ന്യൂഡൽഹി: കേന്ദ്രമന്ത്രി എം. വെങ്കയ്യ നായിഡു എൻഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാർത്ഥി. വൈകിട്ട് ചേർന്ന ബിജെപി പാർലമെന്ററി പാർട്ടി യോഗത്തിലാണ് തീരുമാനം. വെങ്കയ്യ നായിഡുവിന്റെ പേര് കൂടാതെ സി. വിദ്യാസാഗർ റാവുവിനെയാണ് പരിഗണിച്ചത്. മുൻ ഗവർണർ ഗോപാൽകൃഷ്ണ ഗാന്ധിയാണ് പ്രതിപക്ഷത്തിന്റെ ഉപരാഷ്ട്രപതി സ്ഥാനാർത്ഥി.

മൂന്ന് മാനദണ്ഡമാങ്ങളാണ് ഉപരാഷ്ട്രപതി സ്ഥാനാർത്ഥിക്കായി ബിജെപി നിശ്ചയിച്ചിരുന്നത്. ബിജെപിയുടെയും ആർഎസ്എസിന്റെയും ആശയങ്ങളുമായി യോജിച്ചുപോകണം. രാജ്യസഭ സുഗമമായി മുന്നോട്ടു കൊണ്ടുപോകാനുള്ള കഴിവ് വേണം (സർക്കാരിന് രാജ്യസഭയിൽ ഭൂരിപക്ഷം കുറവാണ്). ബിജെപി ഉൾപ്പെടെ വിവിധ രാഷ്ട്രീയ കക്ഷികളുടെ പിന്തുണ നേടിയെടുക്കാൻ കഴിയണം. ഈ മൂന്ന് മാനദണ്ഡങ്ങളിലും മികവ് പുലർത്താനായതാണ് വെങ്കയ്യ നായിഡുവിന് അവസരം ഒരുക്കിയത് എന്ന് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു.

ബിജെപി.യുടെ പ്രമുഖ നേതാക്കന്മാരിലൊരാളായ ഇദ്ദേഹം 2002 മുതൽ 2004 വരെ പാർട്ടി ദേശീയ അദ്ധ്യക്ഷനുമായിരുന്നുധ1പ. നിലവിൽ നരേന്ദ്ര മോദി സർക്കാരിൽ നഗരവികസന, പാർപ്പിട നഗരദാരിദ്ര്യ നിർമ്മാർജ്ജന, പാർലമെന്ററി കാര്യ വകുപ്പിനുള്ള മന്ത്രിയാണ്. ഇതിനു മുമ്പ് അടൽ ബിഹാരി വാജ്‌പെയ് സർക്കാരിൽ ഗ്രാമവികസനത്തിനുള്ള ക്യാബിനറ്റ് മന്ത്രിയായിരുന്നു.

ഉപരാഷ്ട്രപതി സ്ഥാനാർത്ഥിയായി തന്നെ പരിഗണിക്കുന്നതായുള്ള വാർത്തകൾ പുറത്തു വരുന്ന ഘട്ടത്തിൽ ഇതു സംബന്ധിച്ച വാർത്തകൾ വെങ്കയ്യ നായിഡു നിഷേധിച്ചിരുന്നു. ജനങ്ങളിൽ നിന്ന് അകന്നു നിൽക്കുന്ന ആലങ്കാരിക സ്ഥാനങ്ങളെ താൻ ഇഷ്ടപ്പെടുന്നില്ലെന്നും ആരു നിർബന്ധിച്ചാലും ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് എത്തില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

'ആരെങ്കിലും നിർബന്ധിച്ചെങ്കിൽ തന്നെയും ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് താൻ ഒരിക്കലും മത്സരിക്കാൻ പോകുന്നില്ല. ജനങ്ങളുമായി ചേർന്നു നിൽക്കുന്നതാണ് എന്റെ സന്തോഷം. അവരിൽ ഒരാളായി അവരെ സേവിക്കുക. ആലങ്കാരിക സ്ഥാനങ്ങൾ സ്വീകരിച്ച് ജനങ്ങളിൽനിന്ന് അകന്നുനിൽക്കാൻ ഞാൻ താത്പര്യപ്പെടുന്നില്ല.....' അന്നദ്ദേഹം പറഞ്ഞ വാക്കുകൾ.

രാഷ്ട്രപതി, ഉപരാഷ്ട്രപതി സ്ഥാനങ്ങളിലേക്കു മത്സരിക്കാനും ഉഷ(ഭാര്യ)യുടെ പതിയാകാനാണ് താൻ താത്പര്യപ്പെടുന്നതെന്നും അദ്ദേഹം നേരത്തെ തമാശരൂപേണ പറഞ്ഞിരുന്നു.