തിരുവനന്തപുരം : വെഞ്ഞാറമൂട്ടിൽ 2 ഡിവൈഎഫ്‌ഐ പ്രവർത്തകർ കൊല്ലപ്പെട്ട കേസിൽ സംഭവസ്ഥലത്തു നിന്നു കണ്ടെടുത്ത 2 വാളുകൾ ആരുടേതെന്നത് ദുരൂഹമായി തുടരുന്നു. കൊല്ലപ്പെട്ടവരുടെ കൈയിലുണ്ടായിരുന്നതാണ് ഈ വാളുകൾ എന്നാണ് സംശയം.

പ്രതികളുടെ വീട്ടിൽ നിന്നു ആയുധങ്ങൾ പിടിച്ചെടുത്തിരുന്നു. ഇതിനു പുറമേ, കൊലപാതകത്തിനു ശേഷം പ്രതികൾ ആയുധങ്ങളുമായി മടങ്ങുന്നതും സ്ഥലത്തെ സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു. ഈ സാഹചര്യത്തിലാണ് അന്വേഷണം പുതിയ തലത്തിലെത്തുന്നത്. അക്രമ സമയത്തെ സിസിടിവി ദൃശ്യങ്ങൾ സൂക്ഷ്മ പരിശോധനയ്ക്ക് വിധേയമാക്കി. ദൃശ്യങ്ങളിൽ ദൂരൂഹതയുണ്ടെന്ന ആക്ഷേപം ഉയർന്നതോടെയാണു സാങ്കേതിക സംവിധാനങ്ങളുടെ സഹായത്തോടെ പരിശോധന നടത്തിയത്. ഇനിയും വിദഗ്ധ പരിശോധനകൾ തുടരും.

കൊല്ലപ്പെട്ടവരെ കുത്തിയത് പ്രതി സജീബ് ആണെന്ന് പൊലീസ് ഏറെക്കുറെ ഉറപ്പിച്ചു. ദൃശ്യങ്ങളിലുള്ളതിനെക്കാൾ കൂടുതൽ പേർ സംഭവസ്ഥലത്ത് ഉണ്ടായിരുന്നു. കേസിൽ അറസ്റ്റിലായ പ്രതികളെ കസ്റ്റഡിയിൽ വാങ്ങുന്നതിനു പൊലീസ് ഇന്ന് കോടതിയിൽ അപേക്ഷ നൽകും. പ്രതികളെ ചോദ്യം ചെയ്യുന്നത് അന്വേഷണത്തിൽ നിർണ്ണായകമാകും.

ആക്രമണ സ്ഥലത്ത് ആദ്യം എത്തിയത് പ്രതികളുടെ സംഘമാണ്. മൂന്നു ബൈക്കുകളിലായി നാല് പേരെത്തി ഇരുപത് മിനിറ്റോളം അവിടെ കാത്തുനിന്നു. അതിന് ശേഷമാണ് കൊല്ലപ്പെട്ടവർ ഉൾപ്പെടുന്ന ആറംഗ സംഘമെത്തുന്നത്. ഇവർ സജീവിന്റെ അടുത്തെത്തിയതോടെ സംഘർഷം തുടങ്ങി. ആദ്യം ഹഖും മിഥിലാജും ഉൾപ്പെടെ നാല് പേർ ചേർന്ന് സജീവിനെ ആക്രമിക്കുന്നു. പിന്നാലെ ഉണ്ണിയും സനലും സജീവിനൊപ്പം ചേരുന്നു. ഇതിനിടയിൽ സജീവ് മിഥിലാജിനെ പിന്നിൽ നിന്ന് പിടിച്ച് നിർത്തി കുത്തുകയായിരുന്നു.

കുത്തേറ്റ മിഥിലാജ് ഓടിപ്പോകുന്നുതും കാണാം. ഇരുപത് മീറ്ററോളം ഓടിയ മിഥിലാജ് റോഡിൽ വീഴുകയായിരുന്നു. ഇതോടെ ഹഖ് ഒഴികെ കൊല്ലപ്പെട്ടവരുടെ സംഘത്തിലെ എല്ലാവരും പിന്തിരിഞ്ഞു. ആദ്യം ചെറുത്തുനിന്ന ഹഖ് പിന്നോട്ട് നടക്കുന്നതിനിടെ നിലത്ത് വീണു. ഇതോടെ സജീവും സനലും ഉണ്ണിയും ചേർന്ന് ആക്രമിച്ച് കൊലപ്പെടുത്തി. ഇതിൽ നിന്നെല്ലാം ഗ്യാങ് വാറിന്റെ സൂചനയാണ് പൊലീസിന് ലഭിക്കുന്നത്.

