തിരുവനന്തപുരം: ബിജെപി സമരപന്തലിന് മുന്നിൽ ആത്മഹത്യക്ക് ശ്രമിക്കുകയും വൈകുന്നേരത്തോടെ മരണമടയുകയും ചെയ്ത വേണുഗോപാലൻനായരുടെ മരണമൊഴി പുറത്ത്. തനിക്ക് സമൂഹത്തോട് വെറുപ്പാണെന്നും തുടർന്ന് ജീവിക്കാൻ താൽപര്യമില്ലാത്തതിനാൽ അവസാനിപ്പിക്കുന്നുവെന്നുമാണ് മജിസ്‌ട്രേറ്റിന് മുന്നിൽ നൽകിയ മരണ മൊഴി. ആത്മഹത്യ ചെയ്യാൻ തന്നെ ആരും പ്രേരിപ്പിച്ചിട്ടില്ലെന്നും വേണുഗോപാലൻ നായർ പറഞ്ഞു. ഇയാളുടെ മരണത്തിനെ തുടർന്ന് വലിയ രീതിയിലുള്ള ആരോപണങ്ങളാണ് ബിജെപി ഉന്നയിച്ചത്.

മരണത്തിന് ഉത്തരവാദികൾ സംസ്ഥാന സർക്കാരണ് എന്ന് ആരോപിച്ചാണ് ഇന്ന് സംസ്ഥാന വ്യാപകമായി ഹർത്താലിനും ബിജെപി ആഹ്വാനം ചെയ്തതും.വ്യാഴാഴ്ച പുലർച്ചെ 1.30 ഓടെയാണ് സെക്രട്ടറിയേറ്റിന് മുന്നിൽ ബിജെപി നേതാവ് സി.കെ. പത്മനാഭൻ നിരാഹാര സമരം നടത്തുന്ന സമരപ്പന്തലിന് മുന്നിൽ വച്ച് വേണുഗോപാലൻ നായർ ആത്മഹത്യക്ക് ശ്രമിച്ചത്. സമരപ്പന്തലിന് എതിർവശത്തെ റോഡിലെത്തിയ വേണുഗോപാലൻ ദേഹത്ത് പെട്രോളൊഴിച്ച് തീ കൊളുത്തുകയായിരുന്നു. ഇതുകണ്ട് സമരം ചെയ്യുന്ന നേതാക്കൾ ഉണർന്നു. ഉടൻ നേതാക്കളും പ്രവർത്തകരും ചേർന്ന് പന്തലിലുണ്ടായിരുന്ന വെള്ളം ഉപയോഗിച്ച് തീകെടുത്തി. ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരും സഹായിച്ചു. തുടർന്ന് 15 മിനിട്ടിനകം ഇയാളെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.

ഇന്നലെ ഇയാളുടെ മരണമൊഴി പുറത്ത് വന്നതിന് പിന്നാലെ അത് തെറ്റാണെന്ന ആരോപണവുമായി ബിജെപി രംഗത്ത് എത്തിയിരുന്നു. തന്റെ സഹോദരന്റെ മൊഴി ആരും രേഖപ്പെടുത്തിയില്ലെന്നാണ് മരിച്ച വേണുഗോപാലിന്റെ സഹോദരൻ ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞത്.ജീവിത നൈരാശ്യം മൂലവും തുടർന്ന് ജീവിക്കുവാൻ ആഗ്രഹം ഇല്ലാത്തതുകൊണ്ടുമാണ് കൃത്യം ചെയ്തതെന്നും മരണ വെപ്രാളത്തിൽ സമരപന്തലിന് സമീപത്തേക്ക് ഓടിയതാണെന്നും ഇയാൾ മജിസ്‌ട്രേറ്റിന് മൊഴി നൽകിയിട്ടുണ്ട് എന്ന് കഴിഞ്ഞ ദിവസം തന്നെ പൊലീസ് വ്യക്തമാക്കിയിരുന്നു.

വ്യാഴാഴ്ച വെളുപ്പിന് 01.30 മണിയോട് കൂടിയാണ് മുട്ടട അഞ്ചുമുക്ക് ആനൂർ വീട്ടിൽ ശിവൻനായരുടെ മകൻ വേണുഗോപാലൻ നായർ (49) ശരീരത്തിൽ തീ കൊളുത്തിയത്. സ്ഥലത്തുണ്ടായിരുന്ന പേട്ട പൊലീസ് സ്റ്റേഷൻ സബ്ബ് ഇൻസ്‌പെക്ടർ പ്രതാപചന്ദ്രൻ.ആർ.കെ യും സംഘവും ചേർന്ന് തീ കെടുത്തുകയും പൊള്ളലേറ്റയാളെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു.

വേണുഗോപാലൻ നായരുടെ മൃതശരീരം ബിജെപിയുടെ സമരപ്പന്തലിൽ എത്തിച്ചു. രാവിലെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയതിന് ശേഷം നിരവധി ബിജെപി പ്രവർത്തകരുടെ അകമ്പടിയോടെയാണ് മൃതശരീരം സമരപ്പന്തലിൽ എത്തിച്ചത്. ഉച്ചയ്ക്ക് രണ്ടര മണിയോടെയാണ് മൃതദേഹം എത്തിച്ചത്. ബിജെപി പ്രവർത്തകരുടെ വലി അകമ്പടികളോടെയാണ് മൃതദേഹം എത്തിച്ചത്.

ശബരിമല വിഷയത്തിൽ സെക്രട്ടേറിയറ്റിന് മുന്നിൽ അനിശ്ചിതകാല നിരാഹാര സമരം നടത്തുന്ന ബിജെപി നേതാവ് സി.കെ.പത്മനാഭനും മറ്റ് ബിജെപി നേതാക്കളും മൃതദേഹത്തിൽ അന്ത്യാഞ്ജലി അർപ്പിച്ചു. തുടർന്ന് പ്രവർത്തകരുടെ അകമ്പടിയോടെ മൃതദേഹം സംസ്‌കാരത്തിനായി തിരുവനന്തപുരം ശാന്തികവാടത്തെ ശ്മശാനത്തിലേക്ക് കൊണ്ടുപോയി.ബുധനാഴ്ച പുലർച്ചെ ഒന്നരയോടെയാണ് വേണുഗോപാലൻ നായർ ബിജെപിയുടെ സമരപ്പന്തലിന് സമീപം ശരീരത്തിൽ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചത്. ശരീരത്തിൽ തൊണ്ണൂറ് ശതമാനത്തോളം പൊള്ളലേറ്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച വേണുഗോപാലൻ നായർ വൈകിട്ട് നാലുമണിയോടെയാണ് മരിച്ചത്. മരണത്തിന് ഉത്തരവാദി സംസ്ഥാനസർക്കാർ ആണെന്ന് ആരോപിച്ച് ബിജെപി സംസ്ഥാനവ്യാപകമായി ഹർത്താൽ നടത്തിയിരുന്നു