിസ്ട്രേറ്റ് കോടതിക്ക് വിചാരണ ചെയ്യാൻ അധികാരമില്ലാത്തതിനാൽ സെഷൻസ് കോടതിയിലാണ് ഇപ്പോൾ കേസ് നടക്കുന്നത്. പാങ്ങോട് പൊലീസ് സ്റ്റേഷനിൽ മറ്റൊരു കേസിലും മിഥിലാജ് ഒന്നാം പ്രതിയാണ്. കല്ലറ പെട്രോൾ പമ്പിനുള്ളിൽ വച്ച് സിപിഎം പ്രവർത്തകനായ ഷറഫുദ്ദീൻ എന്നയാളെ കാറിനുള്ളിൽ കൊലപ്പെടുത്താൻ ശ്രമിച്ചു എന്നതാണ് ഈ കേസ്.

സെക്ഷൻ 143, 147, 148, 149, 294 (ബി), 323, 324, 325, 326, 307 എന്നീ വകുപ്പുകളാണ് ഇതിൽ മിഥുലാജിനെതിരെ ചുമത്തിയിരിക്കുന്നത്. ഈ കേസ് സി.പി 69/15ആം നമ്പർ ആയി നെടുമങ്ങാട് കോടതിയിൽ ഇപ്പോഴും നടന്നുവരുന്നു. പ്ലാക്കീഴ്, വെമ്പായം പ്രദേശങ്ങളിൽ മിഥിലാജിന്റെ നേതൃത്വത്തിൽ നടന്ന ഗുണ്ടാ ആക്രമണത്തിലും ഐ.പി.സി 307 ചുമത്തി വെഞ്ഞാറമൂട് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. നഗരൂർ രാജധാനി കോളേജിൽ നടന്ന ആക്രമണത്തിന് പിന്നിലും മിഥിലാജും കൂട്ടരാണ്. ഇതുമായി ബന്ധപ്പെട്ട കേസും നിലനിൽക്കുന്നു. കൊല്ലപ്പെട്ട മറ്റൊരാളായ മുഹമ്മദ് ഹക്ക് പല അടിപിടി കേസുകളിലും മിഥിലാജിന്റെ സഹായിയായിരുന്നു.

ഇപ്പോൾ സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ആറു പേരിൽ മൂന്ന് പേർ അറിയപ്പെടുന്ന സിപിഎമ്മുകാരാണ്. ഒരാൾ മാത്രമാണ് കോൺഗ്രസ് പ്രവർത്തകൻ. മരുതുംമൂടുള്ള ഡിവൈഎഫ്ഐയുടെ നേതാവായിരുന്ന സുരേഷ് എന്നയാളുടെ ശിഷ്യന്മാരാണ് അറസ്റ്റിലായ സിപിഎം ബന്ധമുള്ള സജീവ്, നജി, സതീശൻ എന്നീ മൂന്ന് പേരും. ഇതിൽ സതീശൻ സിഐ.ടി.യു യൂണിയനിലെ അംഗമാണ്. സതീശന് എതിരെ വിവിധ സ്റ്റേഷനുകളിൽ ഐ.പി.സി 307 പ്രകാരം മൂന്ന് കേസുകൾ നിലനിൽക്കുന്നുണ്ട്. സംഭവം നടന്നതിന് ദിവസങ്ങൾ മുമ്പ് മരുതുംമൂട്ടിലുള്ള സുരേഷ് സാർ എന്ന് വിളിക്കുന്നയാളിന്റെ വീട്ടിൽ വച്ച് ഇവരെല്ലാം ഒത്തുകൂടിയിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്.

ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് എ.എ. റഹീമിന്റെ നാടായ തൈയ്ക്കാട് സമന്വയ നഗറിലും, നെല്ലനാട് പഞ്ചായത്തിലെ മണലിമുക്കിലും നിരന്തരമായ ഗുണ്ടാ ആക്രമണങ്ങളാണ് കഴിഞ്ഞ ഏതാനും മാസമായി നടന്നുവരുന്നത്. ഈ രണ്ടു സ്ഥലത്തും നടന്ന അക്രമങ്ങൾ സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തിയാൽ ഇപ്പോഴത്തെ കൊലപാതകത്തിന് പിന്നിൽ നടന്ന ഗൂഢാലോചനയുടെ ചുരുളഴിയുമെന്ന് കോൺഗ്രസ് പറയുന്നു.