സജീവും സംഘവും മടങ്ങുമ്പോൾ അവരുടെ കൈവശം ആയുധമുണ്ട്. കൊലപാതകം നടന്ന സ്ഥലത്തുനിന്ന് അന്ന് രാത്രി തന്നെ രക്തം പുരണ്ട രണ്ടു വാളുകൾ കണ്ടെടുത്തത് ആരുടേതെന്ന് കണ്ടെത്തേണ്ടതും അന്വേഷണത്തിൽ നിർണ്ണായകമാകും. ഈ സാഹചര്യത്തിൽ കേസിലെ രണ്ടാം പ്രതി അൻസാർ ഒഴികെ എട്ട് പ്രതികളെയാണ് കസ്റ്റഡിയിൽ വാങ്ങുന്നത്. ഒരാഴ്ച കസ്റ്റഡിയിൽ വേണമെന്നാണ് പൊലീസിന്റെ ആവശ്യം .കേസിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്ന് പരിശോധിക്കുകയാണ് പൊലീസ്

കൃത്യം നടന്ന സ്ഥലത്ത് പന്ത്രണ്ടോളം പേർ ഉണ്ടായിരുന്നതായാണ് വിലയിരുത്തൽ. പ്രതികൾ ആദ്യം നൽകിയ മൊഴികളിലെ വൈരുദ്ധ്യം വിശദമായി അന്വേഷിക്കാനാണ് പൊലീസ് തീരുമാനം. സിസിടിവി ദൃശ്യങ്ങളിൽ നിന്ന് സംഭവം നടന്ന സ്ഥലത്ത് 12 പേർ ഉണ്ട് എന്നാണ് പൊലീസ് അനുമാനം. ഇതിൽ നാല് പേർ കൊല്ലപ്പെട്ട മിഥിലാജിനും ഹഖിനുമൊപ്പം ഉണ്ടായിരുന്നതാണ്. കേസിലെ പ്രധാന സാക്ഷിയായ ഷെഹിന് പുറമെ അപ്പു, ഗോകുൽ, റിയാസ് എന്നിവരാണ് മറ്റ് മൂന്ന് പേർ എന്നാണ് പൊലീസ് പറയുന്നത്.

പ്രതികളായ സജീവ്, ഉണ്ണി, അൻസാർ, സനൽ എന്നിവർക്ക് പുറമെ രണ്ട് പേർ കൂടി സ്ഥലത്തുണ്ടായിരുന്നു എന്നാണ് നിഗമനം. പക്ഷേ ഇതാരൊക്കെയാണെന്ന് പൊലീസിന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. സമീപ പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കൂടി ശേഖരിക്കാനാണ് പൊലീസ് തീരുമാനം. പ്രതികളെയെല്ലാം ഒരുമിച്ച് കസ്റ്റഡിയിൽ വാങ്ങാനാണ് അപേക്ഷ നൽകുക. ഒരുമിച്ചിരുത്തി ചോദ്യം ചെയ്യുന്നത് വഴി ഇക്കാര്യങ്ങളിൽ വ്യക്തത വരുത്താനാണ് പൊലീസിന്റെ ശ്രമം.

കേസിൽ കൊല്ലപ്പെട്ടവരുടെയും പ്രതികളുടെയും ഫോൺ വിവരങ്ങൾ, സിസിടിവി ദൃശ്യം, വാട്‌സാപ് സന്ദേശങ്ങൾ, മറ്റു സമൂഹമാധ്യമ പോസ്റ്റുകൾ എന്നിവയെക്കുറിച്ച് സൈബർ പൊലീസിന്റെ നേതൃത്വത്തിൽ ഇതിനകം അന്വേഷണം ആരംഭിച്ചു. ഡിവൈഎഫ്‌ഐ പ്രവർത്തകരായ മിഥിലാജ്, ഹഖ് മുഹമ്മദ് എന്നിവർ ഓഗസ്റ്റ് 30ന് രാത്രി 11.05നാണു തേമ്പാംമൂട് ജംക്ഷനിൽ കൊല്ലപ്പെട്ടത്. മാസങ്ങളായി മേഖലയിൽ രാഷ്ട്രീയവൈര്യം നിലനിൽക്കുകയാണെന്നും സംഭവത്തിൽ അറസ്റ്റിലായവർ കോൺഗ്രസ് പ്രവർത്തകരാണെന്നും റിമാൻഡ് റിപ്പോർട്ടിലുണ്ട്.

പുല്ലമ്പാറ സ്വദേശികളായ ഷജിത് മൻസിലിൽ ഷജിത് (27), റോഡരികത്ത് നജീബ്(41), ചരുവിള പുത്തൻ വീട്ടിൽ അജിത് (27), റോഡരികത്തു വീട്ടിൽ സതി മോൻ (47), പാറവിളാകത്തു അൻസാർ (29), ചെറുകോണത്തു സജീബ് (35), മദപുരം ചരുവിള സനൽ (32), തടത്തരികത്തു പ്രീജ (30) വാഴവിള ചരുവിള വീട്ടിൽ ഉണ്ണി (ബിജു-49) എന്നിവരാണ് അറസ്റ്റിലായത്. 2 പ്രതികളെ രക്ഷപ്പെടാൻ സഹായിച്ചെന്ന കണ്ടെത്തലിലാണു പ്രീജ അറസ്റ്റിലായത്.

സജീബ്, സനൽ, അൻസാർ, ഉണ്ണി എന്നിവർ കൊലപാതകത്തിൽ നേരിട്ടു പങ്കെടുത്തവരാണെന്നാണു പൊലീസ് പറയുന്നത്. മറ്റു പ്രതികൾ സംഭവസ്ഥലത്ത് എത്തുകയും കൊല ചെയ്തു മടങ്ങിയെത്തിയവരെ രക്ഷപ്പെടാൻ സൗകര്യം ഒരുക്കിയെന്നുമാണു പൊലീസ് നിഗമനം. മുത്തിക്കാവിലെ ഫാം ഹൗസിലും സനലിന്റെ വീട്ടിലും നടന്ന ഗൂഢാലോചനകളിൽ പങ്കെടുത്തവരെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പൊലീസിനു ലഭിച്ചു.