- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കറണ്ട് പോയപ്പോൾ ഞെട്ടിയുണർന്ന പന്ത്രണ്ടുകാരി; കൺമുന്നിൽ കണ്ടത് തൂങ്ങി നിൽക്കുന്ന അച്ഛനെ; അയൽവാസികൾ എത്തിയപ്പോൾ തിരിച്ചറിഞ്ഞത് കൂട്ട ആത്മഹത്യ; കടുത്ത സാമ്പത്തിക കടബാദ്ധ്യതയുണ്ടെന്നും വീട് വിറ്റു കടം വീട്ടണമെന്നും എഴുതി വച്ച് പ്രശാന്തും രജിതും ഗിരിജയും മടങ്ങി; വെണ്ണലയെ ഞെട്ടിച്ച് കൂട്ട ആത്മഹത്യ
കൊച്ചി: കടുത്ത സാമ്പത്തിക കടബാദ്ധ്യതയുണ്ട്. വീട് വിറ്റു കടം വീട്ടണം. ആത്മഹത്യ ചെയ്യും മുൻപ് പ്രശാന്ത് എഴുതിയ ആത്മഹത്യാ കുറിപ്പ് ഇങ്ങനെയായിരുന്നു. ഇന്ന് പുലർച്ചെയാണ് പ്രശാന്തും(40) ഭാര്യ രജിത(35)യും രജിതയുടെ അമ്മ ഗിരിജ(65)യെയും വീടിനുള്ളിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. വെണ്ണലയിൽ ശ്രീകല റൂട്ടിലെ ഒരു കുടുംബത്തിലാണ് ഈ ദുരന്തം
പ്രശാന്തിനെ ഹാളിലും ഗിരിജയെ കിടപ്പുമുറിയിലും തൂങ്ങിയ നിലയിലാണ് കണ്ടെത്തിയത്. രജിത ഒന്നാം നിലയുടെ മുറിയിൽ മരിച്ചു കിടക്കുകയായിരുന്നു. പ്രശാന്തിന്റെ സമീപത്ത് നിന്നുമാണ് ആത്മഹത്യാ കുറിപ്പ് പൊലീസ് കണ്ടെടുത്തത്. പ്രശാന്ത് വീടിന് സമീപം നടത്തുകയായിരുന്ന ധാന്യ മില്ല് കുറച്ചു നാളായി നഷ്ടത്തിലായിരുന്നു. ഇതിന്റെ മന പ്രയാസമുണ്ടായിരുന്നു. കടം മറ്റേതെങ്കിലും വിധത്തിൽ ഉണ്ടായിരുന്നോ എന്നും അന്വേഷിക്കുന്നുണ്ട്.
പുലർച്ചെ നാലുമണിയോടെയാണ് മൂവരും മരിച്ച വിവരം വീട്ടിലുണ്ടായിരുന്ന കുട്ടികൾ അറിയുന്നത്. 12 വയസ്സും 6 ആറുവയസ്സും പ്രായമുള്ള പെൺകുട്ടികളാണ്. വൈദ്യുതി പോയപ്പോൾ മുതിർന്ന കുട്ടി എഴുന്നേറ്റപ്പോഴാണ് പിതാവ് തൂങ്ങി നിൽക്കുന്നത് കാണുന്നത്. ഇത് കണ്ട് കുട്ടി നിവിളിക്കുകയും പിന്നീട് അയൽവാസിയെ ഫോണിൽ വിളിച്ച് വിവരം അറിയിക്കുകയും ചെയ്തു. അയൽവാസി ഉടൻ പൊലീസിനെ വിവരം അറിയിച്ചു. പൊലീസെത്തി പ്രഥമിക നടപടികൾ സ്വീകരിക്കുകയും കുട്ടികളെ ബന്ധു വീട്ടിലേക്ക് മാറ്റുകയും ചെയ്തു.
ആത്മഹത്യ ചെയ്യുന്നതിന് മുൻപ് വീട്ടിലെ വൈദ്യുത ബന്ധം വിശ്ചേദിക്കുന്നതിനായി ഷോർട്ട് സർക്യൂട്ട് സൃഷ്ടിച്ചതായി സൂചനയുണ്ട്. കാരണം വൈദ്യുത ബന്ധം പുനഃസ്ഥാപിക്കുന്നതിനായി ശ്രമിച്ചപ്പോൾ മൂന്ന് തവണ വൈദ്യുത പോസ്റ്റിൽ ഫ്യൂസ് പോയി. പിന്നീട് മറ്റ് മാർഗ്ഗം സ്വീകരിച്ച് വൈദ്യുതി എത്തിച്ചാണ് ഇൻക്വസ്റ്റ് നടപടികൾ പൊലീസ് പൂർത്തിയാക്കിയത്.
മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റും. പാലാരിവട്ടം പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
മറുനാടൻ മലയാളി കൊച്ചി റിപ്പോർട്ടർ.