ന്യൂഡൽഹി: പാർലമെന്റ് ചർച്ചകൾ തുടർച്ചയായി തടസ്സപ്പെടുന്നത് രാജ്യപുരോഗതിക്ക് തടസ്സം നിൽക്കുന്നുവെന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. മന്മോഹൻ സിങ്ങിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പാക് ബന്ധ പരാമർശങ്ങളെ ചൊല്ലി കോൺഗ്രസ് സഭാനടപടികൾ തടസ്സപ്പെടുത്തുന്നത് തുടരുന്ന സാഹചര്യത്തിലാണ് രാജ്യസഭ അധ്യക്ഷൻ കൂടിയായ വെങ്കയ്യയുടെ പ്രതികരണം. ഡൽഹിയിൽ പൊതുചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്നും സഭ ചർച്ചകളൊന്നും നടത്താനാവാതെ പിരിയുകയായിരുന്നു. ഇന്നലെയും തന്റെ കന്നിപ്രസംഗവുമായി എത്തിയ സച്ചിന് പ്രസംഗം പോലും നടത്താനാവാതെ കഴിഞ്ഞ ദിവസം ഇതേ പ്രശ്‌നം കാരണം സച്ചിൻ തെൻഡുൽക്കർക്ക് രാജ്യസഭയിലെ തന്റെ ആദ്യ പ്രസംഗം പൂർത്തിയാക്കാൻ പോലും സാധിച്ചിരുന്നില്ല. സാമ്പത്തിക പുരോഗതി ലക്ഷ്യമിട്ട് സമഗ്രമായ പദ്ധതികൾ ആവിഷ്‌കരിച്ച് ഇന്ത്യയെ രാജ്യാന്തരതലത്തിൽ മുൻപന്തിയിലെത്തിക്കാൻ ശ്രമിക്കുകയാണ് സർക്കാർ. എത്രയും പെട്ടെന്ന് മികച്ച സാമ്പത്തികവളർച്ച കൈവരിക്കുകയാണു ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

'ഇന്ത്യ എല്ലാവരുമായും സമാധാനമാണ് ആഗ്രഹിക്കുന്നത്. അതിനാൽത്തന്നെ കഴിഞ്ഞ 10,000 വർഷക്കാലത്തിനിടെ ഒരു രാജ്യത്തെയും അങ്ങോട്ടുപോയി ആക്രമിച്ച ചരിത്രം നമുക്കില്ല. അധിനിവേശത്തിനു മുൻപ് ലോക ജിഡിപിയുടെ (ആഭ്യന്തര മൊത്ത ഉൽപാദനം) 27 ശതമാനവും ഇന്ത്യയിൽ നിന്നായിരുന്നു. ഇക്കാര്യം മനസ്സിലുണ്ടാകണം.

നിലവിലെ വളർച്ചാനിരക്ക് 7.5 ശതമാനത്തിൽ നിന്ന് ഇരട്ടയക്കത്തിലേക്ക് എത്തിക്കുകയെന്നതായിരിക്കണം നമ്മുടെ ലക്ഷ്യം. ലോകത്ത് ഇന്നു മുന്നേറുന്ന ഒരേയൊരു സമ്പദ്വ്യവസ്ഥ ഇന്ത്യയുടേതാണ്. നമ്മുടെ അയൽരാജ്യം പോലും വളർച്ചയിൽ പിന്നോട്ടാണ്. മികച്ച ഭരണനേതൃത്വവും വിവിധ മേഖലകളിൽ നിന്നുള്ള ജനങ്ങളുടെ മികച്ച പ്രകടനവുമാണ് ഇക്കാര്യത്തിൽ രാജ്യത്തെ സഹായിക്കുന്നത്...' അദ്ദേഹം പറഞ്ഞു.

ജിഎസ്ടി, ഡിജിറ്റൽ ഇന്ത്യ, നേരിട്ടുള്ള വിദേശ നിക്ഷേപത്തിനു വാതിൽതുറന്നു കൊടുത്തത്, സ്റ്റാർടപ് ഇന്ത്യ തുടങ്ങിയ ഇന്ത്യൻ നീക്കങ്ങൾ ആഭ്യന്തരവ്യാപാരം വളരുന്നതിനും നിക്ഷേപസാധ്യതയുള്ള രാജ്യമായി ഇന്ത്യയെ മാറ്റാനും ഏറെ സഹായകരമായെന്നും വെങ്കയ്യ വ്യക്തമാക്കി. വികസനവും മികച്ച ഭരണവുമായിരിക്കണം എല്ലാവരുടെയും ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.