ന്യൂഡൽഹി: കേന്ദ്രമന്ത്രി പദവി രാജിവെച്ച് ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് മത്സരിക്കുന്ന വെങ്കയ്യ നായിഡുവിന് പാർട്ടിയിൽ നിന്നുള്ള പടിയിറക്കം വേദന നിറഞ്ഞത്. ചെറുപ്പത്തിൽ അമ്മ നഷ്ടപ്പെട്ട തനിക്ക് പിന്നീട് പാർട്ടിയാണ് എല്ലാമെല്ലാമായതെന്നും അവിടെ നിന്നുള്ള പടിയിറക്കം തന്നെ ഏഐറെ വിഷമിപ്പിക്കുന്നുവെന്നും നായിഡു വ്യക്തമാക്കി.

ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് മത്സരിക്കുന്നതിനായി കേന്ദ്രമന്ത്രിയായിരുന്ന വെങ്കയ്യ നായിഡു നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. പദവികൾ രാജിവച്ചതിന് ശേഷമാണ് നാമനിർദ്ദേശപത്രിക സമർപ്പിച്ചിരിക്കുന്നത്. ഇതോടെ താൻ ഒരു ബിജെപിയുടെ ഭാഗമല്ലെന്നും ഉപരാഷ്ട്രപദത്തിലെത്തിയാൽ ജനാധിപത്യസംവിധാനങ്ങളെ ശക്തിപ്പെടുത്തുന്നതിനായി പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.

എൻഡിഎ തന്നെ ഉപരാഷ്ട്രപതിയായി കണ്ടെത്തിയത് ബഹുമതിയായി കാണുന്നുവെന്നും അദ്ദേഹം പറഞ്ഞു. പരമോന്നതമായ പദവിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടാൽ അതു ഒരു അംഗീകാരമാണെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിയായി തുടരണമെന്ന് ആഗ്രഹിച്ചു എന്നത് തെറ്റാണ്.

അടുത്ത ലോക് സഭാ തെരഞ്ഞെടുപ്പിൽ മോദി അധികാരത്തിൽ തിരികെ എത്തണമെന്നാണ് ആഗ്രഹം. പ്രധാനമന്ത്രിയുടേയും മറ്റ് പാർട്ടി നേതാക്കളുടേയും ഒപ്പമെത്തിയാണ് നാമനിർദ്ദേശപത്രിക സമർപ്പിച്ചത്. മറ്റ് ഘടകക്ഷികളും എൻഡിഎ ഇതര പാർട്ടികളും ഒപ്പം എത്തിയിരുന്നു.